അയക്കൂറ പിടിച്ചതിന് ഇന്ത്യക്കാർ ബഹ്റൈനിൽ അറസ്റ്റിൽ
Mail This Article
മനാമ ∙ വ്യത്യസ്ത സംഭവങ്ങളിൽ മത്സ്യബന്ധന ചട്ടങ്ങൾ ലംഘിച്ചതിന് നാല് ഇന്ത്യൻ പൗരന്മാരും നാല് ബഹ്‌റൈനികളും ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കോസ്റ്റ് ഗാർഡ് കമാൻഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് അറസ്റ്റ്.
അയക്കൂറ പിടിക്കുന്നതിന് രാജ്യത്ത് രണ്ടു മാസത്തെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 15 മുതൽ ആരംഭിച്ച ഈ വിലക്ക് ഒക്ടോബർ 15 വരെയാണ്. നിരോധിത മത്സ്യബന്ധനം നടത്തിയതിന് നാല് ഇന്ത്യൻ പൗരന്മാരെയാണ് പിടികൂടിയത്. നിരോധിത വല ഉപയോഗിച്ച് മീൻ പിടിച്ചതിനും 665 കിലോഗ്രാം ചെമ്മീൻ കൈവശംവച്ചതിനുമാണ് ഒരു ബഹ്‌റൈൻ പൗരനെ അറസ്റ്റ് ചെയ്തത്.
പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഇതുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ബോട്ടുകളും ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ സംശയമുള്ളവരെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം നടത്താൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയും പിടിച്ചെടുത്ത സാധനങ്ങളുടെ ലേലത്തിൽ നിന്നുള്ള വരുമാനം സർക്കാരിൽ നിക്ഷേപിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പ്രതികളെ ക്രിമിനൽ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് സാക്ഷികളെ വിളിച്ചുവരുത്തും.
മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിലും ഭാവിതലമുറയ്ക്ക് അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമായുള്ള മന്ത്രിതല തീരുമാനങ്ങളുടെ പ്രാധാന്യത്തെ പ്രോസിക്യൂഷൻ ഊന്നിപ്പറഞ്ഞു. ചട്ടങ്ങൾ പാലിക്കുന്നത് നിയമപരമായ ബാധ്യത മാത്രമല്ല, മത്സ്യബന്ധന വ്യവസായത്തിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും പാരിസ്ഥിതികവും ധാർമ്മികവുമായ ഉത്തരവാദിത്തം കൂടിയാണെന്നും വ്യക്തമാക്കി. നിയമ ലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനും മത്സ്യബന്ധന ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കോസ്റ്റ് ഗാർഡ് പരിശോധന തുടരുന്നുണ്ട്.