ADVERTISEMENT

ദുബായ് ∙ യുഎഇ താമസ കുടിയേറ്റ നിയമം ലംഘിച്ചവർക്ക് പിഴയോ യാത്രാ വിലക്കോ കൂടാതെ സ്വന്തം രാജ്യത്തേക്ക്  മടങ്ങാനുള്ള ഗ്രേസ് പിരീഡ് പദ്ധതി(പൊതുമാപ്പ്) നടപ്പിലാക്കാൻ പൂർണസജ്ജരാണെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അ‌ടക്കം വിവിധ എമിറേറ്റുകൾ അറിയിച്ചു. നാളെ (സെപ്റ്റംബർ ഒന്ന്) മുതൽ ഒക്ടോബർ 31വരെ നടക്കുന്ന പദ്ധതിയുടെ ഒരുക്കങ്ങള്‍ ദുബായ് എമിറേറ്റിൽ പൂർത്തിയായി എന്ന് ഡയറക്ടറേറ്റ് പറഞ്ഞു.

സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞും സ്പോൺസറുടെ അടുത്ത് നിന്ന് ഒളിച്ചോടിയതിനാൽ എംപ്ലോയ്മെന്‍റ‌‌് വീസാ കാലാവധി കഴിഞ്ഞും വൻതുക പിഴയൊടുക്കാനാകാതെ വർഷങ്ങളായി കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാർക്ക് പൊതുമാപ്പ് വലിയ അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. മുൻകാലങ്ങളിലെ പൊതുമാപ്പുകളിൽ ഇത്തരത്തിൽ ഒട്ടേറെ ഇന്ത്യക്കാർ മടങ്ങിയിരുന്നു.

രാജ്യത്തെ താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ്  പൊതുമാപ്പ്. യുഎഇയുടെ മാനുഷിക മൂല്യങ്ങളും സഹിഷ്ണുത, സമൂഹ അനുകമ്പ, ബഹുമാനം, നിയമവാഴ്ച എന്നിവയോടുള്ള ദുബായുടെ പ്രതിബദ്ധത  പ്രതിഫലിപ്പിക്കുന്ന സംരംഭം നടപ്പിലാക്കാൻ ജി ഡി ആർ എഫ് എ പ്രതിജ്ഞാബദ്ധമാണെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

∙86 ആമർ സെന്‍റ‌റുകൾ; അൽ അവീറിൽ ജിഡിആർ എഫ്എ കേന്ദ്രം

പൊതുമാപ്പ് അപേക്ഷകർക്ക് സേവനങ്ങൾക്കായി ദുബായിലെ 86 ആമർ സെന്‍റ‌റുകളെയും അൽ അവീറിലുള്ള ജിഡിആർ എഫ്എ യുടെ പൊതുമാപ്പ് കേന്ദ്രത്തെയും സമീപിക്കാമെന്ന്  നിയമലംഘകരായ വിദേശികളുടെ ഫോളോ അപ്പ്  വിഭാഗം അസിസ്റ്റന്‍റ‌് ഡയറക്ടർ  മേജർ ജനറൽ സലാ അൽ ഖംസി പറഞ്ഞു. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ സേവനങ്ങളും ആമർ സെന്‍റ‌റുകൾ കൈകാര്യം ചെയ്യുമെന്നും ബയോമെട്രിക് ഫിംഗർപ്രിന്‍റ‌‌് (എമിറേറ്റ്സ് ഐഡി ഉടമകൾ) ഉള്ളവർക്ക് ഡിപാർച്ചർ പെർമിറ്റ് നൽകുമെന്നും അൽ അവീർ സെന്‍റ‌ർ അംഗീകൃത വിരലടയാള സൗകര്യവും രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് ഔട്ട്പാസും നൽകുമെന്നും വ്യക്തമാക്കി.

∙ വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം;കിംവദന്തികളിൽ വീഴരുത്

ജിഡിആർഎഫ്എ ടീമുകൾ നടപടിക്രമങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കും. പ്രക്രിയ എളുപ്പമാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുകയും ചെയ്യും. പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രമേ  വിവരങ്ങൾ തേടാവൂ എന്നും കിംവദന്തികളെ ആശ്രയിക്കരുതെന്നും ജി ഡി ആർ എഫ് എ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങൾക്കും  24/7 പ്രവർത്തിക്കുന്ന കോൾ സെന്‍റ‌റിലേക്ക്  8005111 എന്ന നമ്പരിൽ വിളിക്കാമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

English Summary:

UAE amnesty from tomorrow: Preparations completed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com