സൗദിയെ മനപ്പൂർവം കളങ്കപ്പെടുത്താൻ ശ്രമിച്ചിട്ടില്ല; മരുഭൂമിലെ പൊള്ളുന്ന ചൂട് ജീവിതത്തിലേറ്റു വാങ്ങിയ ആട്ടിടയൻ
Mail This Article
ദുബായ് ∙ ബഹ്റൈനിൽ പ്രവാസിയായിരുന്ന ബെന്യാമിന്റെ നോവൽ ആടുജീവിതം സിനിമയാകുന്നു എന്ന് പ്രഖ്യാപിച്ചതു മുതൽ വാർത്തകളിൽ ഇടം പിടിച്ചതാണ്. മരുഭൂമിലെ പൊള്ളുന്ന ചൂട് ജീവിതത്തിലേറ്റുവാങ്ങിയ നജീബ് എന്ന ആട്ടിടയന്റെ നേർജീവിതമാണ് അദ്ദേഹം 2008ല്‍ നോവലായി പ്രസിദ്ധീകരിച്ചത്. മലയാളനാട് അത് നെഞ്ചേറ്റി. ഇംഗ്ലിഷിലും, എന്തിന് അറബികിലും വിവർത്തനം ചെയ്യപ്പെട്ടപ്പോൾ വ്യാപകമായി സ്വീകരിക്കപ്പെട്ടു. പതിപ്പുകൾ ആവർത്തിച്ചുകൊണ്ടിരുന്നു. പിന്നീടത്, സംവിധായകൻ ബ്ലെസി സിനിമയാക്കാന്‍ മുന്നോട്ടുവന്നു. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ സിനിമ വന്നു. അറബ് നാട്ടിൽ യുഎഇയിലുള്ളവർ കണ്ടാസ്വദിച്ചു. സൗദിയടക്കം ചില രാജ്യങ്ങൾ പ്രദർശനാനുമതി നൽകിയില്ല. പിന്നീടത് ഒടിടിയിൽ വന്നു. ലോകം മുഴുവൻ കണ്ടു. കൂട്ടത്തിൽ യുഎഇ, സൗദി ഉൾപ്പെടെ അറബ് ലോകവും. ഇതിനിടെ കേരള സംസ്ഥാന സിനിമാ അവാർഡിൽ നജീബായി അഭിനയിച്ച പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. വേറെയും ചില അവാർഡുകൾ.
ഇനിയാണ് സീൻ മാറുന്നത്. സൗദികളെ അവഹേളിക്കാനാണ് ഈ സിനിമ ശ്രമിക്കുന്നതെന്നും ആ ഒരൊറ്റ ഉദ്ദേശ്യമേ ഇതിന്റെ അണിയറപ്രവര്‍ത്തകർക്കുള്ളൂ എന്നുമുള്ള ആരോപണവുമായി ആദ്യം രംഗത്തെത്തിയത് സൗദിയിലെ പുതിയ തലമുറയാണ്. സമൂഹമാധ്യമത്തിലൂടെ അവർ ആടുജീവിതത്തിനെതിരെ ശക്തമായി ആഞ്ഞടിച്ചു. ഇതോടെ അറബ് ലോകം മുഴുവൻ സിനിമ കാണാൻ തത്പരരായി. യുഎഇ, സൗദി, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളിലെല്ലാം സിനിമ നെറ്റ്ഫ്ലിക്സിൽ ഏറെ കാലം ഒന്നാം സ്ഥാനത്ത് തുടർന്നു. ഇപ്പോൾ പലയിടത്തും മൂന്നും നാലും സ്ഥാനത്ത് തുടരുന്നു.
അറബ് ലോകത്തെ പുതുതലമുറയാണ് ഈ സിനിമയ്ക്കെതിരെ സമൂഹമാധ്യമത്തിലൂടെ വിമർശനം ഉന്നയിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. അവരുടെ പ്രശ്നം സിനിമയുടെ സംവിധാനത്തെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ മറ്റു സാങ്കേതിക വശങ്ങളേക്കുറിച്ചോ അല്ല. മറിച്ച്, സിനിമയുടെ പ്രമേയത്തെക്കുറിച്ചാണ്. നജീബിനെ കഫീൽ (സ്പോൺസർ) മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ പോയ കാലത്ത് ഉണ്ടായേക്കാമെന്നും അതൊക്കെ ഇപ്പോൾ സിനിമയിലൂടെ അവതരിപ്പിക്കുന്നത് ഒരുപാട് മാറിയ ആധുനിക സൗദിയെ തേജോവധം ചെയ്യാനാണെന്നും ഇവർ പരാതിപ്പെടുന്നു. ഇതിനെതിരെ പക്ഷേ, സൗദിയിലെയും ഇതര അറബ് രാജ്യങ്ങളിലെയും ചിലർ സമൂഹമാധ്യമത്തിലൂടെ തന്നെ ഖണ്ഡിക്കുന്നുമുണ്ട്. ഇതേത്തുടർന്ന് ആടുജീവിതം സജീവ ചർച്ചയുമായി. ക്രൂരനായ കഫീൽ ആയി വേഷമിട്ട ഒമാനി നടൻ താലിബ് അൽ ബലൂഷിക്ക് വിമർശനങ്ങളേറ്റുവാങ്ങേണ്ടിവന്നു. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജോർദാൻ നടൻ ആകിഫ് നാജെം, തിരക്കഥ പൂര്‍ണമായും വായിക്കാതെയാണ് താൻ അഭിനയിച്ചതെന്നും ഇതിൽ ഖേദമുണ്ടെന്നും അറിയിച്ചു.
അതേസമയം, സൗദി പുതുതലമുറയുടെ പരാതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേർ രംഗത്തുവന്നു. പലരും സൗദിയിൽ നേരിട്ട ദുരനുഭവങ്ങൾ പോസ്റ്റുകളായും റീലുകളായും കുഞ്ഞു വിഡിയോകളായും പങ്കുവയ്ക്കുന്നു. ഇതിനെയെല്ലാം ശക്തിയുക്തം എതിർക്കുന്നവരുമേറെ. ഏതായാലും ഗൾഫിലെ തൊഴിലുടമയും ജോലിക്കാരും തമ്മിലുള്ള ബന്ധത്തിലൂന്നിയ ഇത്തരത്തിലൊരു ആരോഗ്യകരമായ ചർച്ചയ്ക്ക് ആടുജീവിതം വഴിയൊരുക്കി എന്ന് ബെന്യാമിനും ബ്ലെസിക്കും പൃഥ്വിരാജിനും അഭിമാനിക്കാം.
സൗദിയിലെ ജിദ്ദയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം ന്യൂസ് പത്രത്തിൽ രണ്ടു വർഷം മാധ്യമപ്രവർത്തകനായി ജോലി ചെയ്തപ്പോൾ, റിപ്പോർട്ടിങ്ങിനിടെ ചിലരിൽ നിന്ന് വളരെ വേദനാജനകമായ ദുരനുഭവം നേരിട്ട കാര്യം ഞാനിപ്പോൾ ഓർക്കുകയാണ്. എന്നാൽ, ഭൂരിഭാഗം സൗദികളിൽ നിന്നും സ്നേഹസമ്പൂർണമായ പെരുമാറ്റമാണ് ഉണ്ടായിട്ടുള്ളത് എന്ന് പറയാതിരിക്കാനാവില്ല. അതുകൊണ്ട് ഒരിക്കലും ഒരു നാടിനെയും നാട്ടുകാരെയും നമുക്ക് അടച്ചാക്ഷേപിക്കാനാവില്ല. എല്ലായിടത്തും നല്ലതും ചീത്തയുമുണ്ട്. ആടുജീവിതം വർഷങ്ങൾക്ക് മുൻപ് പുറത്തുവന്ന നോവലാണ്. അത് സിനിമയാക്കാൻ വർഷങ്ങളെടുത്തു. അതുകൊണ്ട്, സിനിമ തിയറ്ററുകള്‍ ആരംഭിച്ചതടക്കം യാഥാർഥ്യമായ സൗദിയുടെ പുതിയ മുഖം കളങ്കപ്പെടുത്താൻ മനപ്പൂർവം ആടുജീവിതക്കാർ ശ്രമിച്ചതല്ല എന്ന് സൗദികൾ മനസിലാക്കണം. അവരെ ഇക്കാര്യം പറഞ്ഞു മനസിലാക്കേണ്ടത് ഇത് വായിക്കുന്ന, അറബിക് അറിയാവുന്ന സൗദിയിലെ മലയാളികളുടെ ഉത്തരവാദിത്തമാണ്.
'ഔട്ട് പാസി'ന് പിന്നിലെ പൊതുമാപ്പ്
1996 ആണ് പൊതുമാപ്പ് ചരിത്രം തുടങ്ങിയ വർഷം. റസിഡൻസ് പെർമിറ്റ്, വിസിറ്റ് വീസ അല്ലെങ്കിൽ എൻട്രി പാസുകൾ എന്നിവയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പ്രവാസികൾക്കായി യുഎഇ ആദ്യത്തെ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ദിവസേനയുള്ള 100 ദിർഹം പിഴയടക്കുന്നതിൽ നിന്ന് എല്ലാ പ്രവാസികളെയും ഒഴിവാക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അന്ന് പ്രസ്താവനയിൽ അറിയിച്ചു. റസിഡൻസ് പെർമിറ്റ് കാലഹരണപ്പെട്ടതിന് ശേഷവും ചില പ്രവാസികളെ രാജ്യത്ത് തുടരാൻ പ്രേരിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആ നീക്കം. സാമ്പത്തിക ഭാരം വഹിക്കാതെ ഈ നിയമലംഘകരെ രാജ്യം വിടാൻ അനുവദിക്കുന്നതിന് ഒരു ഇമിഗ്രേഷൻ ഓഫിസറുടെ മുൻപാകെ ഹാജരായാൽ പിഴയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതായി അന്ന് പുറത്തിറക്കിയ റിപോർട്ടിൽ പറഞ്ഞു.
പിന്നീട് ഒട്ടേറെ പൊതുമാപ്പുകള്‍. ഇതുപയോഗിച്ച് മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാർ നാട്ടിലേയ്ക്ക് മടങ്ങി. ആദ്യകാലത്ത് ഇത്തരത്തിൽ പോകുന്നവർക്ക് യാത്രാ വിലക്കുണ്ടായിരുന്നു. കഴിഞ്ഞ പൊതുമാപ്പിൽ യാത്രാനിരോധനം ഉണ്ടായില്ല. ഇപ്രാവശ്യവും അതുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചുകഴിഞ്ഞു. അതുകൊണ്ട് അനധികൃതമായി യുഎഇയിൽ തുടരുന്ന ഇന്ത്യക്കാർ എത്രയും പെട്ടെന്ന് താമസരേഖ നിയമപരമാക്കുകയോ, പൊതുമാപ്പിന് അപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങുകയോ വേണം. ബേജാറ് വേണ്ട, നിങ്ങൾക്ക് പുതിയ വീസയെടുത്ത് അന്തസ്സായി തിരിച്ചുവരാം.
ഇത്തരമൊരു പൊതുമാപ്പാണ് ഔട്ട് പാസ് എന്ന നോവലെഴുതാൻ ഈയുള്ളവന് പ്രചോദനമായത്. അന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ജുമൈറയിലെ ഔട്ട് പാസ് കേന്ദ്രത്തിനരികിലൂടെ യാത്ര ചെയ്യണമായിരുന്നു. ബഹുനില കെട്ടിടത്തിന് മുന്നിലെ മരുഭൂമിയിലെ മനുഷ്യനിരകൾ മരുഭൂമിയിലെ പാമ്പുകളെ പോലെ തോന്നിപ്പിച്ചു എന്ന വരികളിലൂടെയാണ് നോവൽ തുടങ്ങുന്നത്. അതുപോലുള്ള വരികൾ ഇപ്രാവശ്യവും ഉണ്ടാകില്ല. കാരണം, അന്നത്തെയത്രയും അനധികൃത താമസക്കാർ യുഎഇയിൽ ഇന്നില്ല എന്നത് തന്നെ. എങ്കിലും, നോവലിലെ പ്രധാന കഥാപാത്രമായ കുഞ്ഞാച്ചയെ പോലെ ഒട്ടേറെ മനുഷ്യർ ഈ രാജ്യത്തിന്റെ ഏതെല്ലാമോ മുക്കിലും മൂലയിലും ജീവിതം ജീവിച്ചുതീർക്കുന്നുണ്ട് എന്നതൊരു യാഥാർഥ്യം മാത്രം!
ഹാഷ് പറഞ്ഞ പ്രവാസിയുടെ ഡിജിറ്റൽ വിപ്ലവ കഥ
യുഎഇയിൽ ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് ഹാഷ് ജാവേദ്. ഈ മേഖലയിലെ ഓരോ ചലനവും അദ്ദേഹം കണ്ടറിയുന്നു. അതേക്കുറിച്ച് കാര്യമായി അറിവില്ലാത്ത, മനസിലാക്കാൻ ശ്രമിക്കാത്ത ഈയുള്ളവനെ ചെറുതായെങ്കിലും ഇടയ്ക്കിടെ ഹാഷ് വിമർശിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഹാഷ് എന്നോട് ചോദിച്ചു: വിമാനങ്ങളിൽ എയർ കണ്ടീഷനർ (ശീതീകരണി അഥവാ എസി) പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? വിമാനം പറക്കാൻ വൈകിയാൽ അതിനകത്ത് നല്ല ചൂടനുഭവപ്പെടാറുള്ളത് ഞാനോർത്തു. ചൂട് സഹിക്കവയ്യാതെ കുട്ടികളും മറ്റും കരയാൻ തുടങ്ങുമ്പോൾ എസി പ്രവർത്തിപ്പിക്കൂ എന്ന് യാത്രക്കാർ ബഹളം വയ്ക്കുന്നതും ജീവനക്കാർ അതു കേട്ടില്ലെന്ന് നടിക്കുന്നതും കണ്ടിട്ടുണ്ട്. എസി ഓൺ ചെയ്താൽ തണുക്കും. പൈലറ്റിനോ, കാബിൻ ക്രൂവിനോ എസി ഇട്ടാലെന്താ എന്ന ചോദ്യം പല സീറ്റുകളിൽ നിന്നും ഉയരുന്നതിനും സാക്ഷിയായിട്ടുണ്ട്.
പക്ഷേ, അതല്ല കാര്യം. എന്റെ അജ്ഞതയിൽ ഊറിച്ചിരിച്ചുകൊണ്ട് ഹാഷ് തുടർന്നു: വിമാനത്തിൽ എസി ഇല്ല! ഞാൻ ഞെട്ടിയപ്പോൾ ഹാഷ് സംഭവം പറഞ്ഞു: ഞെട്ടിക്കോ, സംഗതി സത്യമാണ്. വിമാനങ്ങളിൽ ശീതീകരണി എന്നൊന്നില്ല. പറന്നുയരുമ്പോൾ അന്തരീക്ഷോഷ്മാവുമായി ലയിച്ചാണ് വിമാനത്തിൽ തണുപ്പനുഭവപ്പെടുന്നത്. ആവശ്യാനുസരണം വായുപ്രവാഹവും താപനിലയും നിയന്ത്രിക്കുന്ന രണ്ട് പായ്ക്കറ്റുകളിലൂടെ പ്രോസസ്സ് ചെയ്ത എയർ ഉപയോഗിച്ചാണ് എയർ കണ്ടീഷനിങ് സിസ്റ്റം വിതരണം ചെയ്യുന്നത്. വിമാനത്തിൽ എയർ കണ്ടീഷനിങ് സംവിധാനം ആവശ്യമുള്ള താപനില കൈവരിക്കുന്നതിന് ചൂടും തണുത്ത വായുവും മിക്സ് ചെയ്യുന്നു. വിമാനത്തിന്റെ തരങ്ങൾ വ്യത്യസ്തമാണ്, എന്നാൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിന്റെ തത്ത്വങ്ങളും പ്രവർത്തനങ്ങളും എല്ലാ വിമാനങ്ങളിലും ഒന്നുതന്നെ.
എയർ കണ്ടീഷനിങ് സിസ്റ്റത്തിന്റെ പ്രാഥമിക ഭാഗങ്ങൾക്ക് ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ ഉണ്ട്: വിമാനത്തിന്റെ പ്രഷറൈസേഷനും വെന്റിലേഷനുമായി ശുദ്ധവായു പ്രവാഹം നിയന്ത്രിക്കുക ഫ്ലൈറ്റ് കമ്പാർട്ട്മെന്റും പാസഞ്ചർ ക്യാബിൻ താപനിലയും നിയന്ത്രിക്കുക, വായുസഞ്ചാരത്തിനായി ക്യാബിൻ എയർ റീസർക്കുലേറ്റ് ചെയ്യുക.
വിമാനം പറന്നിറങ്ങിയാൽ ഉടൻ മറ്റൊരു വാഹനത്തിൽ എസി കൊണ്ടുവന്ന് ഘടിപ്പിച്ചാണ് തണുപ്പുണ്ടാക്കുന്നത്. അപ്രതീക്ഷിതമായി വിമാനം പറക്കാൻ വൈകിയാൽ എസി കൊണ്ടുവന്ന് ഘടിപ്പിക്കണമെന്നില്ല. അതാണ് വിമാനത്തിനകത്ത് ചൂടനുഭവപ്പെടുന്നതും യാത്രക്കാരുടെ ആവശ്യം കേട്ടില്ലെന്ന് നടിച്ച് ജീവനക്കാർ പതുക്കെ വലിയുന്നതും. ഇതൊന്നുമല്ല രസം. ഈ അറിവ് ഹാഷിന് പറഞ്ഞുകൊടുത്തത് അൽ ഐനിലെ ഒരു കഫ്തീരിയയിൽ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാരനായ സൈതലിക്ക (ശരിയായ പേരല്ല) യാണ്. അടുത്തിടെ വേനലവധി കഴിഞ്ഞ് ദുബായിലേയ്ക്ക് പറക്കുമ്പോൾ സംസാരത്തിനിടെ തൊട്ടടുത്തെ സീറ്റുകാരനായ സൈതാലിക്ക പകർന്നുനൽകിയ അറിവ്.
സൈതലിക്ക എവിടെ നിന്നാണ് ഇക്കാര്യം പഠിച്ചത്?–ഹാഷിന്റെ ചോദ്യത്തോട് അദ്ദേഹം പുഞ്ചിരിച്ചുവത്രെ. അതൊക്കെ യുട്യൂബിലും മറ്റും ഉണ്ടല്ലോ. ജോലി കഴിഞ്ഞ് റൂമിലെത്തിയാൽ ഞാൻ യൂട്യൂബ് വഴി ഇതൊക്കെ കാണും. എന്തോരം അറിവാ മോനേ ഈ കുന്താണ്ടത്തിലുള്ളത്. അതൊരു അക്ഷയഖനി തന്നെ.
ഇന്റർനെറ്റുണ്ടായിരുന്നെങ്കിൽ സൈതാലിക്ക കോഴിക്കോട് നിന്ന് ദുബായിലെത്തുവോളം യുട്യൂബ് എന്ന മായാലോകത്ത് വിരാജിച്ചേനെ എന്ന് ഹാഷിന് തോന്നി.
പാറ്റ നിർമാർജനം അതിബൃഹത്തായ പോരാട്ടം
ഒരു കാലത്ത് മൂട്ടയായിരുന്നു പ്രവാസ ലോകത്തെ ബാച്ലർ ഫ്ലാറ്റുകളിലെ മുഖ്യശത്രു. എന്നെ കൊതുക് കടിച്ചെടുത്ത് കൊണ്ടുപോകുമായിരുന്നു; ഭാഗ്യം! താഴെ നിന്ന് മൂട്ടകൾ കടിച്ചുപിടിച്ചതുകൊണ്ട് അതുണ്ടായില്ല എന്ന് പ്രവാസികൾ തമാശ പറയുമായിരുന്നു, ഒരുകാലത്ത്. മൂട്ട ഇന്ന് പൂർണമായും 'സ്കൂട്ടാ'യി എന്നല്ല, എങ്കിലും പഴയ പോലെ അത്ര വ്യാപകമല്ല എന്നതാണ് നേര്. എന്നാൽ, ആ സ്ഥാനത്ത് കൂറ (തെക്കന്മാർ പാറ്റ എന്ന് പറയും) നിറഞ്ഞാടുന്നുണ്ട്. ബാച്ലർമാരുടെയും കുടുംബങ്ങളുടെയുമെല്ലാം താമസ സ്ഥലങ്ങളിൽ കൂറകൾ സംസ്ഥാന സമ്മേളനം നടത്തുന്നത് തുടരുന്നു. ലോകത്തെ ഏറ്റവും പുരാതന ജീവികളിലൊന്നാണ് കൂറ. ഇതിനെ തുരത്താൻ പലരും പലവഴികള്‍ സ്വീകരിക്കുന്നു. മുനിസിപാലിറ്റിയുടെ ലൈസൻസുള്ള പെസ്റ്റ് കൺട്രോള്‍ കമ്പനിക്കാർ നല്ലൊരു സംഖ്യ വാങ്ങി മരുന്ന് തളിക്കുന്നു. പക്ഷേ, കുറഞ്ഞ കാലത്തേയ്ക്ക് മാത്രമേ അവ സ്ഥലം കാലിയാക്കുകയുള്ളൂ. പതിയെ വീണ്ടും അടുക്കള സന്ദർശനത്തിനെത്തി അവിടെ ഒളിസങ്കേതങ്ങളിൽ തുടരും.
എന്നാൽ, പാറ്റകളെ തുരത്താനുള്ള ഒരു അടിപൊളി സൂത്രം കുറച്ച് കാലം മുൻപ് മനസിലാക്കിയത് പലർക്കും ഗുണകരമാകും എന്നതിനാൽ ഇവിടെ വിശദീകരിക്കാം: ഇതിന് വേണ്ട സാധനങ്ങൾ: ബോറിക് ആസിഡ് പൗഡർ, ഒരു കോഴിമുട്ട, ഇത്തിരി പാല്, ഇത്തിരി പഞ്ചസാര.
മുട്ട പുഴുങ്ങി അതിന്റെ മഞ്ഞക്കുരുവെടുത്ത് ഉടച്ച് അതിൽ ഇത്തിരി പാലൊഴിക്കുക. കൂടെ ഇത്തിരി പഞ്ചസാരയും. ഇതെല്ലാം കുഴമ്പുരൂപത്തിലാക്കി അടുക്കളയുടെ പല ഭാഗങ്ങളിലായി വച്ചു നോക്കൂ. ഒന്നോ രണ്ടോ ദിവസങ്ങൾക്കകം കൂറകൾ ഹേമ കമ്മിറ്റി റിപോർട്ട് വായിച്ച സിനിമക്കാരെപോലെ വെപ്രാളപ്പെട്ട് തലങ്ങും വിലങ്ങും പായുന്നത് കാണാം. വിഷമിക്കേണ്ട, അവ നമ്മൾ വച്ച വിഷസദ്യയുണ്ട് കിറുങ്ങി നടക്കുകയാണ്. അടുത്ത ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളില്‍ അവയുടെ പൊടിപോലും ഉണ്ടാവില്ല കാണാൻ. ഇത് ചുരുങ്ങിയത് ഒരു വർഷത്തേക്കെങ്കിലും കൂറകളെ തുരുത്തും. എങ്കിലും ഒരു കാര്യമോർക്കുക: വൃത്തിയും വെടിപ്പും തന്നെയാണ് കൂറനിർമാർജനത്തിനുള്ള ഏറ്റവും നല്ല ആയുധം.
ഗുഡ് ബൈ ജൂലിയ
യുഎഇയിലും ഇതര ഗൾഫ് രാജ്യങ്ങളിലുമുള്ള വലിയൊരു പ്രവാസി സമൂഹമാണ് സുഡാൻ പൗരന്മാർ. പൊതുവെ, വളരെ സൗമ്യരും നന്മയുള്ളവരുമാണ് ഈ രാജ്യക്കാർ എന്ന് മനസിലായിട്ടുണ്ട്. പരമ്പരാഗത സുഡാൻ പൗരന്മാരിൽ പുരുഷന്മാർ വെളുത്ത വസ്ത്രവും തലപ്പാവും ധരിക്കും. സ്ത്രീകളാണെങ്കിൽ വിവിധ വർണങ്ങളിൽ ഡിസൈനുകളുള്ള പ്രത്യേക വസ്ത്രവും. ഇവരെ കാണുമ്പോൾ എനിക്ക് എന്റെ നാട്ടിന്‍പുറം ഓർമവരും. നമ്മുടെ നാട്ടിലെ പഴയ തലമുറയുടെ വസ്ത്രധാരണ രീതിയാണ് പഴയതലമുറയിലെ സുഡാൻ പൗരന്മാർ പിന്തുടരുന്നത്.
കഴിഞ്ഞ ദിവസം നെറ്റ് ഫ്ലിക്സിൽ കണ്ട 2023ലെ സുഡാനി സിനിമ 'ഗുഡ് ബൈ ജൂലിയ' വ്യത്യസ്തമായ അനുഭൂതി സമ്മാനിച്ചു. മുഹമ്മദ് കോർദോഫാനി രചനയും സംവിധാനവും നിർവഹിച്ച ഗുഡ്ബൈ ജൂലിയ സംവിധായകന്റെ ആദ്യ ഫീച്ചർ ഫിലിമും കാൻ ഫിലിം ഫെസ്റ്റിവലിലെ അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ പ്രദര്‍ശിപ്പിച്ച സുഡാനിൽ നിന്നുള്ള ആദ്യ ചിത്രവുമാണ്. 96-ാമത് അക്കാദമി അവാർഡിൽ മികച്ച രാജ്യാന്തര ഫീച്ചർ ഫിലിമിനുള്ള മത്സരത്തിനായി സുഡാനീസ് നാഷനൽ കമ്മിറ്റി ഗുഡ്‌ബൈ ജൂലിയയെ തിരഞ്ഞെടുത്തു.
വടക്കൻ, തെക്കൻ സുഡാനീസ് സമൂഹം തമ്മിലുള്ള സങ്കീർണമായ ബന്ധത്തെയും വേർതിരിവുകളെയും പ്രതിനിധീകരിക്കുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ഗുഡ്ബൈ ജൂലിയ പറയുന്നത്. 2011-ൽ ദക്ഷിണ സുഡാൻ വേർപിരിയുന്നതിന് തൊട്ടുമുൻപ്, ഒരു ഏകീകൃത രാജ്യമെന്ന നിലയിൽ സുഡാനിന്റെ അവസാന വർഷങ്ങളിൽ ഖർത്തൂമിലാണ് കഥ നടക്കുന്നത്. ഭർത്താവ് അക്രമിനൊപ്പം താമസിക്കുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള ഒരു മുസ്ലിം യുവതിയും മുൻ ജനപ്രിയ ഗായികയുമായ മോന, ക്രിസ്ത്യാനിയും വിധവയുമായ ജൂലിയയെ തന്റെ വീട്ടുജോലിക്കാരിയായി നിയോഗിക്കുന്നു. പക്ഷേ, ഇതിന് പിന്നിൽ ഒരു കാരണമുണ്ട്. അതാണ് ഈ ചിത്രത്തെ തുടർന്ന് കാണാൻ ആകാംക്ഷാഭരിതമാക്കുന്നത്. മത വർഗ വർണങ്ങൾക്കതീതമായ മാനുഷികതയെക്കുറിച്ച് സംസാരിക്കുന്ന ഈ ചിത്രം സുഡാനിന്റെ ഗ്രാമീണ ജീവിതം വരച്ചുകാട്ടുന്നു. മികച്ച സിനിമകളെ ഇഷ്ടപ്പെടുന്നവർക്ക് നവ്യാനുഭൂതി സമ്മാനിക്കുന്ന ഗുഡ് ബൈ ജൂലിയയിൽ ഈമാൻ യൂസഫാണ് മോന എന്ന പ്രധാന കഥാപാത്രത്തിന് ജീവൻ പകരുന്നത്. സിറാൻ റിയാക്, നജർ ഗോമ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡാനിയേൽ എന്ന ബാലൻ മനസിൽ നൊമ്പരം കോറിയിടും. ലോകത്തെ വ്യത്യസ്ത ജീവിതങ്ങളെക്കുറിച്ചറിയാൻ താത്പര്യമുള്ളവരെ ഈ ചിത്രം പിടിച്ചിരുത്തും.
വാൽശല്യം
സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപോർട്ടിന്മേൽ വിവാദം കൊടുമ്പിരി കൊള്ളവെ, ഒരു പ്രവാസി ട്രോൾ: ബാച്ലേഴ്സ് റൂമിൽ ഞങ്ങള്‍ പ്രവാസികൾ നിത്യവും രാവിലെ ബാത്റൂമിന്റെ വാതിലിൽ മുട്ട്ണ മുട്ടൊന്നും ഒരു നടിമാരും അനുഭവിച്ചിട്ടുണ്ടാകില്ല. ഞങ്ങൾക്കൊരു ഹേമ കമ്മിഷനുമില്ല