ADVERTISEMENT

ദുബായ് ∙ യുഇയിൽ ഇന്നലെ(ഞായർ) ആരംഭിച്ച പൊതുമാപ്പിൽ അപേക്ഷിക്കാൻ ആദ്യ ദിവസമെത്തിയത് ആയിരങ്ങൾ. ഇതിൽ വനിതകളടക്കമുള്ള ഇന്ത്യക്കാരും ഇതര രാജ്യക്കാരുമുണ്ട്. ഒട്ടേറെ മലയാളികള്‍ക്കും ആദ്യ ദിവസം തന്നെ പൊതുമാപ്പ് ലഭിച്ചു. വലിയൊരു ശതമാനം ആളുകൾക്ക് വീസാ മാറ്റത്തിനുള്ള സാധ്യതകളും തെളിഞ്ഞു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഒാഫ് റസിഡൻസി ആൻഡ് ഫൊറിൻ അഫയേഴ്സ്(ജിഡിആർഎഫ്എ) അൽ അവീറിലെ പൊതുമാപ്പ്(ഗ്രേസ് പിരീഡ്) കേന്ദ്രത്തിലും ആമർ സെൻ്ററുകളിലും ആദ്യ ദിവസം സ്വീകരിച്ചത് ആയിരം പേരെ.

ഇവരിൽ വനിതകൾ, പുരുഷന്മാർ, കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവരുമുണ്ട്. ഒട്ടേറെ പേർ ഔട്ട് പാസ് വാങ്ങി നാട്ടിലേയ്ക്ക് മടങ്ങാനും അതിലേറെ പേർ വീസ മാറ്റത്തിലൂടെ യുഎഇയിൽ തന്നെ തുടരുവാനും വേണ്ടിയാണ് അധികൃതരെ സമീപിച്ചത്. യോഗ്യതയുള്ള ഒട്ടേറെ പേർക്ക് അവീർ കേന്ദ്രത്തില വിവിധ കമ്പനികളുടെ പ്രതിനിധികൾ അവരുടെ സ്ഥാപനത്തിൽ ജോലിയും നൽകി.

Image Credit: GDRFA
Image Credit: GDRFA

യുഎഇ സർക്കാർ മാനുഷിക പരിഗണനയുടെ ഭാഗമായി രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴയോ യാത്രാ വിലക്കോ കൂടാതെ രാജ്യത്ത് നിന്ന് മടങ്ങാനുള്ള പദ്ധതിയായ പൊതുമാപ്പ്(ഗ്രേസ് പീരീഡ്) ഇന്നലെയാണ് ആരംഭിച്ചത്. ഇത്തരത്തിൽ കഴിയുന്നവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (െഎസിപി) യുടെ നിർദ്ദേശപ്രകാരം ആരംഭിച്ച മാസത്തെ പദ്ധതി പ്രയോജനപ്പെടുത്തി ഒക്ടോബർ 31ന് മുൻപ് മടങ്ങണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇതിനിടെ ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമദ് അൽ മർറി കേന്ദ്രം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുകയും ഉദ്യോഗസ്ഥർക്ക് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. അപേക്ഷകരുമായും അദ്ദേഹം ആശയവിനിമയം നടത്തി.

Image Credit: GDRFA
Image Credit: GDRFA

∙ വീസാ മാറ്റത്തിന് ആമർ സെൻ്ററുകളെ സമീപിക്കുക
നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കാത്തവർ വീസാ മാറ്റത്തിനായി ആമർ സെൻ്ററുകളെയാണ് സമീപിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു. നാട്ടിലേയ്ക്ക് മടങ്ങാനാഗ്രഹിക്കുന്നവർ അൽ അവീർ കേന്ദ്രത്തിലെത്തുക. എന്നാൽ ഇവിടെയും ആമർ സെൻ്റർ പ്രവർത്തിക്കുന്നുണ്ട്.

Image Credit: GDRFA
Image Credit: GDRFA

അതേസമയം, ദുബായിലെങ്ങുമുള്ള 86 ആമർ സെൻ്ററുകളിലും പൊതുമാപ്പ് അപേക്ഷിക്കാനെത്തിയ താമസക്കാർക്കും സന്ദർശകർക്കും വേണ്ടി നടപടിക്രമങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. പദവി മാറ്റാനും രാജ്യത്ത് തുടരാനും ആഗ്രഹിക്കുന്നവർക്ക് ഈ കേന്ദ്രങ്ങൾ സമഗ്ര സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതിനകം ബയോമെട്രിക് ഫിംഗർപ്രിൻ്റ് ഉള്ളവർക്ക് (എമിറേറ്റ്സ് ഐഡി ഉടമകൾ) ഔട്ട്പാസ് നൽകുന്നു. ഈ സംരംഭത്തിന് കീഴിൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് വിരലടയാളം നൽകുന്നതിനും എക്സിറ്റ് പെർമിറ്റുകൾ നൽകുന്നതിനുമായാണ് പ്രധാനമായും അൽ അവീർ കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്.

ജിഡിആർഎഫ് എയുടെ ദുബായ് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. Image Credit: GDRFA
ജിഡിആർഎഫ് എയുടെ ദുബായ് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. Image Credit: GDRFA

അപേക്ഷകരുടെ മികച്ച പങ്കാളിത്തം ഈ സംരംഭത്തിൻ്റെ പ്രാധാന്യവും വിജയവും എടുത്തുകാണിക്കുന്നതായി ദുബായിലെ നിയമ ലംഘകരുടെയും വിദേശികളുടെയും അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ ജനറൽ സലാ അൽ ഖംസി പറഞ്ഞു. റജിസ്റ്റർ ചെയ്യാത്തതും ഉൽപാദനക്ഷമമല്ലാത്തതുമായ തൊഴിലാളികൾ എന്നതിൽ നിന്ന് പോസിറ്റീവും സംഭാവന നൽകുന്നതുമായ തൊഴിലാളികളാകാന്‍  ആഗ്രഹിക്കുന്ന നിയമലംഘകർക്ക് നടപടികൾ പരമാവധി സുഗമമാക്കുന്നതിനുള്ള ഡയറക്ടറേറ്റിൻ്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

ജിഡിആർഎഫ് എയുടെ ദുബായ് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. Image Credit: GDRFA
ജിഡിആർഎഫ് എയുടെ ദുബായ് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. Image Credit: GDRFA

തൊഴിൽ അവസരങ്ങൾ തേടുന്നവർക്കായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന അൽ അവീർ സെൻ്ററിൽ സ്ഥിതി ചെയ്യുന്ന കമ്പനികളുമായി ബന്ധിപ്പിച്ചിട്ടുള്ള 15 തൊഴിൽ പ്ലാറ്റ്‌ഫോമുകളിലൂടെ അവരെ തൊഴിൽ വിപണിയിൽ നിയമപരമായി ചേർത്താണ് ഇത് കൈവരിക്കുന്നത്. എല്ലാ ഉപയോക്താക്കൾക്കും സമഗ്രമായ പിന്തുണ നൽകുമ്പോൾ തന്നെ അവരോട് അതീവ ശ്രദ്ധയോടും മാന്യതയോടും മാനവികതയോടും കൂടി പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. സ്പെഷ്യലൈസ്ഡ് ടീമുകൾ ഒട്ടേറെ കുട്ടികൾ, പ്രായമായവർ, നിശ്ചയദാർഢ്യമുള്ള ആളുകൾ എന്നിവര്‍ക്ക് സഹായം നൽകിയതായും അൽ ഖംസി പറഞ്ഞു.

ജിഡിആർഎഫ് എയുടെ ദുബായ് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെത്തിയ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമദ് അൽ മർറി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നു. Image Credit: GDRFA
ജിഡിആർഎഫ് എയുടെ ദുബായ് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെത്തിയ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമദ് അൽ മർറി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നു. Image Credit: GDRFA

∙ പദവി ക്രമപ്പെടുത്താൻ അവസരം പ്രയോജനപ്പെടുത്തുക
നിയമംലംഘിക്കുന്ന താമസക്കാരോടും സന്ദർശകരോടും അവരുടെ പദവി ക്രമപ്പെടുത്താനും രാജ്യത്തിൻ്റെ നിയമങ്ങൾ പാലിക്കാനും ഈ അവസരം പ്രയോജനപ്പെടുത്താൻ അഭ്യർഥിച്ചു. നിയമം അനുസരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ പിന്തുണ നൽകാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഗ്രേസ് പീരീഡ് പദ്ധതി കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

uae-visa-amnesty-day-1-gives-hope-to-thousands-of-illegals2
Image Credit: GDRFA

നിയമലംഘകരെ തുടർന്നും സ്വീകരിക്കുന്നതിനും അവർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനും മികച്ച രാജ്യാന്തര കീഴ്വഴക്കങ്ങൾ പാലിക്കുന്നതിനുമുള്ള കേന്ദ്രങ്ങളുടെ പൂർണ സന്നദ്ധതയും  വ്യക്തമാക്കി. ആദ്യ ദിവസത്തെ ഫലങ്ങളിൽ അൽ ഖംസി സംതൃപ്തി പ്രകടിക്കുകയും ടീമുകളുടെ കാര്യക്ഷമതയെയും മറ്റ് സർക്കാർ ഏജൻസികളുമായുള്ള ഫലപ്രദമായ സഹകരണത്തെയും പ്രശംസിക്കുകയും ചെയ്തു.

നിയമപരമായി തിരിച്ചു വരാന്‍ തയ്യാറുള്ളവർക്ക്, പ്രത്യേകിച്ച് ബയോമെട്രിക് ഫിംഗർപ്രിൻ്റ് (എമിറേറ്റ്സ് ഐഡി ഉടമകൾ) ഉള്ളവർക്ക് ഔട്ട് പാസ്(എക്സിറ്റ് പെർമിറ്റ്) നൽകുന്നതുൾപ്പെടെയുള്ള ഇടപാടുകൾ വളരെ വേഗത്തിലും സുഗമമായും കൈകാര്യം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ജിഡിആർഎഫ് എയുടെ ദുബായ് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെത്തിയ അപേക്ഷകർ. Image Credit: GDRFA
ജിഡിആർഎഫ് എയുടെ ദുബായ് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെത്തിയ അപേക്ഷകർ. Image Credit: GDRFA

∙ ഒരിക്കൽക്കൂടി ഒാർമിപ്പിക്കുന്നു; അവസരം പ്രയോജനപ്പെടുത്തുക
യുഎഇയിലെ താമസ നിയമലംഘകർ അവരുടെ പദവി ക്രമപ്പെടുത്തി രാജ്യത്തിനകത്ത് സ്വതന്ത്രമായും സമാധാനപരമായും ജീവിക്കാനോ സ്വമേധയാ സ്വന്തം നാട്ടിലേക്ക് മടങ്ങാനോ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് അഭ്യർഥിച്ചു. 24/7 ലഭ്യമായ 8005111 എന്ന നമ്പറിൽ ആമർ കോൾ സെൻ്ററിൽ ബന്ധപ്പെട്ടാൽ ചോദ്യങ്ങൾക്ക് മറുപടി നൽകാനും കൂടുതൽ വിവരങ്ങൾ കൈമാറി ആരെയും സഹായിക്കാനും സദാസന്നദ്ധരാണെന്നും വ്യക്തമാക്കി. 

English Summary:

UAE Visa Amnesty: Day 1 gives hope to Thousands of Illegals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com