എംഡിയുടെ 'പ്രശംസ'യിൽ മതിമറന്നു; ദുബായിൽ ജോലിചെയ്യുന്ന എറണാകുളം സ്വദേശിക്ക് നഷ്ടപ്പെട്ടത് 11.4 ലക്ഷം രൂപ
Mail This Article
അബുദാബി ∙ സൈബർ തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെടുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നു. എറണാകുളം സ്വദേശിക്ക് നഷ്ടപ്പെട്ടത് 11.4 ലക്ഷം രൂപ (അര ലക്ഷം ദിർഹം). കമ്പനി മാനേജിങ് ഡയറക്ടറാണെന്ന വ്യാജേന ഇമെയിൽ അയച്ചാണ് പണം ആവശ്യപ്പെട്ടത്. സിഇഒയാണെന്ന വ്യാജേന ജീവനക്കാരെ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടതും മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പണം നഷ്ടപ്പെട്ടതും മനോരമ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ബോധവൽക്കരണം ശക്തമായിട്ടും വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.
ദുബായിലെ സ്വകാര്യകമ്പനിയിൽ എസ്റ്റിമേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന മലയാളിക്കാണ് കുറഞ്ഞ സമയത്തിനകം ലക്ഷങ്ങൾ നഷ്ടപ്പെട്ടത്. എംഡി നേരിട്ടു ബന്ധപ്പെട്ടതിന്റെ സന്തോഷത്തിൽ ആവശ്യപ്പെട്ട പണം അയച്ചുകൊടുക്കുകയായിരുന്നു യുവാവ്. എംഡിയുമായി നേരിട്ടുള്ള ബന്ധം ഭാവിയിലെ പ്രൊമോഷനും ശമ്പള വർധനയ്ക്കും പ്രയോജനപ്പെടുത്താമെന്ന് കുരുതിയ ജീവനക്കാരൻ രഹസ്യ ഇടപാടു വിവരം മറ്റാരുമായും പങ്കുവച്ചതുമില്ല.
∙ സംഭവം ഇങ്ങനെ
ഒരു ദിവസം എംഡിയുടേതിനു സമാനമായ ഇമെയിലിൽനിന്ന് കത്തു വരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായി അത്യാവശ്യമായി 5000 ദിർഹം ആവശ്യപ്പെട്ടായിരുന്നു കത്ത്. വേറൊരു നമ്പറിൽനിന്ന് വാട്സാപ്പിലേക്കു മെസേജ് അയക്കാമെന്നും പ്രസ്തുത തുക ഐട്യൂൺസ് ഗിഫ്റ്റ് കാർഡ് വാങ്ങി നമ്പർ അയച്ചുകൊടുക്കാനുമായിരുന്നു നിർദേശം.
തുടർന്ന് കമ്പനി എംഡിയുടെ ഫോട്ടോ സ്റ്റാറ്റസ് ഇട്ട വാട്ട്സാപ്പിലൂടെയായിരുന്നു പിന്നീടുള്ള ആശയവിനിയമം. അതിനാൽ സംശയിച്ചതുമില്ല. തൊട്ടടുത്തുള്ള ഷോപ്പിങ് മാളിലെത്തി ആവശ്യപ്പെട്ട തുക അയച്ചുകൊടുത്തു. ജീവനക്കാരന്റെ ശുഷ്കാന്തിയെ പ്രശംസിച്ച എംഡി പണം ഒന്നിച്ചു വൈകിട്ടോടെ തിരിച്ചുനൽകാമെന്നും 15000 ദിർഹം കൂടി സമാന രീതിയിൽ അയക്കാനും ആവശ്യപ്പെട്ടു. എംഡിയുടെ 'പ്രശംസ'യിൽ മതിമറന്ന ജീവനക്കാരൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐ ട്യൂൺസ് ഗിഫ്റ്റ് കാർഡ് വാങ്ങി അയച്ചുകൊടുത്തു. കമ്പനിയുടെ പുതിയ പ്രോജക്ടിന്റെ ടെൻഡർ ലഭിക്കാനെന്ന് അറിയിച്ച് പല തവണകളിലായി മൊത്തം 50,000 ദിർഹം കൈക്കലാക്കി.
വീണ്ടും പണം ആവശ്യപ്പെട്ടുവെങ്കിലും മലയാളിയുടെ ക്രെഡിറ്റ് കാർഡ് പരിധി തീർന്നതിനാൽ നഷ്ടത്തിന്റെ വ്യാപ്തി കുറയ്ക്കാനായി. ക്രെഡിറ്റ് കാർഡ് പരിധി തീർന്ന കാര്യം എംഡിയെ അറിയിച്ചപ്പോൾ സാരമില്ല നാളെ മറ്റെവിടെ നിന്നെങ്കിലും സംഘടിപ്പിച്ചു തന്നാൽ മതിയെന്നായിരുന്നു മറുപടി. ഇതു കേട്ടപ്പോഴാണ് മലയാളിയുടെ ഉള്ളിൽ സംശയമുണർന്നത്. ഇത്രയും നേരം വഞ്ചിക്കപ്പെടുകയായിരുന്നുവെന്നു മനസ്സിലാക്കിയ ജീവനക്കാരൻ മാസികമായി തളർന്നു. അതേ ദിവസം രാത്രി തിരിച്ചുകിട്ടുമെന്ന് ഉറപ്പുപറഞ്ഞപ്പോൾ മറുത്തൊന്നും ചിന്തിക്കാതെ തുക നൽകുകയായിരുന്നു. എംഡിക്കു ചെയ്യുന്ന ചെറിയൊരു ഉപകാരത്തിലൂടെ ഭാവിയിൽ ലഭിക്കാനിരിക്കുന്ന നേട്ടത്തിലായിരുന്നു ജീവനക്കാരന്റെ നോട്ടം. എന്നാൽ എല്ലാ പ്രതീക്ഷകളും ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുകയായിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും പണം ഇതുവരെ വീണ്ടെടുക്കാനായില്ല.
ഗിഫ്റ്റ് കാർഡ് വഴി പണം നൽകിയതിനാൽ അവ ആര് വാങ്ങി ആര് ഉപയോഗിച്ചു എന്നതിന് രേഖകളുണ്ടാകില്ല. അതിനാൽ പ്രതികളെ പിടികൂടുന്നതും ശ്രമകരം.
ഏതാനും ദിവസത്തിനു ശേഷം വിവരം ഉറ്റ സുഹൃത്തുക്കളെ അറിയിച്ചു. അതുവഴി കമ്പനി മാനേജ്മെന്റും അറിഞ്ഞു. സത്യസന്ധനായ ജീവനക്കാരന് പറ്റിയ അമളി മറ്റാർക്കും പറ്റാതിരിക്കാനും സൈബർ തട്ടിപ്പുകളെ കരുതിയിരിക്കാനും കമ്പനി അധികൃതർ ജീവനക്കാർക്കെല്ലാം ഇമെയിൽ അയച്ചു. കമ്പനിയുടെ പ്രവർത്തനത്തിനോ മറ്റോ ആയി ജീവനക്കാരിൽനിന്ന് പണം ആവശ്യപ്പെടില്ലെന്നും ഇത്തരം വ്യാജ ഇമെയിൽ, ഫോൺ, എസ്എംഎസ് എന്നിവയോട് പ്രതികരിക്കരുത് എന്നുമായിരുന്നു സന്ദേശം. സംശയാസ്പദമായ വിവരങ്ങൾ ബന്ധപ്പെട്ടവരുമായി സ്ഥിരീകരിച്ച ശേഷമേ ഇടപാട് നടത്താവൂ എന്നറിയിച്ച കമ്പനി വൻതുക നഷ്ടപ്പെട്ട ജീവനക്കാരന് കുറച്ചു പണം നൽകി ആശ്വസിപ്പിക്കുകയും ചെയ്തു. ആദ്യ കേസായതിനാലാണിതെന്നും ഇനി ഇത്തരം സഹായം ആർക്കും ലഭിക്കില്ലെന്നുകൂടി അറിയിക്കുകയായിരുന്നു കമ്പനി.