ADVERTISEMENT

അബുദാബി ∙ വീസ ലഭിച്ച എമിറേറ്റിൽ തന്നെ പൊതുമാപ്പിന് അപേക്ഷിക്കണമെന്നും നടപടികൾ സുതാര്യമായി പൂർത്തിയാക്കാൻ ഇത് അനിവാര്യമാണെന്നും യുഎഇ വ്യക്തമാക്കി. ദുബായിൽ ഇഷ്യൂ ചെയ്ത വീസയുള്ളവർ കാലാവധി കഴിഞ്ഞശേഷം തങ്ങുന്നത് അബുദാബിയിൽ ആണെങ്കിലും അവർ ദുബായ് എമിറേറ്റിൽ എത്തിയാണ് അപേക്ഷ നൽകേണ്ടത്. അബുദാബി വീസക്കാരൻ ഫുജൈറയിലാണ് കഴിയുന്നതെങ്കിലും തിരിച്ച് അബുദാബിയിലെ ഏതെങ്കിലുമൊരു പൊതുമാപ്പ് കേന്ദ്രത്തിൽ എത്തിയാലേ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കൂ.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാനും നിയമാനുസൃതം യുഎഇയിൽ തുടരാനും ആഗ്രഹിക്കുന്നവർ അതത് എമിറേറ്റിൽ എത്തി നടപടിക്രമം പൂർത്തിയാക്കണമെന്ന് ഫെഡറൽ ഐഡന്റിറ്റി ഫോർ സിറ്റിസൻഷിപ്പ്, പോർട്ട്സ് ആൻഡ് സെക്യൂരിറ്റി (ഐസിപ), ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അധികൃതർ വ്യക്തമാക്കി. ദുബായ് എമിറേറ്റിലെ വീസക്കാരായ നിയമലംഘകർക്ക് അവീർ പൊതുമാപ്പ് കേന്ദ്രത്തിൽ എത്തി നടപടി പൂർത്തിയാക്കിയാൽ യോഗ്യതയ്ക്ക് അനുസരിച്ച് ജോലി ലഭ്യമാക്കാനും അവസരമൊരുക്കിയിട്ടുണ്ട്.

നിരക്കിളവുമായി ടൈപ്പിങ് സെന്ററുകൾ
അബുദാബി ∙ പൊതുമാപ്പ് അപേക്ഷകർക്ക് അബുദാബിയിലെ ടൈപ്പിങ് സെന്ററുകൾ സേവന നിരക്കിൽ ഇളവു നൽകി. അനധികൃത തൊഴിലാളികൾക്കും താമസക്കാർക്കും നിരുപാധികം മാപ്പു നൽകുന്ന യുഎഇ സർക്കാരിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് നിരക്കിളവെന്ന് ടൈപ്പിങ് സെന്ററുകൾ അറിയിച്ചു.

പൊതുമാപ്പിന് അപേക്ഷിക്കുന്ന പലരും നിത്യവൃത്തിക്കുപോലും പണമില്ലാത്തവരാണ്. അർഹരായവർക്ക് പൂർണമായും ഇളവ് നൽകുന്ന ടൈപ്പിങ് സെന്ററുകളുമുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരുകയോ ചെയ്യേണ്ടവർ ടൈപ്പിങ് സെന്ററിന്റെ സഹായത്തോടെയാണ് അപേക്ഷ തയാറാക്കേണ്ടത്. സാധാരണയായി ഒരു വീസ അപേക്ഷ ടൈപ്പ് ചെയ്യുന്നതിന് 70 ദിർഹമും വീസ റദ്ദാക്കുന്ന അപേക്ഷകൾക്ക് 45 ദിർഹമുമാണ് ടൈപ്പിങ് സേവന നിരക്കായി ഈടാക്കാറുള്ളത്. ഈ നിരക്കാണ് കുറച്ചു നൽകുന്നത്.

വികാരനിർഭരമായ രംഗങ്ങൾ പലയിടത്തും
വീസ കാലാവധി കഴിഞ്ഞ് യുഎഇയിൽ തങ്ങിയതിന് കുമിഞ്ഞുകൂടിയ വർഷങ്ങളുടെ പിഴ, അപേക്ഷ നൽകി നിമിഷങ്ങൾക്കകം ഒഴിവാക്കിയതായി അറിയിപ്പ് ലഭിച്ചപ്പോൾ അപേക്ഷകരുടെ വൈകാരിക പ്രതികരണത്തിന് വേദിയായി ടൈപ്പിങ് സെന്ററുകൾ. ജീവിതം മുഴുവൻ അധ്വാനിച്ചാലും അടച്ചുതീർക്കാൻ പറ്റാത്ത വലിയ തുക നിമിഷങ്ങൾക്കകം ഒഴിവാക്കിക്കിട്ടിയപ്പോൾ പലരുടെയും കണ്ണുനിറഞ്ഞു. പൊതുമാപ്പ് കേന്ദ്രങ്ങളിൽ അപേക്ഷ നൽകിയ ദിവസം തന്നെ എക്സിറ്റ് പെർമിറ്റ് ലഭിച്ച പലരും നാട്ടിലേക്കു തിരിച്ചു. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഉറ്റവരെ കാണാൻ നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് മറ്റു ചിലർ. ഇതുവരെ നിയമലംഘകരായി പാത്തും പതുങ്ങിയും കഴിഞ്ഞ മറ്റൊരു വിഭാഗം പുതിയ വീസ തരപ്പെടുത്തി നിയമവിധേയമായി യുഎഇയിൽ തുടരാനുള്ള ശ്രമത്തിലാണ്.

English Summary:

Application must be made in the emirate where the visa was obtained ​- UAE Amnesty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com