സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിർദേശം
Mail This Article
മക്ക ∙ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ അടുത്ത ചൊവ്വാഴ്ച വരെ ഇടിമിന്നലും മഴയും തുടരാൻ സാധ്യതയുള്ളതിനാൽ ആളുകളോട് ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കുക, താഴ്‌വരകൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ തുടങ്ങിയ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക, അപകടസാധ്യത കണക്കിലെടുത്ത് ഈ സ്ഥലങ്ങളിൽ നീന്തുന്നത് ഒഴിവാക്കുക എന്നിവ കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഓർമപ്പെടുത്തി.
വിവിധ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമ ചാനലുകളിലൂടെയും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു. മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴ അനുഭവപ്പെടുമെന്നും ഇത് വെള്ളപ്പൊക്കം, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയ്ക്ക് കാരണമായേക്കാമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
റിയാദ് മേഖലയിൽ, അഫീഫ്, അൽ ദവാദ്മി, അൽ ഖുവൈയ്യ തുടങ്ങിയ പ്രദേശങ്ങളെ ബാധിക്കുന്ന ചെറിയ മഴയും പൊടി ഉയർത്തുന്ന കാറ്റും പ്രതീക്ഷിക്കാം. മദീന, അൽ ബാഹ, അസീർ, ജിസാൻ, നജ്‌റാൻ എന്നീ പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴയും, ആലിപ്പഴം, അൽ-ഖാസിം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും പ്രവചിക്കപ്പെടുന്നു.