ADVERTISEMENT

റെഡിച്ച് ∙ ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കളുടെ പ്രതീക്ഷിക്കാതെയുണ്ടായ വിയോഗത്തിന്റെ വേദനയിലാണ് ഏറ്റുമാനൂര്‍ സ്വദേശി സുനില്‍ കുമാറും കുടുംബവും. ഒപ്പം റെഡിച്ചിലെ മലയാളി സമൂഹവും. ഭാര്യ കുഴഞ്ഞു വീണു മരിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത അനില്‍ ചെറിയാന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ട വ്യക്തിയാണ് സുഹൃത്തായിരുന്ന സുനില്‍കുമാര്‍. അതിന്റെ ഞെട്ടല്‍ തന്നെ ഇപ്പോഴും വിട്ടു മാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

''ഒന്നിനെ കുറിച്ചും ആശങ്കപ്പെടേണ്ടെന്നും വീസയുടെ കാര്യങ്ങള്‍ ഉള്‍പ്പടെ എല്ലാം ശരിയാക്കാമെന്നും ഉറപ്പു നല്‍കിയിട്ടും അവന്‍ കുഞ്ഞുങ്ങളെ പോലും ഓര്‍ക്കാതെ എന്തിനിതു ചെയ്‌തെന്ന് അറിയില്ല' - സുനില്‍ സങ്കടപ്പെടുന്നു. നാട്ടില്‍ കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്തിരുന്നപ്പോള്‍ മുതലുള്ള സൗഹൃദമാണ് ഇരുവരുടേതും. അനില്‍ യുകെയില്‍ എത്തിയതിനു പിന്നാലെ അതേ സ്ഥലത്തേയ്ക്കു തന്നെ സുനിലും വരികയായിരുന്നു. 

1. അനിൽ ചെറിയാൻ, 2. സോണിയ സാറ ഐപ്പ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
1. അനിൽ ചെറിയാൻ, 2. സോണിയ സാറ ഐപ്പ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

നാട്ടില്‍ നിന്നെത്തി മണിക്കൂറുകള്‍ പിന്നിടും മുമ്പാണ് മുറിയില്‍ കുഴഞ്ഞു വീണ് നഴ്‌സ് സോണിയ സാറ ഐപ്പ് മരിക്കുന്നത്. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും കടുത്ത ആശങ്കയിലും വിഷമത്തിലുമായിരുന്നു അനില്‍. സുഹൃത്തുക്കള്‍ എല്ലാവരും ഈ ദിവസങ്ങളിലെല്ലാം വീട്ടിലുണ്ട്. ബന്ധുക്കള്‍ വന്നതു കൊണ്ടു മാത്രമാണ് അന്നു രാത്രി അദ്ദേഹത്തെ വിട്ടു സുഹൃത്തുക്കള്‍ സ്വന്തം വീടുകളിലേയ്ക്കു പോയത്. അനിലിന്റെ കൂടെ ഒരാളെ കിടത്തുന്നതിനും ഏര്‍പ്പാടാക്കിയിരുന്നു. ഒൻപതു പേര്‍ വീട്ടിലുള്ളപ്പോള്‍ അവരുടെയെല്ലാം കണ്ണു വെട്ടിച്ചാണ് അദ്ദേഹം പുലര്‍ച്ചെയെപ്പോഴോ വീടിനു പുറകിലുള്ള കാട്ടിലേയ്ക്കു പോയത്. 

അനിൽ ചെറിയാൻ, സോണിയ സാറ ഐപ്പ്
അനിൽ ചെറിയാൻ, സോണിയ സാറ ഐപ്പ്

മൂന്നു നിലകളുള്ള വീടിന്റെ ഏറ്റവും മുകളിലെ മുറിയിലാണ് അനില്‍ ഉറങ്ങിയിരുന്നത്. ഇതേ സ്ഥലത്തു വച്ചായിരുന്നു ഭാര്യ സോണിയ മരിച്ചത്. രാത്രിയില്‍ സംസാരിക്കുമ്പോഴെല്ലാം കടുത്ത നിരാശയിലായിരുന്നു അനിലിന്റെ സംസാരം. മുന്നോട്ടുള്ള കാര്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. ഡിപെന്‍ഡന്റ് വീസയിലായതിനാല്‍ നാട്ടിലേയ്ക്കു മടങ്ങേണ്ടി വരുമെന്നതും ബാധ്യതകളുമെല്ലാം അദ്ദേഹത്തെ അലട്ടിയിരുന്നു. ''ഞാന്‍ അവളുടെ കൂടെ പോകുന്നതാണ് നല്ലത്'' എന്ന സംസാരവും ഇടയ്ക്കുണ്ടായി. ഈ സമയത്തെല്ലാം ഒപ്പമുണ്ടായിരുന്നവര്‍ ആശ്വാസ വാക്കുകള്‍ നല്‍കിയെങ്കിലും അതെല്ലാം അദ്ദേഹം അവഗണിക്കുന്നുണ്ടായിരുന്നു. 

anil-soniya-kottayam1
സോണിയ സാറ ഐപ്പ്, അനിൽ ചെറിയാൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

മൃതദേഹം നാട്ടില്‍ കൊണ്ടു പോകണമെങ്കില്‍ അതിനും ഇവിടെ സംസ്‌കരിക്കണമെങ്കില്‍ അതിനും വേണ്ടതെല്ലാം ചെയ്യാമെന്ന് മലയാളി അസോസിയേഷന്‍ ഭാരവാഹികളും വ്യക്തമാക്കിയതാണ്. ബാധ്യതകള്‍ പരിഹരിക്കുന്നതിനു സഹായിക്കാമെന്നും അറിയിച്ചെങ്കിലും എല്ലാം അവഗണിച്ചായിരുന്നു അനിലിന്റെ പ്രതികരണം. 

anil-soniya-kottayam
സോണിയ സാറ ഐപ്പ്, അനിൽ ചെറിയാൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഭാര്യയുടെ അടുത്തേയ്ക്കു പോകുകയാണെന്നും മക്കളെ നോക്കണം എന്നും ആവശ്യപ്പെട്ട് അനില്‍ അയച്ച സന്ദേശം സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെട്ടത് രാവിലെയാണ്. അനിലിനെ കാണാതായതോടെ എല്ലാവരും ആശങ്കയിലായി. ഈ സമയം സന്ദേശം കണ്ടു താനടക്കമുള്ളവര്‍ വീട്ടിലെത്തി. ഭാര്യ സോണിയ ഉപയോഗിച്ചിരുന്ന ഐഫോണുമായി പോയിരുന്നു എന്നതിനാല്‍ അതു ട്രാക്ക് ചെയ്തു കണ്ടു പിടിക്കാനും ശ്രമമുണ്ടായി. വീടിനു പിന്നിലുള്ള കാടു പിടിച്ച സ്ഥലത്തുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ചിലര്‍ക്കൊപ്പം താന്‍ കാട്ടിലേയ്ക്കു പോയെങ്കിലും തിരികെ വീട്ടിലേയ്ക്കു പോകേണ്ടി വന്നു. 

malayali-nurse-died-in-uk
സോണിയ സാറ ഐപ്പ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വീണ്ടും കാട്ടിലേയ്ക്കു പോകുമ്പോള്‍ ഫോണ്‍ നിലത്തു വീണു കിടക്കുന്നതു ശ്രദ്ധയില്‍ പെടുകയായിരുന്നു. തൊട്ടടുത്തുള്ള മരത്തില്‍ അനില്‍ തൂങ്ങി നില്‍ക്കുന്നതാണ് പിന്നെ കണ്ടത്. ഇതോടെ തകര്‍ന്നു പോയെങ്കിലും കൂടെയുള്ളവര വിവരം അറിയിക്കുകയായിരുന്നു. - സുനില്‍ പറയുന്നു.

English Summary:

Sunil Kumar in agony over the unexpected death of two of his closest friend Anil Cherian and Soniya Sara Ipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com