സ്ഥാനപതിയുടെ യോഗ്യതാപത്രം യുഎഇ സ്വീകരിച്ചു
Mail This Article
അബുദാബി ∙ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൽ നിന്നുള്ള സ്ഥാനപതിയുടെ യോഗ്യതാപത്രം യുഎഇ സ്വീകരിച്ചു. ചൈനയ്ക്ക് ശേഷം ഇത്തരത്തിൽ അംഗീകാരം നൽകുന്ന രണ്ടാമത്തെ രാജ്യമായി യുഎഇ മാറിയതായി അധികൃതർ പറഞ്ഞു. അബുദാബിയിൽ നടന്ന ചടങ്ങിൽ പുതിയ സ്ഥാനപതി മൗലവി ബദ്‌റുദ്ദീൻ ഹഖാനിയെ സ്വീകരിച്ചതായി കാബൂൾ വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമത്തിൽ അറിയിച്ചു.
താലിബാനോട് എതിർപ്പുണ്ടെങ്കിലും ഇൗ നീക്കത്തെ വിമർശിക്കുന്നതിൽ നിന്ന് അമേരിക്ക പിന്മാറി. യുഎഇയുടെ ബന്ധത്തെ ഇത് ബാധിക്കില്ലെന്ന് വാഷിങ്ടൻ അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ സ്ഥാനപതിയെ സ്വീകരിക്കാനുള്ള തീരുമാനം ആ രാജ്യത്തെ ജനങ്ങളെ സഹായിക്കാനുള്ള പിന്തുണ നൽകാനുള്ള യുഎഇയുടെ ദൃഢനിശ്ചയം വീണ്ടും ഉറപ്പിക്കുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
യുഎഇ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്ഗാനിസ്ഥാൻ പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസൻ അഖുന്ദിനെ കഴിഞ്ഞയാഴ്ച പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചിരുന്നു.