അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനായി പദ്ധതിയുമായി അറാംകോ
Mail This Article
ദമാം∙ ദമാമിലെ അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ വർധിച്ചുവരുന്ന പ്രശ്നം പരിഹരിക്കുന്നതിനായി ലാഭേച്ഛയില്ലാത്ത സംരംഭമായ 'ഓൾഫ് അനിമൽ കെയർ' പദ്ധതിയുമായി അറാംകോ രംഗത്ത്. മൃഗക്ഷേമവും പൊതു സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് വാക്സീനേഷനും വന്ധ്യംകരണവും ഉൾപ്പെടെയുള്ള സമഗ്രമായ വെറ്ററിനറി സംരക്ഷണം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി അറാംകോ കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റിയുമായി ചേർന്ന് പ്രദേശത്തുടനീളം മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നു.
'ഓൾഫ്' സംരംഭത്തിലൂടെ അടിയന്തിര പരിചരണം നൽകുന്നതിനന് പുറമെ അവബോധ പരിപാടികളിലൂടെയും വിദ്യാഭ്യാസ പരിപാടികളിലൂടെയും ഉത്തരവാദിത്തമുള്ള വളർത്തുമൃഗ ഉടമസ്ഥതയുടെ സംസ്കാരം വർധിപ്പിക്കാനും നീക്കം നടത്തും. പ്രാദേശിക സമൂഹങ്ങളുമായി സഹകരിച്ച് നടത്തുന്ന പരിപാടി അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ എണ്ണം കുറയ്ക്കുകയും അവയുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മൃഗക്ഷേമത്തോടുള്ള പ്രതിബദ്ധത വർധിപ്പിക്കുന്നതിന്, അറാംകോ 2025-ൽ ദമാമിൽ ആദ്യത്തെ മൃഗ സംരക്ഷണ കേന്ദ്രം തുറക്കാൻ പദ്ധതിയിടുന്നു. ഈ സൗകര്യം രക്ഷ, പുനരധിവാസം, ദത്തെടുക്കൽ എന്നിവ ഉൾപ്പെടെയുള്ള വിവിധ മൃഗക്ഷേമ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി വർത്തിക്കും. മൊബൈൽ വെറ്ററിനറി സേവനങ്ങൾ, പ്രത്യേക മൃഗ സംരക്ഷണ കേന്ദ്രം എന്നിവ സംയോജിപ്പിക്കുന്നതിലൂടെ, അറാംകോയുടെ 'ഓൾഫ്' സംരംഭം ദമാമിലെ മൃഗക്ഷേമത്തിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.