സൗദിയിൽ വാഴപ്പഴം വിൽപ്പനയ്ക്കെത്തിക്കാൻ പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കണം
Mail This Article
റിയാദ് ∙ ഗൾഫിൽ എങ്ങും സുലഭമായി ലഭിക്കുന്നതാണ് മഞ്ഞ നിറത്തിലുള്ള ഇക്വഡോറിയൻ ഇനത്തിൽപ്പെട്ട വാഴപ്പഴം. പ്രാദേശിക ഉത്പ്പാദനത്തിനേക്കാൾ കൂടുതലായി ഇതര രാജ്യങ്ങളിൽ നിന്നാണ് സൗദി അടക്കമുള്ള ജിസിസി രാജ്യങ്ങളിൽ വാഴപ്പഴത്തിന്റെ വിവിധ ഇനങ്ങൾ ഇറക്കുമതി ചെയ്ത് ആവശ്യം നിറവേറ്റുന്നത്. സാധാരണ മലയാളികൾക്ക് ചിരപരിചിത ഞാലിയും, പാളയംകോടനും പൂവനും,ചെങ്കദളിയും ഏത്തയ്ക്കായുമൊക്കെ നാട്ടിൽ നിന്നും വിപണിയിൽ എത്തുന്നുമുണ്ട്.
വാഴപ്പഴം വിപണിയിലെത്തിക്കുന്നതിന് 16 ഓളം മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്ന് സൗദി ജനറൽ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ കരട് പ്രോജക്ട് പറയുന്നു. അതോറിറ്റിയുടെ ഇസ്തിത്‌ല പ്ലാറ്റ്ഫോമിലാണ് വാഴപ്പഴ ഇനങ്ങൾക്ക് വേണ്ടുന്ന നിലവാരത്തെക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്. പാക്കിങ് പൂർത്തീയാക്കുന്നത് മുതൽ ചെറുകിട കച്ചവടത്തിന് എത്തിക്കുമ്പോൾ വരെയും വാങ്ങിക്കുന്നവരുടെയും കഴിക്കുന്നവരുടേയും ആരോഗ്യകാര്യങ്ങളിൽ സുരക്ഷ ഉറപ്പ് വരുത്താനാണ് ഈ നിർദ്ദേശങ്ങളും മറ്റും എടുത്തു കാണിക്കുന്നത്.
അംഗീകൃത അളവിൽ കവിഞ്ഞ കീടനാശിനി അംശം രാജ്യത്ത് വിൽപ്പനക്കെത്തിക്കുന്ന വാഴപ്പഴത്തിന് ഉണ്ടാകാൻ പാടില്ല എന്നതാണ് പ്രധാന നിർദ്ദേശം. ആരോഗ്യകരവും നല്ല വെടിപ്പുള്ള നിലയിലുമായിരിക്കണം. കൂടാതെ ഏതെങ്കിലും തരത്തിൽ ചീഞ്ഞഴുകൽ അല്ലെങ്കിൽ കേടുപാടുകൾ ബാധിച്ച വാഴപ്പഴങ്ങൾ ഒഴിവാക്കണമെന്നും വൃത്തിയുള്ളതും ഉപരിതലത്തിൽ പുറമേയുള്ള മറ്റുള്ള വസ്തുക്കൾ ഇല്ലാത്തതുമായിരിക്കണം എന്നുമാണ് പറയുന്നത്.
വാഴപ്പഴത്തിനായുളള കരട് ഗൾഫ് സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷൻ സൂചിപ്പിക്കുന്നത്, പഴത്തിന് പൂർണ്ണമായും വിളഞ്ഞതും വലുപ്പമുള്ളതും ഉറച്ച ഘടനയും ഉണ്ടായിരിക്കണമെന്നും പഴത്തിന്റെ പൊതുവായ രൂപത്തെ ബാധിക്കുന്ന പൊട്ടലും പോറലുകളും പോലുള്ളവയിൽ നിന്നും കീടങ്ങളിൽ നിന്നും ൃമുക്തവുമായിരിക്കണം. അസാധാരണമായ ഈർപ്പം വാഴപ്പഴത്തിന് ഉണ്ടാകാൻ പാടില്ല. വാഴപ്പഴത്തിന് അവയുടെ ഗുണനിലവാരമനുസരിച്ച് 3 ഗ്രേഡുകൾ സ്‌പെസിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്, അവ മികച്ച ഗ്രേഡ്, ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ് എന്നിങ്ങനെയാണ്. ഒന്നാം ഗ്രേഡുളള വാഴപ്പഴം നല്ല ഗുണനിലവാരമുള്ളതായിരിക്കണം.