കന്നുകാലി വ്യാപാരം: ഖലീഫ തുറമുഖത്ത് വെറ്ററിനറി ക്വാറന്റീൻ കേന്ദ്രം തുറന്നു
Mail This Article
അബുദാബി ∙ മൃഗങ്ങളുടെ വ്യാപാരം വർധിപ്പിക്കാനും കന്നുകാലി ഇറക്കുമതി ശക്തമാക്കാനും പുനർകയറ്റുമതി വർധിപ്പിക്കാനും ലക്ഷ്യമിട്ട് ഖലീഫ തുറമുഖത്ത് വെറ്ററിനറി ക്വാറന്റീൻ കേന്ദ്രം ആരംഭിച്ചു. ഇറക്കുമതി ചെയ്യുന്ന മൃഗങ്ങളിൽ രോഗങ്ങൾ കണ്ടുപിടിക്കുന്നതിനും രാജ്യത്തേക്കുള്ള പ്രവേശനം തടയുന്നതിനും സംവിധാനം സഹായിക്കും.
വർഷത്തിൽ 10 ലക്ഷം കന്നുകാലികളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള കേന്ദ്രത്തിലൂടെ വ്യാപാരത്തിലും മാംസ വ്യവസായത്തിലും പ്രാദേശിക, രാജ്യാന്തര കമ്പനികളെ ആകർഷിക്കാനും ലക്ഷ്യമിടുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുക, ഭക്ഷ്യ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ.
ഈ രംഗത്ത് ലോക നിലവാരത്തിലേക്കു ഉയരാൻ വെറ്ററിനറി ക്വാറന്റീനിലൂടെ സാധിക്കുമെന്ന് കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് സഈദ് അൽ നുഐമി പറഞ്ഞു. സുസ്ഥിര ഭക്ഷ്യ വിതരണ ശൃംഖല വികസിപ്പിക്കുന്നതിന് എഡി പോർട്ട് ഗ്രൂപ്പ്, അഡാഫ്‌സ, അബുദാബി പ്രോജക്ട്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെന്റർ (എഡിപിഐസി) എന്നിവ സഹകരിച്ചാണ് പദ്ധതി. ലോകോത്തര സൗകര്യമുള്ള കേന്ദ്രത്തിൽ വെറ്ററിനറി ലാബ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.