അൽഖൈൽ റോഡിൽ 2 പാലങ്ങൾ കൂടി; യാത്രാസമയം 30% കുറയും, മണിക്കൂറിൽ 8000 വാഹനങ്ങൾക്ക് സഞ്ചരിക്കാം
Mail This Article
ദുബായ് ∙ അൽഖൈൽ റോഡിൽ 2 പുതിയ പാലങ്ങൾ കൂടി തുറന്നതോടെ പ്രദേശത്തേക്കുള്ള യാത്രാസമയം 30% കുറയും. മണിക്കൂറിൽ 8000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ശേഷിയുള്ളതാണ് സബീൽ, അൽഖൂസ്-1 എന്നിവിടങ്ങളിലെ പാലങ്ങൾ.
ഈ മേഖലയിലെ തിരക്കു കുറയുന്നതോടെ ഇന്റർസെക്‌ഷനിലൂടെ മണിക്കൂറിൽ കടന്നുപോകാവുന്ന വാഹനങ്ങളുടെ എണ്ണം 19,600 ആയി ഉയരും. സബീൽ പാലസ് സ്ട്രീറ്റിൽനിന്നും ഊദ്മേത്ത സ്ട്രീറ്റിൽനിന്നും അൽഖൈൽ റോഡിലേക്കുള്ള ആദ്യത്തെ പാലം 700 മീറ്റർ നീളത്തിലുള്ള 3 വരി പാതയാണ്. മണിക്കൂറിൽ 4800 വാഹനങ്ങൾക്ക് സഞ്ചരിക്കാം.
അൽമെയ്ദാൻ സ്ട്രീറ്റിൽനിന്ന് അൽഖൈലിലേക്കുള്ള അൽഖൂസ്-1 പാലത്തിന് 650 മീറ്റർ നീളം വരും. 2 വരി പാതയിലൂടെ മണിക്കൂറിൽ 3200 വാഹനങ്ങൾക്കു കടന്നുപോകാം. അൽഖൈൽ റോഡ് വികസന പദ്ധതികളുടെ ഭാഗമായാണ് റോഡുകൾ വീതികൂട്ടുകയും കൂടുതൽ പാലങ്ങൾ പണിയുകയും ചെയ്യുന്നത്. അൽജദ്ദാഫ്, ബിസിനസ് ബേ, സബീൽ, മെയ്ദാൻ, അൽഖൂസ്1, ഗാദിൽ അൽ തൈർ, ജുമൈറ വില്ലേജ് സർക്കിൾ എന്നിവിടങ്ങളിലും വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്. 80 ശതമാനം ജോലികളും പൂർത്തിയായെന്നും ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.