ഒമാനില്‍ മധ്യാഹ്ന വിശ്രമം അവസാനിച്ചു; ചൂട് ഉയര്‍ന്നു തന്നെ
Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ പുറത്ത് ജോലിയെടുക്കുന്നവര്‍ക്ക് തൊഴില്‍ മന്ത്രാലയം അനുവദിച്ച മധ്യാഹ്ന വിശ്രമം അവസാനിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയായിരുന്നു വിശ്രമം. എല്ലാ വര്‍ഷവും ചൂട് കനക്കുന്ന കാലാവസ്ഥയില്‍ വിശ്രമ സമയം അനുവദിക്കണമെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കാറുണ്ട്. വിശ്രമ സമയം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികളാണ് അധികൃതര്‍ കൈക്കൊണ്ടത്.
നിയമം പ്രാബലത്തിലായി രണ്ടാഴ്ച്ച പിന്നിട്ടപ്പോള്‍ നിയമ ലംഘനം നടത്തിയ 100ല്‍ പരം കമ്പനികള്‍ക്കാണ് മന്ത്രാലയം പിഴ വിധിച്ചത്. ആയിരത്തോളം കമ്പനികളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വരെ പരിശോധനകള്‍ നടത്തുകയും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.
ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷയും ഇതിന് ശിക്ഷയുണ്ട്. തൊഴിലാളികള്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാത്ത കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. അതേസമയം, രാജ്യത്ത് ഉയര്‍ന്ന ചൂട് തുടരുകയാണ്. ഇന്നലെയും വിവിധ പ്രദേശങ്ങളില്‍ 47 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു താപനില.