യുഎഇയിലും 'സൂപ്പർ സ്റ്റാർ സുഹൈല്‍' എത്തി; കനത്ത ചൂട് അവസാനിക്കുന്നു
Mail This Article
ദുബായ് ∙ കഠിനമായ ചൂട് അവസാനിക്കുന്നു എന്ന സൂചന നൽകി ഒടുവിൽ യുഎഇയിലും 'സൂപ്പർ സ്റ്റാർ സുഹൈല്‍' എത്തി. ഇന്നലെ പുലർച്ചെ 5.20ന് അൽ ഐനിൽ നിന്നാണ് യുഎഇ ആകാശത്ത് സുഹൈൽ താരത്തെ കണ്ടത്. സുഹൈലിന്റെ ഉദയത്തിന് ശേഷം ഏകദേശം 100 ദിവസങ്ങൾക്ക് ശേഷമാണ് തണുപ്പുകാലം ആരംഭിക്കുക.
എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയിലെ അംഗമായ തമീം അൽ തമീമി എടുത്ത സുഹൈൽ നക്ഷത്രത്തിന്റെ ചിത്രം എക്‌സിലെ ഒരു പോസ്റ്റിൽ പങ്കിട്ടു. സുഹൈൽ ഉദിച്ചാൽ രാത്രി തണുക്കും എന്നാണ് അറബിക് പഴമൊഴി. പകൽ താപനില പെട്ടെന്ന് കുറയില്ലെങ്കിലും രാത്രികാലത്ത് ക്രമേണ കുറയാൻ തുടങ്ങുമെന്നതാണ് സുഹൈലെത്തിയാലുള്ള പ്രത്യേകത. ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ആദ്യ സൂചനകളാകുന്നു. ഈ മാസം 24 മുതൽ സുഹൈല്‍ ദൃശ്യമാകുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അഭിപ്രായപ്പെട്ടിരുന്നു. 'യെമനിലെ നക്ഷത്രം' എന്നറിയപ്പെടുന്ന സുഹൈലിന് അറബ് പാരമ്പര്യത്തിൽ സുപ്രധാനമായ സ്ഥാനമുണ്ട്. ഖത്തറിലും ഇതിനകം സുഹൈൽ നക്ഷത്രം ദൃശ്യമായിട്ടുണ്ട്. സുഹൈൽ ഉദിക്കുന്നത് ചൂടിന് ആശ്വാസമായി മാത്രമല്ല, പുതിയ കാർഷിക സീസണിന്റെ തുടക്കവുമായാണ് കണക്കാക്കുന്നത്. ഭൂമിയിൽനിന്ന് 310 പ്രകാശവർഷം അകലെയാണ് നക്ഷത്രം സ്ഥിതിചെയ്യുന്നത്.