സൗദി അറേബ്യയിലെ വേട്ടയാടൽ സീസൺ സെപ്റ്റംബർ 1 ന് ആരംഭിക്കും
Mail This Article
റിയാദ് ∙ സൗദി അറേബ്യയിലെ വേട്ടയാടൽ സീസൺ 2024 സെപ്റ്റംബർ 1 ന് ആരംഭിച്ച് 2025 ജനുവരി 31 വരെ ആയിരിക്കുമെന്ന് നാഷനൽ സെൻ്റർ ഫോർ വൈൽഡ് ലൈഫ് അറിയിച്ചു. ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതിനൊപ്പം സുസ്ഥിരമായ വിഭവ ഉപയോഗം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വേട്ടയാടൽ രീതികളുടെ സമഗ്രമായ അവലോകനത്തെ തുടർന്നാണ് ഈ തീരുമാനം.
കേന്ദ്രത്തിൻ്റെ വെബ്‌സൈറ്റിലും ഫിത്രി പ്ലാറ്റ്‌ഫോമിലും വിശദമായ വിവരങ്ങൾ ലഭ്യമാണ്. പങ്കെടുക്കുന്നവർ വേട്ടയാടൽ ലൈസൻസുള്ള രേഖകൾ കൈവശം വയ്ക്കുകയും ഫിത്രി പ്ലാറ്റ്‌ഫോമിലൂടെ വേട്ടയാടൽ പെർമിറ്റ് നേടുകയും വേണം. വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ വേട്ടയാടുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നഗരപ്രദേശങ്ങൾ, ഗ്രാമങ്ങൾ, കൃഷിയിടങ്ങൾ, ജനവാസ കേന്ദ്രങ്ങൾ, സൈനിക, വ്യാവസായിക, സുപ്രധാന സൗകര്യങ്ങൾക്ക് സമീപം, റിസർവുകളിലും പ്രധാന പദ്ധതികളിലും തീരപ്രദേശങ്ങളിലും വേട്ടയാടുന്നത് അനുവദനീയമല്ലെന്നും കേന്ദ്രം ഊന്നിപ്പറഞ്ഞു.