കുവൈത്ത്: ഫിംഗര്‍പ്രിന്‍റ് സമർപ്പിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് സമർപ്പിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഇതു സംബന്ധിച്ച നിർദേശം കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നൽകിയിട്ടുണ്ട്. ഇതിന് മുൻപ് കുവൈത്ത് സ്വദേശികള്‍ക്കാണ് ബാങ്ക് മുഖേന മുന്നറിയിപ്പ് നല്‍കും.
സ്വദേശികള്‍ക്ക് ഈ മാസം 30 വരെയാണ് ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് എടുക്കാനായി സര്‍ക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്. തീരുമാനം അനുസരിക്കാത്ത പൗരന്മാരുടെ അക്കൗണ്ടുകള്‍ നാല് ഘട്ടങ്ങളിലായി നിയന്ത്രിക്കും. ഒന്നാം ഘട്ടമെന്ന നിലയില്‍ നിശ്ചിത സമയത്തിനുള്ളില്‍ ബയോമെട്രിക് പൂര്‍ത്തിയാക്കാന്‍ അലര്‍ട്ട് സന്ദേശങ്ങള്‍ നല്‍കും. രണ്ടാം ഘട്ടമായ സെപ്റ്റംബര്‍ 30 മുതല്‍, ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് നടത്താത്ത ഉപഭോക്താക്കള്ളുടെ എല്ലാ ഇലക്ട്രോണിക് സേവനങ്ങളും തടയും. അക്കൗണ്ട് ബാലന്‍സുകളിലേക്കുള്ള ആക്സസ് നിര്‍ത്തല്‍, അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകള്‍ നേടല്‍, മറ്റ് അക്കൗണ്ടുകളിലേക്കുള്ള ഫണ്ട് കൈമാറ്റം തുടങ്ങിയവയാണ് ഇത്തരത്തിൽ തടയുക.
മൂന്നാം ഘട്ടത്തിൽ ഒക്‌ടോബര്‍ 31 മുതൽ എല്ലാ ബാങ്ക് കാര്‍ഡുകള്‍ മരവിപ്പിക്കും.നാലാം ഘട്ടത്തിൽ ഡിസംബര്‍ ഒന്നോടെ ബാങ്കില്‍ നിന്നുള്ള എല്ലാവിധ സേവനങ്ങളും പൂര്‍ണമായും നിര്‍ത്തും. നിയന്ത്രണം, ഓഹരികള്‍, ഫണ്ടുകള്‍, പോര്‍ട്ട്ഫോളിയോകള്‍, തുടങ്ങി കൈകാര്യം ചെയ്യുന്ന മറ്റ് ആസ്തികള്‍ക്കും ബാധകമാണ്. പ്രസ്തുത നടപടി ഈ ആഴ്ച തന്നെ തുടങ്ങും.
ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് സംവിധാനം ഈ വര്‍ഷം ആദ്യമാണ് ആഭ്യന്തരമന്ത്രാലയം തുടങ്ങിയത്. മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കാണ് ആദ്യം സമയം അനുവദിച്ചത്. 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരുടെയും ബയോമെട്രിക് ഫിംഗര്‍പ്രിന്‍റും, ഐ ടെസ്റ്റുമാണ് എടുക്കുന്നത്. പ്രവാസി സമൂഹത്തില്‍ നിന്നും ഭൂരിഭാഗവും ഇത് എടുത്തിട്ടുണ്ട്. സ്വദേശികളില്‍ നിന്നും കാലതാമസം വന്നതിനാല്‍ വീണ്ടും സമയം നീട്ടി നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഈ മാസം 30 വരെയാണ് സ്വദേശികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് ഡിസംബര്‍ 30 വരെയാണ് സമയം.