ADVERTISEMENT

അബുദാബി ∙ യുഎഇയിൽ ഞായറാഴ്ച ആരംഭിക്കുന്ന പൊതുമാപ്പിന് രാജ്യം സജ്ജമായി. അപേക്ഷകരെ സ്വീകരിക്കാൻ വിവിധ എമിറേറ്റുകളിൽ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, പോർട്സ് സെക്യൂരിറ്റി (ഐസിപി) വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8 മുതൽ രാത്രി 8 വരെ അപേക്ഷ സ്വീകരിക്കും. നിയമലംഘകർ എത്രയും വേഗം നടപടി പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു. 

പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ തിരിച്ചുവരാം. രേഖകൾ ശരിയാക്കി പുതിയ വീസയിലേക്ക് മാറാൻ അവസരമുണ്ട്. പിഴ കുടിശിക വിട്ടുനൽകുന്നതിനൊപ്പം പ്രവേശന വിലക്കുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. 

താമസ, സന്ദർശക വീസ കാലാവധി തീർന്നശേഷവും അനധികൃതമായി യുഎഇയിൽ തങ്ങിയവർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം. രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാം. രേഖകൾ കാലഹരണപ്പെട്ടവർക്കും ഇല്ലാത്തവർക്കും പൊതുമാപ്പിന് അപേക്ഷിക്കാം. പൊതുമാപ്പ് അപേക്ഷയ്ക്ക് ഫീസ് ഈടാക്കില്ല.  

നവംബർ ഒന്നുമുതൽ കർശന പരിശോധന
പൊതുമാപ്പിന് അപേക്ഷിക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നും ഐസിപി അഭ്യർഥിച്ചു. പൊതുമാപ്പ് തീർന്നാൽ നവംബർ ഒന്നുമുതൽ നിയമലംഘകർക്കായി പരിശോധന ശക്തമാക്കും. പിടിക്കപ്പെട്ടാൽ തടവും പിഴയും നാടുകടത്തലുമാകും ശിക്ഷ.

യുഎഇയിൽ വീസ കാലാവധി കഴിഞ്ഞ ശേഷം തങ്ങുന്നവർക്ക് ദിവസം ഒന്നിന് 50 ദിർഹമാണ് പിഴ. എത്ര ദിവസമാണ് അനധികൃതമായി താമസിച്ചത് അത്രയും തുകയാണ്  ഈടാക്കാറുള്ളത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് ഇത് നൽകേണ്ടതില്ല.

പൊതുമാപ്പ് ആർക്കെല്ലാം
വീസ റദ്ദാക്കുകയോ കാലാവധി തീരുകയോ ചെയ്തവർ, രാജ്യത്ത് അനധികൃതമായി തങ്ങിയവർ, സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർ, യുഎഇയിൽ ജനിച്ചവരും താമസ വീസയ്ക്ക് അപേക്ഷിക്കാത്തവരുമായ കുട്ടികൾ എന്നിവർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം.

ഇളവില്ലാത്തവർ
പൊതുമാപ്പ് തുടങ്ങുന്ന സെപ്റ്റംബർ ഒന്നിന് ശേഷം വീസ കാലാവധി തീരുന്നവർ, ഒളിച്ചോടിയവർ, വിവിധ നിയമലംഘനങ്ങൾക്ക് യുഎഇ ഉൾപ്പെടെ ജിസിസി രാജ്യങ്ങൾ നാടുകടത്തപ്പെട്ടവർ, നുഴഞ്ഞുകയറ്റക്കാർ എന്നിവർക്ക് മാപ്പില്ല.

ആനുകൂല്യങ്ങൾ
അഞ്ചുതരം പിഴകളിൽ നിന്ന് പൊതുമാപ്പ് അപേക്ഷകർക്ക് ഇളവുണ്ട്.  നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നതിന് ലഭിച്ച പിഴ, എസ്റ്റാബ്ലിഷ്മെന്റ് കാർഡ് പിഴ,  തിരിച്ചറിയൽ കാർഡ് പിഴ, മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന് തൊഴിൽ കരാർ നൽകാത്തതിനുള്ള പിഴ, പുതുക്കിയ തൊഴിൽ കരാർ നൽകാത്തതിനുള്ള പിഴ.  

ഫീസിളവ്
വീസ റദ്ദാക്കുന്നതിനുള്ള ഫീസ്, ഒളിച്ചോട്ടം റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഫീസ്, എക്സിറ്റ് പെർമിറ്റ് ഫീസ്, വീസ വിശദാംശങ്ങൾ അറിയാനുള്ള ഫീസ് എന്നിവ പൊതുമാപ്പ് അപേക്ഷകർ നൽകേണ്ടതില്ല.

അപേക്ഷ  നൽകാനുള്ള കേന്ദ്രങ്ങൾ
∙ അബുദാബി
അബുദാബി, അൽദഫ്റ, സുവൈഹാൻ, അൽമഖ, അൽഷഹാമ എന്നിവിടങ്ങളിലെ ഐസിപി സെന്ററുകളിൽ അപേക്ഷിക്കാം.

∙ ദുബായ്
ദുബായിൽ വിവിധ കേന്ദ്രങ്ങളിലുള്ള ആമർ സേവന കേന്ദ്രങ്ങളിലും അവീറിലെ എമിഗ്രേഷൻ സെന്ററിലും അപേക്ഷിക്കണം.

∙ മറ്റ് എമിറേറ്റുകൾ
ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ നിയമലംഘകർ അതത് ഇടങ്ങളിലെ ഐസിപി കേന്ദ്രങ്ങളെ സമീപിക്കണം.

∙ സാധുതയുള്ള പാസ്പോർട്ടുള്ളവർ
സാധുതയുള്ള പാസ്പോർട്ട് അല്ലെങ്കിൽ എമർജൻസി എക്സിറ്റ് (ഔട്ട്പാസ്), നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എന്നിവയുമായി മുകളിലത്തെ കേന്ദ്രങ്ങളിൽ എത്തിയാൽ നടപടി പൂർത്തിയാക്കി രാജ്യം വിടാനോ പുതിയ വീസയിലേക്ക് മാറാനോ സാധിക്കും.

∙ പാസ്പോർട്ട് കാലഹരണപ്പെട്ടവർ
പാസ്പോർട്ട് കാലഹരണപ്പെട്ടതാണെങ്കിൽ എംബസി/കോൺസുലേറ്റ് മുഖേന പുതുക്കുകയോ തത്ക്കാൽ പാസ്പോർട്ട് എടുക്കുകയോ ചെയ്താലേ പൊതുമാപ്പ് ഉപയോഗപ്പെടുത്താനാകൂ.

∙ പാസ്പോർട്ട് നഷ്ടപ്പെട്ടവർ
രേഖകൾ ഇല്ലാത്തവർ ദേശീയത തെളിയിക്കുന്ന രേഖയുടെ പകർപ്പ് (റേഷൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്) തുടങ്ങി ഏതെങ്കിലും ഒരു രേഖയുടെ പകർപ്പ് എംബസിയിൽ ഹാജരാക്കി സ്ഥിരീകരിച്ച ശേഷം സേവനകേന്ദ്രമായ ബിഎൽഎസ് വഴി എമർജൻസി എക്സിറ്റിന് (ഔട്പാസ്) അപേക്ഷിക്കണം. 

English Summary:

UAE Amnesty Begins Sunday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com