പൊതുമാപ്പ്: ഹെൽപ് ഡെസ്ക് ഒരുക്കി ഇന്ത്യൻ സംഘടനകൾ
Mail This Article
അബുദാബി ∙ യുഎഇയിൽ നാളെ ആരംഭിക്കുന്ന പൊതുമാപ്പിൽ അപേക്ഷകരെ സഹായിക്കാൻ അംഗീകൃത ഇന്ത്യൻ സംഘടനകൾ ഹെൽപ് ഡെസ്കുമായി രംഗത്ത്. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടുന്നതിന് ഹോട്ട് ലൈൻ നമ്പറും ചില സംഘടനകൾ പുറത്തിറക്കി. നിയമ ലംഘകർക്ക് താമസം നിയമവിധേയമാക്കാനോ പിഴ കൂടാതെ രാജ്യം വിടാനോ ഉള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് വിവിധ സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
പൊതുമാപ്പിനുള്ള നടപടിക്രമങ്ങൾ അറിയാത്തവർക്ക് മാർഗനിർദേശം നൽകാനും അപേക്ഷ പൂരിപ്പിക്കാനുമാണ് പ്രധാനമായും സംഘടനകളുടെ സഹായം ലഭിക്കുക. രേഖകൾ നഷ്ടപ്പെടുകയോ, കാലഹരണപ്പെടുകയോ ചെയ്തവർക്ക് പാസ്പോർട്ട്, ഔട്പാസ് എന്നിവ എടുക്കുന്നതിനും മറ്റും ഷാർജ ഇന്ത്യൻ അസോസിയേഷൻ സഹായം നൽകുമെന്ന് പ്രസിഡന്റ് നിസാർ തളങ്കരയും ജനറൽ സെക്രട്ടറി ശ്രീപ്രകാശും അറിയിച്ചു.
പൊതുമാപ്പിനുള്ള അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് നയിക്കാൻ അബുദാബി മലയാളി സമാജവും ഉണ്ടാകുമെന്ന് ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് പറഞ്ഞു. ഇതിനായി സമാജത്തിൽ പ്രത്യേക കൗണ്ടർ സ്ഥാപിക്കും.
എത്ര വർഷത്തെ പിഴയുണ്ടെങ്കിലും ഇളവ് ലഭിക്കുമെന്നതിനാൽ നിയമലംഘകർ മടിക്കരുതെന്നും എക്സിറ്റ് പെർമിറ്റ് കിട്ടിയവർ 14 ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കിൽ പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്നും ജനങ്ങളെ ബോധവൽക്കരിക്കുമെന്നും അറിയിച്ചു.
അബുദാബി കെഎംസിസിയിലും ഹെൽപ് ഡെസ്ക് ആരംഭിക്കുമെന്ന് പ്രസിഡന്റ് ഷുക്കൂർ കല്ലുങ്ങൽ അറിയിച്ചു. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ തുറക്കുന്ന ഹെൽപ് ഡെസ്കിൽ സഹായത്തിന് റഷീദ് പട്ടാമ്പി (0508264991), സുഹൈൽ (0568829880) എന്നിവരെ ബന്ധപ്പെടണം. കേരള സോഷ്യൽ സെന്ററിലും ഹെൽപ് ഡെസ്ക് ആരംഭിച്ച് പ്രവാസി ഇന്ത്യക്കാർക്ക് സഹായമാകുമെന്ന് പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി അറിയിച്ചു. ഹെൽപ് ഡെസ്ക് സ്ഥാപിച്ച് പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയതായി ദുബായ് കെഎംസിസിയും അറിയിച്ചു.
അംഗീകൃത സംഘടനകൾ
∙ അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ 02-6730066
∙ അബുദാബി കേരള സോഷ്യൽ സെന്റർ 02-6314455
അബുദാബി മലയാളി സമാജം 02-5537600, 0508338542
∙ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ 02-6424488
∙ അബുദാബി കെഎംസിസി
അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ 03-7221080
∙ ദുബായ് കെഎംസിസി 04-2727773, 0565841961
∙ ഷാർജ ഇന്ത്യൻ അസോസിയേഷൻ 06-5610845