നിർധന വിദ്യാർഥികൾക്ക് സ്കൂൾ കിറ്റ് നൽകും
Mail This Article
അബുദാബി ∙ നിർധന വിദ്യാർഥികൾക്ക് പഠന സാമഗ്രികൾ (സ്കൂൾ കിറ്റ്) സൗജന്യമായി നൽകുന്നു. ദുബായ് കെയേഴ്സിന്റെ നേതൃത്വത്തിൽ 10,000 വിദ്യാർഥികൾക്കാണ് സൗജന്യ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുക.
യുഎഇയിലെ വിവിധ സ്കൂളുകളിലെ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഇവ വിതരണം ചെയ്യും. അൽദാർ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി. പുസ്തകം, പേന, പെൻസിൽ, കളർ പെൻസിൽ, മാർക്കർ, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ്, ബാഗ് തുടങ്ങി വിദ്യാർഥികൾക്ക് ആവശ്യമായ വസ്തുക്കളാണ് വിതരണം ചെയ്യുകയെന്ന് ദുബായ് കെയേഴ്സ് സിഒഒ അബ്ദുല്ല അഹ്മദ് അൽ ഷെഹി പറഞ്ഞു. 400ലേറെ സന്നദ്ധ പ്രവർത്തകരും അൽദാർ ഗ്രൂപ്പ് ജീവനക്കാരും അബുദാബിയിൽ ഒത്തുചേർന്നാണ് അവശ്യ വസ്തുക്കൾ പായ്ക്ക് ചെയ്ത് വിതരണത്തിനു സജ്ജമാക്കിയത്. ദുബായിൽ ഡിപി വേൾഡിന്റെ ആഭിമുഖ്യത്തിലും നിർധന വിദ്യാർഥികൾക്ക് അവശ്യ വസ്തുക്കൾ വിതരണം ചെയ്തുവരുന്നു.