കേരളാ എൻജിനീയേഴ്‌സ് ഫാമിലി മസ്കത്ത് ഫാമിലി ക്വിസ് സംഘടിപ്പിച്ചു
Mail This Article
മസ്കത്ത് ∙ കേരളാ എൻജിനീയേഴ്‌സ് ഫാമിലി മസ്കത്തിന്‍റെ ആഭിമുഖ്യത്തിൽ ഫാമിലി ക്വിസ് സംഘടിപ്പിച്ചു. ടി കെ എം കോളേജ് അലമ്നൈയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. അൽ ഹൈൽ നാഷനൽ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന മത്സരം ഒമാനിലെ പ്രശസ്ത ക്വിസ് മാസ്റ്റർ ഹലാ ജമാലാണ് നയിച്ചത്. കേരളാ എൻജിനീയേഴ്‌സ് ഫാമിലി അംഗങ്ങൾക്കായി നടത്തിയ മത്സരത്തിൽ മൂന്ന് പേര് അടങ്ങുന്ന ടീമുകളായാണ് പങ്കെടുത്തത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന രീതിയിലായിരുന്നു ടീമുകളുടെ ക്രമീകരണം. പ്രാഥമിക റൗണ്ടിൽ 40-ലധികം ടീമുകൾ പങ്കെടുത്തു. വാശിയറിയ മത്സരത്തിൽ മലയാളി എൻജിനീയർ അലമ്നൈ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
തൃശൂർ എൻജിനീയറിങ് കോളജ് അലമ്നൈ റണ്ണറപ്പും കണ്ണൂർ എൻജിനീയറിങ് കോളജ് അലമ്നൈ സെക്കൻഡ് റണ്ണറപ്പുമായി. കോളേജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം അലമ്നൈ, ടികെഎം കോളേജ് ഓഫ് എൻജിനീയറിങ് അലമ്നൈ, എൻഎസ്എസ് കോളജ് ഓഫ് എൻജിനീയറിങ് അലമ്നൈ എന്നിവ യഥാക്രമം 4, 5, 6 സ്ഥാനങ്ങൾ നേടി. പരമാവധി 11 ടീമുകളെ പങ്കെടുപ്പിച്ച് മലയാളി എൻജിനീയർ അലമ്നൈ പ്രൈം പാർട്ടിസിപ്പേഷൻ അവാർഡും കരസ്ഥമാക്കി. ടികെഎം കോളേജ് ഓഫ് എൻജിനീയറിങ് അലമ്നൈയുടെ 7 ടീമുകളും കണ്ണൂർ എൻജിനീയറിങ് കോളേജ് അലമ്നൈയുടെ 6 ടീമുകളും പങ്കെടുത്തു.
വിജയികൾക്ക് സമ്മാനമായി ട്രോഫികളും വിവിധ ഗൃഹോപകരണങ്ങളും വിതരണം ചെയ്തു. രണ്ടായിരത്തിൽ തുടങ്ങിയ ക്വിസ് മത്സര പരമ്പരയുടെ ഇരുപത്തി ഒന്നാമത് എഡിഷനാണ് ഇക്കുറി അരങ്ങേറിയത്. പ്രസിഡന്‍റ് ഡിക്കി ഫിലിപ്പ്, സെക്രട്ടറി അജിത് കുമാർ, നൗഷാദ് അബ്ദുൾ ഹമീദ്, മൃണാൾ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.