‘സന്തോഷം അടക്കാനായില്ല. ആ നിമിഷം മമ്മയെ ഓർത്തു കരഞ്ഞു'; യുഎഇ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളി
Mail This Article
തിരുവനന്തപുരം ∙ ബാറ്റ് ചെയ്യാൻ ക്രീസിൽ നിൽക്കുമ്പോൾ ‘കെസിയാ..’ എന്ന് അമ്മ നീട്ടിവിളിക്കുന്നതു പോലെ. എന്തോ അത്യാവശ്യത്തിനാകും...! ഓരോ തവണ ക്രീസിലെത്തുമ്പോഴും പക്ഷാഘാതം കിടപ്പിലാക്കിയ അമ്മയുടെ വിളി ആവർത്തിക്കുന്നതു പോലെ. ഏകാഗ്രത നഷ്ടമായി. സ്കോർ ചലിച്ചില്ല. ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്നു തോന്നിയ ആ ഘട്ടത്തിൽ സഹോദരൻ ഷോൺ പറഞ്ഞു, ‘അമ്മയുടെ കാര്യം എനിക്കു വിട്ടേക്കൂ, നിന്റെ സ്വപ്നങ്ങൾക്കായി കഠിനപ്രയത്നം ചെയ്യൂ..’ പിന്നീടു മൈതാനത്തു തിളങ്ങുന്ന നേട്ടങ്ങൾ കൊയ്ത, ഇടംകയ്യൻ ബാറ്ററും ബോളറുമായ കെസിയ മറിയം സബിൻ യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി.
19 വർഷമായി കെസിയയുടെയും ഷോണിന്റെയും അമ്മ, മറിയം മാത്യു പക്ഷാഘാതത്തെത്തുടർന്നു കിടപ്പിലാണ്. കെസിയയാണ് അമ്മയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. പിതാവ് സബിൻ ഇക്ബാൽ ഇന്ത്യൻ ഇംഗ്ലിഷ് നോവലിസ്റ്റും സ്പോർട്സ് ലേഖകനുമാണ്. സ്വാതന്ത്ര്യ സമര പോരാളിയും സാമൂഹിക പരിഷ്കർത്താവുമായ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ചെറുമകനായ സബിനും മറിയം മാത്യുവും നേരത്തേ യുഎഇയിൽ പത്രപ്രവർത്തകരായിരുന്നു.
അവിടെ വച്ചാണു കെസിയ ജനിച്ചത്. പിന്നീട് കുടുംബം തിരുവനന്തപുരത്തേക്കു മടങ്ങി. കെസിയയുടെ ജനനം യുഎഇയിൽ ആയതിനാൽ ദേശീയ ടീമിലേക്കു പ്രവേശനം എളുപ്പമായി. 20 കാരിയായ കെസിയ 7 വർഷം മുൻപാണ് ക്രിക്കറ്റ് കരിയർ ലക്ഷ്യമിട്ടു തീവ്രപരിശീലനം ആരംഭിച്ചത്. എട്ടിൽ പഠനം ഓപ്പൺ സ്കൂളിലാക്കി. പരിശീലനത്തിനായി സമയം നീക്കിവച്ചു. തിരുവനന്തപുരത്ത് കെസിഎയുടെ പരിശീലനം നേടിയ ശേഷം ബെംഗളൂരുവിൽ രാഹുൽ ദ്രാവിഡ് അക്കാദമിയിൽ ചേർന്നു.
സ്കോളർഷിപ്പോടെ ചെന്നൈയിൽ രവി ശാസ്ത്രിയുടെ ക്രിക്കറ്റ് സ്കൂളിലെത്തി. ഇതിനിടെ രാജസ്ഥാൻ റോയൽസ് അക്കാദമിയിലും ക്രിക്കറ്റ് പഠിച്ചു. അണ്ടർ 19 മത്സരത്തിൽ 2 തവണ കേരളത്തിനായി കളിച്ചു. മണിപ്പുരിനും മിസോറമിനും എതിരെ മികച്ച പ്രകടനം പുറത്തെടുത്തു. യുഎഇ മുൻ ക്യാപ്റ്റനും ഇപ്പോഴത്തെ പരിശീലകനുമായ അഹമ്മദ് റാസ, കെസിയയുടെ കളി വിഡിയോയിൽ കണ്ടാണ് യുഎഇയിലേക്കു ക്ഷണിച്ചത്.
അവിടത്തെ പരിശീലനത്തിന് ഇടയിൽ കഴിഞ്ഞ ദിവസമാണു നമീബിയയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ടീമിൽ താനുണ്ടെന്ന വിവരം ഞെട്ടലോടെയാണു കേട്ടതെന്നു കെസിയ പറഞ്ഞു. ‘സന്തോഷം അടക്കാനായില്ല. ആ നിമിഷം മമ്മയെ ഓർത്തു കരഞ്ഞു. ഇതിൽ ഏറ്റവും സന്തോഷിക്കുന്നത് മമ്മയായിരിക്കും.
പിന്നെ എന്റെ ഹീറോ ഷോണും! ഇന്ത്യയ്ക്കു വേണ്ടി കളിക്കുക എന്നതായിരുന്നു മോഹം. പക്ഷേ, കടമ്പകളേറെയാണ്. സമയവും പ്രായവും കടന്നു പോകുന്നു. അതുകൊണ്ട് ജനിച്ച രാജ്യത്തിനു വേണ്ടി കളിക്കുകയെന്ന ദൗത്യം ഏറ്റെടുക്കുന്നുവെന്നു മാത്രം.’ കെസിയ പറഞ്ഞു. സിംബാബ്‌വെയാണു ടൂർണമെന്റിലെ മൂന്നാമത്തെ രാജ്യം.