ADVERTISEMENT

അബുദാബി ∙ സ്കൂളിലേക്കും തിരിച്ചുമുള്ള വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാൻ സ്മാർട്ട് സംവിധാനങ്ങൾ ശക്തമാക്കി യുഎഇ. ബസിൽ കുട്ടികളെ മറക്കുക, ചൂഷണം ചെയ്യുക തുടങ്ങിയവ ഒഴിക്കാൻ ലക്ഷ്യമിട്ടാണ് വിവിധ എമിറേറ്റിലെ പൊലീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്.

ബസ്സിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും വിദ്യാർഥികളുടെ ഐഡി കാർഡോ മുഖമോ സ്കാൻ ചെയ്താണ് ആപ് വഴി വിവരം രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും അറിയിക്കുന്നത്. ഈ സംവിധാനവുമായി രക്ഷിതാക്കളുടെ മൊബൈൽ ബന്ധിപ്പിച്ചവർക്ക് നേരിട്ടും അല്ലാത്തവർക്ക് സ്കൂളിന്റെ പാരന്റ്സ് പോർട്ടലിലൂടെയും യാത്ര നിരീക്ഷിക്കാം. നിശ്ചിത സമയം കഴിഞ്ഞിട്ടും വിദ്യാർഥി ബസ്സിൽനിന്ന് ഇറങ്ങിയില്ലെങ്കിലും നേരത്തെ ഇറങ്ങിയാലും വിവരം അറിയും. ഏതെങ്കിലും കുട്ടി സ്കൂളിലോ നിശ്ചിത സ്റ്റോപ്പിലോ ഇറങ്ങിയില്ലെങ്കിൽ ഡ്രൈവറെയോ സൂപ്പർവൈസറെയോ അറിയിക്കും. ഇതെല്ലാം ഉണ്ടെങ്കിലും ട്രിപ്പ് അവസാനിപ്പിക്കുമ്പോൾ ഡ്രൈവർ പിൻഭാഗം വരെ പോയി എല്ലാ സീറ്റുകളും പരിശോധിച്ച് കുട്ടികൾ ഇല്ലെന്ന് ഉറപ്പുവരുത്താനും നിർദേശമുണ്ട്.

ബസുകളുടെ അകത്തും പുറത്തും നൂതന ക്യാമറകൾ, വാർത്താവിനിമയ ഉപകരണങ്ങൾ, സെൻസറുകൾ എന്നിവ ഉൾപ്പെടുന്നതാണ് സ്മാർട് സംവിധാനം. സ്മാർട് ട്രാൻസ്പോർട്ടേഷൻ മോണിറ്ററിങ് സെന്ററിൽ നിന്നു ബസുകളെ പൂർണമായും നിരീക്ഷിക്കാനാകും. ബസ് പോകുന്ന സ്ഥലം, പ്രവർത്തനത്തിലെ പാളിച്ച തുടങ്ങിയവയും മനസിലാക്കാമെന്നതാണ് മറ്റൊരു പ്രത്യേക.

സലാമ ആപ്
വിദ്യാർഥികളുടെ യാത്ര നിരീക്ഷിക്കാൻ അബുദാബി പുറത്തിറക്കിയ സലാമ ആപ്പിൽ 672 സർക്കാർ, സ്വകാര്യ സ്കൂളുകളെ ഉൾപ്പെടുത്തി. സ്കൂൾ ബസ്സുകളുടെ യാത്ര ഗതാഗത വിഭാഗവും നിരീക്ഷിക്കും. ഏതാനും നഴ്‌സറികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബസ്സിന്റെ സഞ്ചാരപാത സ്മാർട്ട് ഫോണിൽ കാണാൻ സാധിക്കുന്നതിനാൽ മക്കൾ എവിടെ വരെ എത്തി എന്നും സ്കൂളിലും തിരിച്ച് വീട്ടിലും കൃത്യസമയത്ത് എത്തിയോ എന്നും ലോകത്ത് എവിടെയിരുന്നും രക്ഷിതാക്കൾക്ക് യഥാസമയം അറിയാനാകും. സ്കൂളിലും വീട്ടിലും എത്തുന്ന സമയം സലാമ ആപ്പ് രക്ഷിതാക്കളെയും സ്കൂളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും സ്വമേധയാ അറിയിക്കും.  ബസ്സ് ഗതാഗതക്കുരുക്കിൽ പെട്ട് സ്കൂളിലോ വീട്ടിലോ എത്താൻ വൈകുമെങ്കിൽ അക്കാര്യവും അറിയിക്കും. മാതാപിതാക്കൾ, സ്കൂൾ അധികൃതർ, ബസ് ഓപ്പറേറ്റർമാർ, ബസ് ഡ്രൈവർമാർ, സൂപ്പർവൈസർമാർ എന്നിവരുടെ ഫോണുകൾ ആപ്പ് വഴി ബന്ധിപ്പിച്ചാണ് വിവരകൈമാറ്റം. ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച്  പരാതിപ്പെടാൻ ടോൾ ഫ്രീ 800 850 നമ്പറുമുണ്ട്. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ റാസൽഖൈമ, ഫുജൈറ തുടങ്ങി മറ്റു എമിറേറ്റുകളിലും വ്യത്യസ്ത ആപ്പുകളിലൂടെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കിവരുന്നു.

English Summary:

UAE transport firm is ramping up student safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com