‘യുഎഇയിലെ പ്രവാസികളോടു മാത്രം എന്തിനീ ക്രൂരത?’; എയർ ഇന്ത്യ എക്സ്പ്രസിനെതിരെ രൂക്ഷ വിമർശനം
Mail This Article
അബുദാബി∙ യുഎഇ സെക്ടറിൽ മാത്രം ബാഗേജ് പരിധി കുറച്ചതിനെതിരെ എയർ ഇന്ത്യ എക്സ്പ്രസിനെതിരെ വ്യാപക പ്രതിഷേധം. മറ്റ് ഇന്ത്യൻ വിമാന കമ്പനികൾ 30 കിലോ സൗജന്യ ബാഗേജ് അനുവദിക്കുമ്പോഴുള്ള, എയർ ഇന്ത്യയുടെ ഈ നടപടി പ്രവാസികളോടുള്ള അനീതിയാണെന്നാണ് ആരോപണം.
വിമാന ടിക്കറ്റ് നിരക്ക് കൂട്ടി പ്രയാസപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രവാസികളും പ്രവാസലോകത്തെ സംഘടനകളും പരാതികളും നിവേദനങ്ങളുമായി നടക്കുമ്പോഴാണ് ഇപ്പോൾ സൗജന്യ ലഗേജ് പരിധി 30ൽനിന്ന് 20 കിലോയാക്കി കുറച്ചുകൊണ്ടും എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യക്കാരെ ദ്രോഹിക്കുന്നത്. ഗൾഫിൽ ജോലിക്ക് വരുന്ന ഏതൊരാളും ഇവിടെ എത്തിയ ദിവസം മുതൽ നാട്ടിലേക്ക് പെട്ടി കെട്ടുന്ന ആളാണ്. നാട്ടിലേക്കുള്ള ഈ പെട്ടിനിറക്കൽ നമ്മുടെ എല്ലാം വൈകാരിക ബന്ധത്തിന്‍റെ കൂടി ഭാഗമാണ്.
സ്വന്തം ഉപഭോക്താക്കളുടെ വൈകാരികത മനസ്സിലാക്കാൻ പോലും സർവീസ് ദാതാക്കൾക്ക് കഴിയുന്നില്ലെങ്കിൽ അത് അപലപനീയം. ഇന്ത്യാ ഗവൺമെന്‍റ് സ്വകാര്യ കമ്പനിക്ക് കൈമാറിക്കഴിഞ്ഞ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. ഒരു സ്വകാര്യ കമ്പനിയുടെ തീരുമാനങ്ങളിൽ ഇടപെടാൻ സർക്കാരിനു പരിമിതി ഉണ്ടെന്നാണ് ബന്ധപ്പെട്ട വകുപ്പിന്‍റെ പോലും വിശദീകരണം. പ്രവാസ സമൂഹം നേരിടുന്ന വിമാന യാത്രാ പ്രശ്നങ്ങൾ ആരെങ്കിലും പരിഹരിക്കുമെന്ന് കരുതാൻ പറ്റാത്ത അവസ്ഥയിലായിട്ടുണ്ട്. ഇതൊരു രാഷ്ട്രീയ പ്രശ്നമായി മാറി എന്നാണ് നാം തിരിച്ചറിയേണ്ടതെന്ന് യുഎഇ കെഎംസിസി നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് പുത്തൂർ റഹ്മാൻ പറഞ്ഞു.
യുഎഇയിലെ പ്രവാസികളെ രണ്ടാം കിട പൗരന്മാരായി കാണുന്ന മനുഷ്യത്വരഹിതമായ തീരുമാനമാണ് എയർ ഇന്ത്യാ എക്സ്പ്രസിന്റേതെന്ന് ഇൻകാസ് യുഎഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നിബു സാം ഫിലിപ് പറഞ്ഞു. വർഷങ്ങളുടെ ഇടവേളയിൽ നാട്ടിലേക്കു പോകുന്ന പ്രവാസികൾ ഉറ്റവർക്കായി എന്തെങ്കിലും വാങ്ങിക്കൊണ്ടുപോകാൻ പോലും പണം നൽകി ലഗേജ് പരിധി കൂട്ടേണ്ടിവരുന്നത് അധിക ചെലവുണ്ടാക്കുന്നു. വർഷങ്ങളായി ലഭിച്ചുവരുന്ന ആനുകൂല്യങ്ങൾ ഒന്നൊന്നായി എടുത്തുകളഞ്ഞ് പ്രവാസികള വഞ്ചിക്കുകയാണ് എയർലൈൻ. 10 കിലോ കുറച്ച തീരുമാനം വ്യാപാരികൾക്കും നഷ്ടമുണ്ടാക്കും. കാർഗൊ കമ്പനികളെ സഹായിക്കാനാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. തീരുമാനം പുനപരിശോധിക്കണമെന്നും പറഞ്ഞു.
യുഎഇയിലെ പ്രവാസികളോടു മാത്രം എന്തിനീ ക്രൂരത എന്നാണ് അബുദാബിയിൽ അധ്യാപികയായ വേണി പ്രവീൺ ചോദിക്കുന്നത്. രാജ്യാന്തര യാത്രക്കാർക്കുള്ള നിയമം ഒരു രാജ്യത്തേക്കുള്ള യാത്രക്കാർക്ക് മാത്രം ബാധകമാക്കുന്നതിൽ എന്തു ന്യായമാണുള്ളത്. ലാഭകരമായ സെക്ടറിലെ യാത്രക്കാർക്ക് ആനുകൂല്യം നൽകുന്നതിന് പകരം കൂടുതൽ പിഴിഞ്ഞെടുക്കുന്നത് എന്തിന്‍റെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ല.
പ്രവാസി വിഷയങ്ങളിൽ ഒറ്റക്കെട്ടായി പോരാടി വിജയം കൈവരിച്ചതിന്‍റെ ഉദാരഹണങ്ങളാണ് യൂസേഴ്സ് ഫീ നിർത്തലാക്കിയതും കരിപ്പൂരിലേക്ക് വിദേശ വിമാന കമ്പനികൾ അനുവദിച്ചതും. എന്നാൽ സമീപകാലത്ത് പ്രവാസികളുടെ പോരാട്ടവീര്യം കുറഞ്ഞതും ഐക്യമില്ലാത്തതും കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കാതെ വരുന്നതായും വേണി പറഞ്ഞു. പ്രവാസികളെ ദ്രോഹിക്കുന്ന എയർലൈനിൽ യാത്ര ചെയ്യില്ലെന്ന് കുറഞ്ഞ പക്ഷം മലയാളികൾ തീരുമാനിച്ചാൽ തീരും എയർലൈന്‍റെ അഹങ്കാരം.