അംഗീകൃത സംഘടനകളുടെ സഹകരണം തേടി ഇന്ത്യൻ എംബസി
Mail This Article
അബുദാബി ∙ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാൻ ഇന്ത്യൻ എംബസി അംഗീകൃത സംഘടനകളുടെ സഹായം തേടി. എംബസിയിലെ യോഗത്തിലാണ് സ്ഥാനപതി സഞ്ജയ് സുധീർ സംഘടനാ ഭാരവാഹികളോട് സഹകരണം അഭ്യർഥിച്ചത്. സ്വന്തമായി ആസ്ഥാനമുള്ള സംഘടനകളോടെല്ലാം പ്രത്യേക കൗണ്ടർ സ്ഥാപിക്കാൻ ആവശ്യപ്പെട്ടു. ബോധവൽക്കരണം ശക്തമാക്കാനും ആവശ്യപ്പെട്ടു.
കാലഹരണപ്പെട്ട പാസ്പോർട്ട് ഉള്ളവർക്ക് പുതിയവ എടുക്കുന്നതിന് ബിഎൽഎസ് കേന്ദ്രങ്ങളിലേക്കുള്ള അപേക്ഷ തയാറാക്കാനും പൊതുമാപ്പിനായി ഐസിപിയുടെ അപേക്ഷ തയാറാക്കാനും സംഘടനാ ആസ്ഥാനങ്ങളിൽ സൗകര്യമൊരുക്കാനാണ് ആവശ്യം. അനുബന്ധ രേഖകളുടെ പകർപ്പും എടുത്തുനൽകണം. സംഘടനകൾ ചെയ്യേണ്ടതിന്റെ ചെക്ക് ലിസ്റ്റും എംബസി ഉടൻ കൈമാറും. ടിക്കറ്റിനു പണമില്ലാത്തവരുടെ കാര്യവും ഇന്ത്യൻ പരിഗണിക്കും. അർഹരായവർക്ക് വെൽഫെയർ ഫണ്ട് ഉപയോഗിച്ച് വിമാന ടിക്കറ്റ് നൽകും. ഇക്കാര്യത്തിൽ സംഘടനകളും സഹകരിക്കണമെന്ന് സ്ഥാനപതി ആവശ്യപ്പെട്ടു. തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിർദേശം. പൊതുമാപ്പ് അപേക്ഷകരുടെ പാസ്പോർട്ട്, ഔട്പാസ് എന്നിവയ്ക്ക് ബിഎൽഎസ് സർവീസ് ചാർജ് ഒഴിവാക്കാനുള്ള ശ്രമം നടത്തുമെന്നും പറഞ്ഞു.