ADVERTISEMENT

ദുബായ് ∙ കുറഞ്ഞ ചെലവിൽ ഫ്രീലാൻസ് (പാർട്ണർ) വീസ എന്ന ആകർഷകമായ പരസ്യത്തിലൂടെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചു നടക്കുന്ന തട്ടിപ്പിൽ വൻതുക നഷ്ടമായ സംഭവം വീണ്ടും. മലയാളി വനിതയടക്കം ഒട്ടേറെ പേരിൽ നിന്ന് പണം അടിച്ചുമാറ്റി ദുബായ് ഖിസൈസ് പഴയ അൽ ഹിലാൽ ബാങ്ക് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ സ്ഥിതി ചെയ്തിരുന്ന വീസ സർവീസ് സ്ഥാപനയുടമയായ  മലയാളി മുങ്ങി. വീസയ്ക്ക് പണം നൽകിയവർ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തിയപ്പോഴാണ് അടച്ചുപൂട്ടിയ നിലയിൽ കണ്ടത്. അന്വേഷണത്തിൽ 39 വയസ്സുകാരനായ ഉടമയും ഇദ്ദേഹത്തിന്റെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ ജീവനക്കാരിയും മുങ്ങിയതായും മനസിലായി. ഇയാൾ തൃശൂർ ജില്ലക്കാരനാണ്. ദുബായിലെ ചില മലയാളി വ്ലോഗർ ഇൗ സ്ഥാപനത്തെക്കുറിച്ച് ചെയ്ത വിഡിയോ പരസ്യം കണ്ടാണ് പണം നൽകിയതെന്ന് ഇവർ മനോരമ ഒാൺലൈനിനോട് പറഞ്ഞു. ഇൗ സ്ഥാപനത്തിന്റെ സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ ഉടമ മുങ്ങിയതിനാൽ താനും പ്രശ്നത്തിലകപ്പെട്ടെന്നും കേസ് കൊടുക്കാനുമാണ് അദ്ദേഹം പറയുന്നത്. ഇത്തരത്തിൽ പലരിൽ നിന്നും പണം വാങ്ങി വീസ നൽകാതെ ഉടമ മുങ്ങുകയും ഒട്ടേറെ പേർ വഴിയാധാരമാകുകയും ചെയ്ത സംഭവം നേരത്തെ മനോരമ ഒാൺലൈൻ റിപോർട് ചെയ്തിരുന്നു. ഇൗ പ്രശ്നം ദുബായ് എമിഗ്രേഷൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തിട്ടുണ്ട്.

പുതിയ സംഭവത്തിലും മലയാളികളെക്കൂടാതെ പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക സ്വദേശികളും വഞ്ചിതരായി. ഇവരെല്ലാം എംപ്ലോയ്മെന്റ്, സന്ദർശക വീസ കാലാവധി കഴിഞ്ഞവരാണ്. 2500 ദിർഹം മുതൽ 6,000 ദിർഹം വരെ നൽകിയതിനാൽ അത് തിരിച്ചുകിട്ടിയാൽ മാത്രമേ ഇവർക്ക് മറ്റു വഴികൾ ആലോചിക്കാനാകുകയുള്ളൂ. പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മാനസീക സമ്മർദത്തിലുമാണ്. വീസ കിട്ടിയില്ലെങ്കിലും പലരിൽ നിന്ന് കടം വാങ്ങിയും മറ്റും നൽകിയ പണമെങ്കിലും തിരിച്ചുകിട്ടണമെന്നാണ് ഇവരുടെ ഇപ്പോഴത്തെ ആവശ്യം. ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

∙ ഇല്ലാത്ത വീസയ്ക്ക് പണം വാങ്ങുന്നു
യുഎഇയിൽ എവിടെയും ജോലി ചെയ്യാൻ പറ്റുന്ന 'ഫ്രീലാൻസ് വീസ' അഥവാ പാര്‍ട്ണർ വീസയാണ് ഇത്തരത്തിൽ ഒാഫർ നൽകി വിൽക്കുന്നത്. ഇത് പലപ്പോഴും തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്നതാണ്.  യഥാർഥത്തിൽ 'ഫ്രീ ലാൻസ് വീസ 'എന്ന പേരിൽ ഒരു വീസയും യുഎഇ ഗവണ്മെന്റ് അനുവദിക്കുന്നില്ല. യുഎഇ ഇഷ്യു ചെയ്യുന്ന ഏതു വീസയുടെ ഫീസ് നിരക്കും സുതാര്യമാണെന്നിരിക്കെ അതിലും കുറഞ്ഞ നിരക്കിൽ നൽകുന്ന ഏതു ഓഫറുകളുടെയും പിന്നിൽ വഞ്ചന ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിക്കണമെന്ന് ഇൗ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്നവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരത്തിൽ ഫ്രീലാൻസ് വീസയെടുത്ത് പ്രതിസന്ധിയിലായ 19 പേരുടെ ദുരിതത്തെക്കുറിച്ച് അടുത്തിടെ മനോരമ ഒാൺലൈൻ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് അവബോധമെന്ന നിലയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  ഇവർ.

വീസ തട്ടിപ്പിനിരയായവർ സ്ഥാപനത്തിലെത്തിയപ്പോൾ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്
വീസ തട്ടിപ്പിനിരയായവർ സ്ഥാപനത്തിലെത്തിയപ്പോൾ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

പലപ്പോഴും മാതാപിതാക്കളെയോ വീട്ടു ജോലിക്കാരെയോ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ വേതനം കുറവായതിനാൽ സ്വന്തം സ്പോണ്സർഷിപ്പിൽ അതിന് കഴിയാതെ വന്ന സാഹചര്യത്തിലാണ് ഫ്രീ ലാൻസ് എന്ന പേരിൽ ലഭിക്കുന്ന പാർട്ണർ വീസയെ ആശ്രയിക്കുന്നത്. ഇത്തരം ആവശ്യക്കാർ വീസയ്ക്ക് വേണ്ടി കൊടുക്കുന്ന രേഖകൾ ഉപയോഗിച്ച് ഒരു ട്രേഡ് ലൈസൻസ് ഇഷ്യു ചെയ്യുകയും അതിൽ പാർട്ണർ വീസ നൽകുകയും ചെയ്യുന്നു. അതേസമയം ഈ ലൈസൻസിൽ അവരറിയാതെ തന്നെ മറ്റു പാർട്ണർ വീസയും തുടർന്ന് എംപ്ലോയ്‌മെന്റ് വീസയും മറ്റു പലർക്കും നല്കിയിട്ടുണ്ടാവും.

ഒരു വർഷം കഴിഞ്ഞാൽ ലൈസൻസ് പുതുക്കണമെന്നോ നിങ്ങളുടെ പാർട്നെർസ് ആരൊക്കെയാണെന്നോ ഇത്തരം സ്ഥാപന അധികൃതർ  ഈ ഉപയോക്താക്കളെ അറിയിക്കുകയുമില്ല. ഒരു വർഷം പിന്നിടുമ്പോൾ ലൈസൻസ് കാലാവധി കഴിയുകയും ആ ലൈസൻസിന്റെ കീഴിൽ വിറ്റഴിച്ച എംപ്ലോയ്‌മെന്റ് വീസക്കാരുടെ ഉത്തരവാദിത്തം കൂടി ഈ പാർട്ണേർസിന്റെ പേരിലാവുകയും ചെയ്യും. ഇതിൽ എംപ്ലോയ്‌മെന്റ് വീസയെടുത്തവർ മറ്റൊരു ജോലി കിട്ടിയാൽ ക്യാൻസൽ ചെയ്യേണ്ട സമയത്തു ലൈസൻസ് ഉടമയെ കിട്ടാതിരിക്കുകയും ലേബർ കോടതിയിൽ പരാതി നൽകുകയും തുടർന്ന് അധികൃതർ ബന്ധപ്പെടുകയും ചെയ്യുമ്പോഴാണ് പലരും അവർ എംപ്ലോയർമാരാണ് എന്ന വിവരം പോലുമറിയുന്നത്. അപ്പോൾ മാത്രമാണ് രണ്ടു വർഷത്തെ വീസയെടുത്തവർ അവർ അകപ്പെട്ട കെണി മനസ്സിലാകുന്നത്.

∙ ബിസിനസ് സ്വപ്നങ്ങൾ 'മുട്ട' പോലെ തകർന്നു
മുട്ട വ്യാപാരിയായ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഹുസൈൻ തന്റെ മൂന്ന് ജീവനക്കാർക്ക് വേണ്ടി വീസയ്ക്കാണ് ഫ്രീലാൻസ് വീസയ്ക്ക് വേണ്ടി ഇൗ സ്ഥാപനത്തിൽ പണം നൽകിയത്. രണ്ട് വീസയ്ക്ക് 4000 ദിർഹം വീതവും മൂന്നാമത്തെ വീസയ്ക്ക് 3500 ദിർഹവുമടക്കം ആകെ 11,500 ദിർഹം ജൂലൈ അഞ്ചാം തിയതി കൈമാറി. 20 ദിവസത്തിനകം മൂന്ന് വീസയും കൈയിൽ തരുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇത്രയും ദിവസം കഴിഞ്ഞിട്ടും വീസാ കാര്യത്തിൽ യാതൊരു നടപടികളും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചു. ഉടൻ ശരിയാകുമെന്ന് മറുപടി. ഇതാവർത്തിച്ചുകൊണ്ടിരുന്നു. പലപ്പോഴും നേരിട്ട് ചെന്ന് അന്വേഷിച്ചപ്പോഴും പിറ്റേദിവസം ശരിയാകും എന്ന് പറഞ്ഞ് മടക്കിയയച്ചു. ഇപ്പോൾ 2 ജീവനക്കാരുടെ വീസാ കാലാവധി കഴിയാറായി. മൂന്നാമൻ ഇതിനകം നാട്ടിലേയ്ക്ക് മടങ്ങി. കഴിഞ്ഞ ശനിയാഴ്ച ചെന്നപ്പോഴാണ് സ്ഥാപനത്തിന് പൂട്ട് വീണ കാര്യം അറിഞ്ഞത്. ഹുസൈൻ അജ്മാനിൽ കുടുംബസമേതമാണ് താമസിക്കുന്നത്. വളരെ സാമ്പത്തിക ബുദ്ധിമുട്ടിലായതിനാൽ വേറെ വീസയ്ക്ക് പണം കൊടുക്കാനും സാധിക്കില്ല. ബിസിനസും മുന്നോട്ടുകൊണ്ടുപോകാനാകാതെ ആകെ പ്രതിസന്ധിയിലാണെന്ന് ഹുസൈൻ പറഞ്ഞു.

സന്ദർശക വീസയിലെത്തി; പ്രതിസന്ധിയിലായി മലയാളി യുവതി
ഷാര്‍ജയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി ശരണ്യ ഫ്രീലാൻസ് വീസയ്ക്ക് വേണ്ടി ജൂലൈ ആദ്യത്തിൽ പ്രൊസസിങ് ഫീ എന്ന നിലയിൽ ആവശ്യപ്പെട്ട 2500 ദിർഹമാണ് നൽകിയത്. വ്ലോഗർമാർ 5800 ദിർഹമിന് നൽകുമെന്ന് പറയുന്ന വീസയ്ക്ക് ആകെ 8500 ദിർഹമാണ് ചോദിച്ചിരുന്നത്. ബാക്കി തുക ഗ‍ഡുക്കളായി നൽകാനും തീരുമാനിച്ചു. പിന്നീട് വീസയ്ക്ക് ഒാരോ അവധി പറഞ്ഞു നീണ്ടുപോയി. എങ്കിലും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ബുധനാഴ്ച നേരിട്ട് ചെന്ന് നോക്കിയപ്പോഴാണ് സ്ഥാപനം പൂട്ടിയ നിലയിൽ കണ്ടത്. ഫോൺ വിളിച്ചപ്പോൾ സ്വിച്‌ഡ് ഒാഫായിരുന്നു.

സന്ദർശകവീസയിലെത്തി ഒരു ജോലി കണ്ടെത്താൻ കഴിയാതെ വന്നപ്പോഴാണ് ഇത്തരത്തിൽ വീസയെടുക്കാമെന്ന് ചിന്തിച്ചുപോയത്. ഇൗ മാസം 6ന് സന്ദർശക വീസ തീരും. പുതുക്കാൻ സാമ്പത്തിക പ്രശ്നവുമുണ്ട്. എന്തു ചെയ്യണമെന്ന് അറിയാതെ നിസഹായാവസ്ഥയിലാണ് ഇൗ യുവതി.

∙ വീസാ കാലാവധി കഴിഞ്ഞ് മാസങ്ങൾ; വൻതുക പിഴയടക്കേണ്ടിവരും
അജ്മാനിൽ പ്രിന്റിങ് പ്രസ് നടത്തുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി ഷൗക്കത്ത്  ഫെബ്രുവരിയിലാണ് ഫ്രീലാൻസ് വീസയ്ക്ക് 5800 ദിർഹം നൽകിയത്. പല കാര്യങ്ങൾ പറഞ്ഞ് ആകെ 6,300 ദിർഹമായിരുന്നു ആവശ്യപ്പെട്ടത്. നേരത്തെയുണ്ടായിരുന്ന വീസ ഇതുപോലെ ദുബായ് മുഹൈസിനയിലെ ഒരു ടൈപ്പിങ് സെന്ററിൽ നിന്നാണ് എടുത്തത്. എന്നാൽ പുതുക്കാൻ ചെന്നപ്പോൾ അതു പൂട്ടിപ്പോയ കാര്യം അറിഞ്ഞു. തുടർന്നായിരുന്നു ഇൗ സ്ഥാപനത്തെ സമീപിച്ച് പണം നൽകിയത്. എന്നാൽ നടപടികളൊന്നും ഉണ്ടാകാതിരുന്നപ്പോൾ ആദ്യം ഫോണിലൂടെ അന്വേഷിച്ചു. ഉടൻ ശരിയാകും എന്ന് മാത്രമായിരുന്നു മറുപടി. പിന്നീട്, നേരിട്ട് ചെന്ന് അന്വേഷിച്ചപ്പോഴും ഇതു തന്നെ പറഞ്ഞ് മടക്കിയയച്ചു. കഴിഞ്ഞ നാല് മാസമായി എല്ലാ ആഴ്ചയും നേരിട്ട് ചെല്ലുന്നു. ഒടുവില്‍ കഴിഞ്ഞയാഴ്ച ചെന്നപ്പോഴാണ്  ഉടമ മുങ്ങിയ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. കൂടെ ഭാര്യയും മകനുമുണ്ട്. അവരുടെ വീസയും ഒക്ടോബറിൽ തീരും. അജ്മാനിൽ സ്കൂളിൽ പഠിക്കുന്ന മകന്റെ ഭാവിയും പ്രശ്നത്തിലാകുമല്ലോ എന്നാണ് ഇപ്പോഴത്തെ കടുത്ത ആശങ്ക. 

∙ വീസ വിൽപനക്കാരെ പ്രോത്സാഹിപ്പിക്കുന്നത് വ്ലോഗർമാർ നിർത്തുക
ഇത്തരം വീസ വിപനക്കാരെ പ്രോത്സാഹിപ്പിക്കും വിധം ചില മലയാളി വ്ലോഗർമാർ ഇന്ന് സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അറിഞ്ഞോ അറിയാതെയോ അവരും ഈ കച്ചവടം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് കാരണക്കാരാവുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി കാണുന്ന രണ്ട് വർഷത്തെ ഫ്രീലാൻസ്, ഒരുവർഷ വീസ എന്നിവയെക്കുറിച്ചും സമൂഹം ബോധവാന്മാരകണം. ഒരു വർഷ വീസ ഒരു റിമോട്ട് വർക്ക് വീസയാണ് എന്നതാണ് പ്രധാന വസ്തുത. അഥവാ യുഎഇക്കു പുറത്തുള്ള കമ്പനികളിൽ 3500 ഡോളറിന് മുകളിൽ ശമ്പളമുള്ളവർക്ക്‌ യുഎഇയിൽ താമസിച്ചു റിമോട്ട് ജോബ് ചെയ്യാൻ അനുവദിക്കുന്ന വീസയാണ് ഒരു വർഷ വീസ. ഇതു മറയാക്കി ചില തട്ടിക്കൂട്ട് കമ്പനികളിൽ താൽകാലികമായി വലിയ ശമ്പള കരാർ ഉണ്ടാക്കി അതിന്റെ പേരിൽ ഇവിടെ വീസ സംഘടിപ്പിക്കുന്ന പ്രവണതയും കണ്ടുവരുന്നു.

നിയമത്തിലെ ലൂപ്ഹോൾ കണ്ടെത്തി ആ നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ തകർക്കുന്ന വിധത്തിൽ മാർക്കറ്റ് ചെയ്തു ബിസിനസ്സ് നടത്തിയാൽ അത് നടത്തുന്നവർക്ക് മാത്രമല്ല അവർ ഉൾകൊള്ളുന്ന സമൂഹത്തിനു തന്നെ പേര് ദോഷമുണ്ടാക്കും. അതിനാൽ ഇത്തരം ബിസിനസുകാർ നിയമത്തിന്റെ നൈതികതയും ധാർമികതയും പാലിക്കണമെന്നും പൊതു സമൂഹം പരസ്യങ്ങൾക്ക് പിന്നാലെ പോകാതെ വിശ്വാസ യോഗ്യമായരുമായി ഇടപാടുകൾ നടത്തണമെന്നും വഞ്ചിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും കൂട്ടിച്ചേർത്തു. 

വ്ലോഗർമാരിൽ മിക്കവരും ഇത്തരം സ്ഥാപനങ്ങളുടെ തട്ടിപ്പ് മനസിലാക്കാതെ പണത്തിന് വേണ്ടി മാത്രമാണ് പരസ്യ വീഡിയോകൾ ചെയ്യുന്നത്. എന്നാൽ, ഇവരെ വിശ്വസിക്കുന്ന സാധാരണക്കാരാണ് യഥാർഥത്തിൽ ചതിക്കുഴിയിൽ വീണ് നരകിക്കുന്നത്. ഇവർക്കെതിരെ സ്വദേശികളടക്കം വീഡിയോകൾ പുറത്തിറക്കുന്നുണ്ട്. 

അതേസമയം, മനോരമ ഒാൺലൈൻ ആദ്യം റിപ്പോർട് ചെയ്ത കാഞ്ഞങ്ങാട് സ്വദേശിയുടെ സ്ഥാപനത്തിൽ നിന്ന് ഫ്രീലാൻസ് വീസയെടുത്തവർ ഇപ്പോഴും പ്രതിസന്ധിയിൽ തുടരുന്നു. മനോരമ ഒാൺലൈന്‍ വാർത്തയെ തുടർന്ന് പ്രശ്നം പരിഹരിക്കാൻ ഉടമ മുന്നോട്ടുവന്നെങ്കിലും അയാൾ മുന്നോട്ടുവച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിക്കാൻ ആര്‍ക്കും സമ്മതമല്ലായിരുന്നു. വ്ലോഗർമാരും പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയിരുന്നു.

∙ പാർട്ണർ വീസ ബംഗ്ലാദേശുകാർക്കും വില്‍ക്കുന്നു
എംപ്ലോയ്‌മെന്റ് വീസയ്ക്ക് നിയന്ത്രണങ്ങളുള്ള ബംഗ്ലാദേശ് പോലുള്ള രാജ്യക്കാർക്കും ഇത്തരം പാർട്ണർ വീസ വിൽക്കുകയും അവർ യുഎഇയിൽ ജോലിയും കൂലിയുമില്ലാതെ നടക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷവുമുണ്ട്. ഇത് പിന്നീടട് ഗുരുതരമായ സാമൂഹിക പ്രശ്നമായി മാറുന്നു. വീസ ആവശ്യമുണ്ടെങ്കിൽ ശരിയായ മാർഗം തിരഞ്ഞെടുക്കുക. 

English Summary:

Freelance visa scam in UAE Malayali absconds after taking money from many in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com