ഫ്രം ജോർജിയ ടൂ സൗദി; റോഡ് മാർഗം 5065 കിലോമീറ്റർ യാത്ര, പ്രവാസി കുടുംബം എത്തിയത് 11 ദിവസം കൊണ്ട്
Mail This Article
ജിദ്ദ ∙ വ്യത്യസ്ത യാത്രകൾ ചെയ്യാൻ ആഗ്രഹിക്കാത്തവർ നമ്മുക്കിടയിൽ ഉണ്ടാകില്ല. അത്തരത്തിലുള്ള ഒരു യാത്ര ചെയ്ത കുടുംബത്തെയാണ് ഇവിടെ കാണാൻ കഴിയുന്നത്. ജോർജിയയിൽ നിന്നും കിലോമീറ്ററുകൾ താണ്ടി റോഡ് മാർഗം മലയാളി കുടുംബം സൗദിയിലെത്തി. ജിദ്ദയിലെ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയിൽ ഫിനാൻസ് മാനേജറായി ജോലിചെയ്യുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ റഷീദ് ഖാദറും ഭാര്യ ജെസ്‌മിയും മക്കളായ ഹാദി, ഹൈഫ, തമർ എന്നിവർ അടങ്ങിയ കുടുംബമാണ് ജോർജിയയിൽ നിന്നും റോഡ് മാർഗം സൗദിയിലെത്തിയത്.
ഓരോ യാത്ര കഴിയുമ്പോഴും കിട്ടുന്ന അനുഭവങ്ങൾ, പുതിയ ആളുകളുമായിട്ടുള്ള ബന്ധങ്ങൾ, പുതിയ തിരിച്ചറിവുകൾ, എല്ലാം ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന് റഷീദ് ഖാദർ പറഞ്ഞു. പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നതും വ്യത്യസ്തരായ ആളുകളെ പരിചയപ്പെടുന്നതും മനസ്സിന് മാത്രമല്ല ശരീരത്തിനും സുഖം നൽകുന്ന ഒന്നാണ്. പുതിയ സ്ഥലങ്ങൾ കണ്ടെത്തി അവിടേക്ക് യാത്ര പോകുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് ആത്മവിശ്വാസം കൂടുതലുള്ളവർ ആയിരിക്കും.
5065 കിലോമീറ്റർ യാത്ര ചെയ്ത കുടുംബം 11ദിവസം കൊണ്ടാണെത്തിയത്. അർമേനിയ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ് എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് സൗദിയിൽ എത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജോർജിയയിൽ സ്ഥിര താമസക്കാരാണ് റഷീദും കുടുംബവും. മൂത്ത മകൻ ഹാനി കാനഡയിയിൽ ഉപരിപഠനം നടത്തുന്നു. കുടുംബം ഇതിനകം റഷ്യ, പോളണ്ട്, ഈജിപ്ത് ,കെനിയ, ജോർദാൻ, ഫിൻലൻഡ്, ഇസ്രായേൽ തുടങ്ങി മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
സൗദി അറേബ്യയുടെ 91–ാം ദേശീയ ദിനത്തോടനുബന്ധിച്ചു 91 വിഭവങ്ങളുടെ സദ്യ ഒരുക്കി ഈ കുടുംബം ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ജെസ്‌മി റഷീദ് മികച്ച ഒരു പാചക വിദഗ്ദ്ധ കൂടിയാണ്. വഴിയിലുടനീളം ഉണ്ടായ അനുഭവങ്ങൾ ഇവർ മനോരമ ഓൺലൈനിലൂടെ പങ്കിട്ടു. ജോർജിയിലെയും ആർമിനിയയിലെയും പോലെ അത്ര സുഖകരമായിരുന്നില്ല ഇറാനിലെ കസ്റ്റംസ് നിയമങ്ങൾ.
സൗദി കാർനെറ്റ് (Carnet) ഇല്ലാത്തതിനാൽ ഇറാനിൽ വെച്ച് യാത്ര തുടരാൻ അധികൃതർ അനുവദിച്ചില്ല. തുടർന്ന് ചില സുഹൃത്തുക്കളുടെ സഹായത്തോടെ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി നടത്തിയ ഇടപെടൽ കാരണം പ്രത്യക അനുമതിയിലാണ് ഇറാനിലെ യാത്ര തുടർന്നത്. എന്നാൽ സൗദിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിച്ചതെന്നും ഇവർ പറഞ്ഞു.
ഇറാനിലെ തബ്രീസ്, ഇസ്ഫഹാൻ, ഷിറാസ് തുടങ്ങിയ നഗരങ്ങളിലൂടെ യാത്ര ചെയ്തു തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ എത്തിയ കുടുംബം തങ്ങളുടെ കാർ ജങ്കാറിൽ കയറ്റി പതിനാല് മണിക്കൂർ യാത്രയ്ക്ക് ശേഷം ഷാർജയിലെത്തുകയായിരുന്നു. ശേഷം അവിടെ നിന്നും താമസ സ്ഥലമായ ജിദ്ദയിലേക്ക് വീണ്ടും കാർ ഓടിച്ച് എത്തി.