ADVERTISEMENT

ലണ്ടൻ/കോട്ടയം ∙ ഒരിക്കലും പിരിയില്ലെന്നുറച്ച് പ്രണയിച്ച് വിവാഹിതരായ യുകെ മലയാളികളും കോട്ടയം സ്വദേശികളുമായ ദമ്പതികളുടെ അകാല വേർപാടിൽ നടുക്കം വിട്ടു മാറാതെ ബന്ധുക്കളും സുഹൃത്തുക്കളും. യുകെയിലെ സ്കൂൾ അവധി പ്രമാണിച്ച് 21 ദിവസത്തേക്ക് നാട്ടിൽ പോയി യുകെയിൽ തിരികെയെത്തിയ വോർസെറ്റ്ഷെയറിലെ റെഡ്ഡിച്ചിൽ കുടുംബമായി താമസിക്കുന്ന സോണിയ സാറ ഐപ്പ് (39), ഭർത്താവ് അനിൽ ചെറിയാൻ (44) എന്നിവർ ഞായർ, ചൊവ്വ ദിവസങ്ങളിലാണ് മരിച്ചത്.

ഞായറാഴ്ച എയർപോർട്ടിൽ നിന്നും എത്തി ഒരു മണിക്കൂറിന് ശേഷം രാവിലെ 11ന് കുഴഞ്ഞുവീണ് മരിച്ച സോണിയയുടെ വേർപാട് താങ്ങാനാകാതെയാണ് ഭർത്താവ് അനിൽ ചൊവ്വാഴ്ച ജീവൻ വെടിഞ്ഞത്. 12 വർഷത്തെ പ്രണയത്തിന് ശേഷമാണ് 15 വർഷങ്ങൾക്ക് മുൻപ് ഇരുവരും വിവാഹിതരായത്. ഇവരുടെ അകാല വേർപാടോടെ മക്കളായ ലിയ (14), ലൂയിസ് (9) എന്നിവരാണ് അനാഥരായത്. മരണ വിവരം അറിഞ്ഞു റെഡ്ഡിച്ചിൽ എത്തിയ സോണിയയുടെ യുകെയിലുള്ള ബന്ധുവിന്റെ സംരക്ഷണയിലാണ് സോഷ്യൽ കെയർ അധികൃതരുടെ നിർദ്ദേശപ്രകാരം മക്കളിപ്പോൾ.

അനിൽ ചെറിയാൻ, സോണിയ സാറ ഐപ്പ്
സോണിയ സാറ ഐപ്പ്, അനിൽ ചെറിയാൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്‌സായിരുന്ന സോണിയ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ അവധിക്ക് എത്തി മൂന്നാം ദിവസം ഇടത് കാലിന്റെ സർജറിക്ക് വിധേയായിരുന്നു. ഭാര്യയുടെ ആകസ്മിക വേർപാടിൽ അനിലിനെ അശ്വസിപ്പിക്കാൻ റെഡ്ഡിച്ചിലെ മലയാളി സമൂഹം ഏറെ പ്രയാസപ്പെട്ടിരുന്നു. ധാരാളം സൗഹൃദങ്ങൾ കാത്ത് സൂക്ഷിച്ചിരുന്ന അനിലിന്റെ അടുത്തേക്ക് നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി എത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇതിനിടയിൽ അനിൽ ജീവൻ വെടിയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

anil-soniya-kottayam1
സോണിയ സാറ ഐപ്പ്, അനിൽ ചെറിയാൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് അനിലിനെ കണ്ടെത്തിയത്. പുലർച്ചയോടെ മക്കൾ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ ശേഷമാകാം അനിൽ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. ’താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും’ വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം വീടിന് പിറക് വശത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്.

anil-soniya-kottayam
സോണിയ സാറ ഐപ്പ്, അനിൽ ചെറിയാൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

രണ്ടര വർഷം മുൻപാണ് സോണിയയും കുടുംബവും യുകെയിൽ എത്തിയത്. യുകെയിൽ എത്തുന്നതിന് മുൻപ് കോട്ടയം മന്ദിരം ഹോസ്പിറ്റലിന്റെ നഴ്സിങ് കോളജിൽ ട്യൂട്ടറായി ജോലി ചെയ്യുകയായിരുന്നു സോണിയ. വിവിധ സ്വകാര്യ മോട്ടോർ വാഹന ഡീലർഷിപ്പ് സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു അനിൽ. മികച്ച ജീവിതം സ്വപ്നം കണ്ട് ഏറെ പരിശ്രമങ്ങൾക്ക് ഒടുവിലാണ് ഇരുവരും യുകെയിൽ എത്തിയത്. എന്നാൽ അതൊടുവിൽ ഇത്തരത്തിൽ അവസാനിച്ചതിന്റെ തേങ്ങലിലാണ് യുകെയിലെയും ഇരുവരുടെയും നാട്ടിലെയും ബന്ധുക്കളും സുഹൃത്തുക്കളും.

malayali-nurse-died-in-uk
സോണിയ സാറ ഐപ്പ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ ചെറിയാൻ ഔസേഫ് - ലില്ലി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അനിൽ. ഷെനിൽ, ജോജോ എന്നിവരാണ് സഹോദരങ്ങൾ. കോട്ടയം ചിങ്ങവനം പാക്കിൽ കളമ്പുക്കാട്ട് വീട്ടിൽ കെ. എ. ഐപ്പ് - സാലി ദമ്പതികളുടെ മൂത്ത മകളാണ് സോണിയ. സോജിൻ, പരേതയായ ജൂണിയ എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം പള്ളം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് സിഎസ്ഐ ചർച്ചിൽ വെച്ച് നടത്തും. അനിലും സോണിയയും ബർമിങ്ഹാം ഹോളി ട്രിനിറ്റി സിഎസ്ഐ ചർച്ചിലെ അംഗങ്ങളായിരുന്നു.

English Summary:

Kottayam Natives Death UK: Friends and Relatives Shocked, Life of Soniya Sara Ipe and Anil Cheriyan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com