കുത്തനെ ഉയർന്ന് വിമാന നിരക്ക്, 'ബാക്ക് ടു സ്കൂൾ' മഹോത്സവത്തിൽ 'പൊള്ളുന്ന' പ്രവാസി ഹൃദയം
Mail This Article
ദുബായ് ∙ വേനലവധിക്ക് ശേഷം യുഎഇയിലെ വിദ്യാലയങ്ങൾ ഇൗ മാസം 26ന് തുറക്കാനിരിക്കെ ഇന്ത്യയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നുനിൽക്കുന്നതിനാൽ കുടുംബങ്ങളുടെ തിരിച്ചുവരവ് വൈകും. വീട്ടമ്മമാരായ പലരും മക്കളോടൊപ്പമുള്ള മടക്കയാത്ര കുറച്ച് ദിവസത്തേയ്ക്ക് നീട്ടിവയ്ക്കുന്നു. കുറച്ച് ദിവസത്തെ ക്ലാസുകൾ നഷ്ടമാകുമെങ്കിലും വന്‍ സാമ്പത്തിക ഭാരം ചുമക്കാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാൽ, നേരത്തെ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തിരിച്ചുവന്നുകൊണ്ടിരിക്കുന്നു.
കേരളത്തില്‍ നിന്ന് ഇന്ന് (വ്യാഴം) ദുബായിലേയ്ക്ക് നേരിട്ടുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ടിക്കറ്റ് നിരക്ക് 29,000 ത്തോളം രൂപ വെബ്സൈറ്റിൽ കാണിക്കുന്നു. ഇൗ മാസം അവസാനം ഇത് 30,000 രൂപയിൽക്കൂടുതലാണ്. ഓരോ ദിവസവും നിരക്ക് കൂടുയാണ്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് നിരക്ക് കൂടുതൽ. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതാണ് നിരക്ക് വര്‍ധനയ്ക്ക് കാരണമെന്നാണ് വിമാനക്കമ്പനി അധികൃതരുടെ വാദം.
മാസങ്ങൾക്ക് മുൻപേ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തവർ പോലും 20,000 ത്തിലേറെ രൂപ നൽകേണ്ടി വന്നു. എങ്കിലും നേരത്തെ ബുക്ക് ചെയ്യാത്തവരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. യുഎഇയില്‍ സ്കൂൾ തുറക്കുന്ന സമയമായതിനാൽ കുടുംബങ്ങൾ തിരിച്ചുവരുന്ന തിരക്ക് മുതലാക്കിയാണ് ഇത്തരത്തിൽ കുത്തനെ നിരക്കുയർത്തിയത്. ദുബായ്, ഷാർജ എന്നിവിടങ്ങളിലേയ്ക്കു നേരിട്ടുള്ള വിമാനങ്ങൾക്കാണ് ഏറ്റവും കൂടുതൽ നിരക്ക്.
മുംബൈ, ഡൽഹി വഴി വരികയാണെങ്കിൽ നേരിയ വ്യത്യാസമുണ്ട്. അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേയ്ക്ക് താരതമ്യേന കുറവാണ്. അതുകൊണ്ട് ദുബായ്, ഷാർജ എന്നിവിടങ്ങളിൽ താമസിക്കുന്നവർ പോലും ഇൗ രണ്ട് കേന്ദ്രങ്ങളിലേയ്ക്കാണ് വരുന്നത്. ഇവിടെ നിന്ന് ബസ് സൗകര്യമുള്ളത് തുടർ യാത്ര എളുപ്പമാക്കുന്നു. സീസണിൽ നാട്ടിലേയ്ക്കുള്ള യാത്രയ്ക്കും വൻതുക ടിക്കറ്റിന് നൽകേണ്ടിവന്നിരുന്നു. രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തിന് ഇതുമൂലം വലിയ സംഖ്യയാണ് യാത്രയ്ക്കായി മാത്രം ചെലവഴിക്കേണ്ടത്.
നാട്ടിൽ പ്രായമായ മാതാപിതാക്കളോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ രണ്ടും അതിൽക്കൂടുതലും വർഷങ്ങൾക്കും ശേഷം യാത്ര ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. ക്രെഡിറ്റ് കാർഡുപയോഗിച്ച് ടിക്കറ്റെടുത്തത് മൂലമുണ്ടായ സാമ്പത്തിക ബാധ്യത തീർക്കാൻ ഏറെ മാസങ്ങൾ വേണ്ടി വരുമെന്ന് ഇത്തരത്തിൽ യാത്ര ചെയ്ത കോഴിക്കോട് സ്വദേശി നിധീഷ് ദാസ് മനോരമ ഒാൺലൈനിനോട് പറഞ്ഞു. അതേസമയം, കുത്തനെ കയറിയ വിമാന നിരക്ക് കാരണം ഒട്ടേറെ കുടുംബങ്ങൾ ചുരുങ്ങിയത് ഒരാഴ്ചത്തേയ്ക്ക് മടക്കയാത്ര മാറ്റിവച്ചിട്ടുണ്ട്. ഇൗ മാസം 26ന് സ്കൂളുകൾ തുറക്കുന്നുണ്ടെങ്കിലും മിക്കയിടത്തും ക്ലാസുകൾ സജീവമാകാൻ ഒരാഴ്ചയെങ്കിലും എടുക്കാറുള്ളതാണ് ഏക ആശ്വാസം.
അതേസമയം, ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്‌സ്ബി) അടുത്ത 13 ദിവസത്തിനുള്ളിൽ 34 ലക്ഷത്തിലേറെ അതിഥികളെ സ്വീകരിക്കുമെന്ന് അറിയിച്ചു. പ്രവാസികൾ വേനൽക്കാല അവധി കഴിഞ്ഞ് മടങ്ങുന്നതാണ് ഇൗ യാത്രാ പെരുപ്പത്തിന് കാരണം. പ്രതിദിന ട്രാഫിക്കിന്റെ ശരാശരിയായ 2,64,000 പ്രകാരം ഇൗ മാസം 31നും സെപ്റ്റംബർ 1നും ഇടയിൽ മാത്രം ഡിഎക്‌സ്ബി 5 ലക്ഷത്തിലേറെ അതിഥികളെ സ്വീകരിക്കും. 291,000 അതിഥികളെ ഉൾക്കൊള്ളുന്ന ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും ഇത്. എല്ലാവർക്കും സുഗമമായ യാത്ര ഉറപ്പാക്കാൻ ദുബായ് എയർപോർട്ട്സ് എയർലൈനുകൾ, കൺട്രോൾ അതോറിറ്റികൾ, സേവന പങ്കാളികൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും ദുബായ് എയർപോർട്ട്സ് പറഞ്ഞു.
ഈ മാസം ആദ്യം ദുബായ് രാജ്യാന്തര വിമാനത്താവളം ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ റെക്കോർഡ് (44.9 ദശലക്ഷം) അതിഥികളെ സ്വാഗതം ചെയ്തു. അതിഥികളുടെ എണ്ണത്തിൽ വർഷം തോറും 8 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. ദുബായുടെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിൽ അതിന്റെ കേന്ദ്ര പങ്ക് ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ട് പ്രധാന രാജ്യാന്തര വിപണികളുമായുള്ള ശക്തമായ ബന്ധം കൂടുതൽ ശക്തമാക്കി ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഗേറ്റ്‌വേയായി സ്ഥാനം ഉറപ്പിച്ചു.
പ്രതിഭകൾ, സംരംഭങ്ങൾ, നിക്ഷേപകർ എന്നിവരുടെ ആഗോള കേന്ദ്രമെന്ന നിലയിൽ വളർച്ചയെ പ്രതിഫലിപ്പിക്കുന്ന എച്1 2024-ൽ ദുബായ് 9.31 ദശലക്ഷം രാജ്യാന്തര സന്ദർശകരെ ആകർഷിച്ചു. ദുബായിലെ സാമ്പത്തിക, ടൂറിസം വകുപ്പ് അടുത്തിടെ പുറത്തിറക്കിയ ഈ കണക്കുകൾ ജിഡിപി വളർച്ചയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഇത് 2024 ലെ ഒന്നാം പാദത്തിൽ 115 ബില്യൻ ദിർഹത്തിലെത്തി. മുൻ വർഷത്തേക്കാൾ 3.2 ശതമാനം വർധനവാണ്.