ADVERTISEMENT

ദുബായ്∙ അടുത്തിടെ മലയാള സിനിമയിൽ സജീവമായ, മുൻ യുഎഇ പ്രവാസി ലതാ ദാസിന് മലയാള സിനിമയെക്കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം. പത്തോളം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച തനിക്ക് എല്ലാവരിൽ നിന്നും പൂർണ പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്ന് ഇവർ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന തരത്തിലുള്ള  യാതൊരു മോശം പെരുമാറ്റവും ആരിൽ നിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ സിനിമാ മേഖലയെ അടച്ചാക്ഷേപിക്കാൻ കഴിയില്ലെന്നും ഈ നടി അഭിപ്രായപ്പെടുന്നു. 

സിനിമയിലെത്തിയിട്ട് ഒരുപാട് കാലമായിട്ടില്ലെങ്കിലും ഇതുവരെ പ്രൊഡ്യൂസർ മുതൽ ലൈറ്റ് ബോയി വരെയുള്ളവർ വളരെ ബഹുമാനത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. അതുകൊണ്ട് ഈ രംഗത്ത് തുടരാനാണ് ആഗ്രഹിക്കുന്നതും.

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

തൃശൂർ സ്വദേശിയായ ലത നേരത്തെ 15 വർഷത്തോളം യുഎഇയിൽ അക്കൗണ്ടന്‍റായി ജോലി ചെയ്തിരുന്നു. ഇതോടൊപ്പം പ്രാദേശിക ടെലിവിഷൻ ചാനലിൽ അവതാരകയായും വാർത്താ അവതാരകയായും പ്രവർത്തിച്ചു. ഇത് ആത്മവിശ്വാസം വർധിക്കാൻ കാരണമായി. ചെറുപ്പം തൊട്ടേ അഭിനയത്തിലടക്കം കലാരംഗത്തോട് ഏറെ താത്പര്യമുണ്ടായിരുന്നു. ദുബായിലെ ടെലിവിഷൻ രംഗത്തെ പ്രവർത്തനം ആത്മവിശ്വാസം വർധിപ്പിച്ചു.  

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ഭർത്താവ് സുനിൽ നേരത്തെ മലയാള സിനിമയിൽ അസിസ്റ്റന്‍റ് ക്യാമറാമാനായി പ്രവർത്തിച്ചിരുന്നു. പിന്നീട് കുടുംബസുഹൃത്തായ ഫാത്തിമ മേരി നിര്‍മിച്ച 369 എന്ന സിനിമയിലൂടെയാണ് ഈ രംഗത്തേയ്ക്ക് ആദ്യമായി ലത പ്രവേശിച്ചത്. അതിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യാ വേഷമായിരുന്നു. തുടർന്ന് പത്തോളം സിനിമകളിൽ ക്യാരക്ടർ റോളുകൾ ചെയ്തു.

മാജിക് ഫ്രെയിംസിന്‍റെ ഡി150 എന്ന ദിലീപ് സിനിമയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ  സംവിധാനം ചെയ്ത കഥ ഇന്നുവരെയാണ് ഉടൻ റിലീസാകാനുള്ള ചിത്രം. നർത്തകി മേതിൽ ദേവിക ആദ്യമായി നായികയാകുന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകൻ.

ചെസ്, കംഗാരു ഫെയിം രാജ് ബാബു ഷൈൻ ടോം ചാക്കോയെ പ്രധാനകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചാട്ടുളി , കാവ്യ ഫിലംസിന്റെ ആസിഫ് അലി–അനശ്വരാ രാജൻ ചിത്രം രേഖചിത്രം എന്നിവയിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ആണെന്ന് ലത പറഞ്ഞു.

 2020 ഇൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്ത താഹിറ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ദീഖ് പറവൂർ സംവിധാനം ചെയ്ത ഇംഗ്ലിഷ് ചിത്രം ദ് ലാൻഡ് ഓഫ് സോളമനിൽ നായികയായും അഭിനയിച്ചു.  വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ആ സിനിമയിൽ അവതരിപ്പിച്ചത്. 

കൂടാതെ, ഉടൻ റിലീസാകുന്ന തമിഴ് ചിത്രങ്ങളായ തിരുമതി സെൽവി, ഇരുതി പോർ, മലയാള ചിത്രം കാലവർഷക്കറ്റ് എന്നിവയിലും പ്രധാന വേഷം അവതരിപ്പിക്കുന്നു. എറണാകുളത്ത് സ്ഥിര താമസമാക്കിയ ലതയ്ക്ക് ഭർത്താവ് സുനിൽ, മകൾ സ്വാതികൃഷ്ണ എന്നിവരുടെ പിന്തുണ മുതൽക്കൂട്ടാണ്. സിനിമ കൂടാതെ പതിനഞ്ചോളം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

English Summary:

Lata Das, a former UAE expat, praises Malayalam cinema. She experienced no misbehavior of any kind, as mentioned in the Hema Committee report.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com