ഒറ്റ ക്ലിക്കിൽ അപ്പോയിന്‍റ്മെന്‍റ്: സർക്കാർ സേവനങ്ങൾക്കായി ‘മഅവീദു’മായി ബഹ്‌റൈൻ
Mail This Article
മനാമ ∙ സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുത്തൻ സംരംഭവുമായി ബഹ്‌റൈൻ സർക്കാർ. മഅവീദ് എന്ന പേരിലുള്ള ഒരു മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തുകൊണ്ടാണ് ഈ നൂതന സംരംഭത്തിന് തുടക്കം കുറിച്ചത്.
എന്താണ് മഅവീദ്?
മഅവീദ് ഒരു ഏകീകൃത അപ്പോയിന്‍റ്മെന്‍റ് ബുക്കിങ് സംവിധാനമാണ്. സർക്കാർ സേവനങ്ങൾക്കായി നേരിട്ട് ഓഫിസുകളിൽ പോകേണ്ടി വരുന്ന പ്രക്രിയയെ ലളിതമാക്കുകയാണ് ഈ ആപ്പിന്‍റെ ലക്ഷ്യം. ഇനി മുതൽ, സ്മാർട്ട്‌ഫോണുകൾ വഴി തന്നെ സർക്കാർ സേവനങ്ങൾക്കുള്ള അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യാം.
കിരീടാവകാശിയുടെ ആശയം
ഈ ആശയം ബഹ്‌റൈന്‍റെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശ പ്രകാരമാണ് നടപ്പാക്കുന്നത്.
പ്രത്യേകതകൾ
∙ വിവിധ സർക്കാർ സേവനങ്ങൾ: ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം തുടങ്ങി നിരവധി സർക്കാർ വകുപ്പുകളുടെ സേവനങ്ങൾക്ക് അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യാം.
∙ ദ്വിഭാഷാ പിന്തുണ: അറബി, ഇംഗ്ലിഷ് ഭാഷകളിൽ ആപ്പ് ഉപയോഗിക്കാം.
∙സുഗമമായ പ്രവർത്തനം: അപ്പോയിന്‍റ്മെന്‍റ് ബുക്കിങ്, മാനേജ്‌മെന്‍റ് എന്നീ പ്രവർത്തനങ്ങൾ വളരെ എളുപ്പമാണ്.
∙അറിയിപ്പുകൾ: അപ്പോയിന്‍റ്മെന്‍റ് സ്ഥിരീകരണം, റിമൈൻഡറുകൾ എന്നിവയ്ക്കുള്ള അറിയിപ്പുകൾ ലഭിക്കും.
∙ ഫീഡ്ബാക്ക്: തവാസുൽ വഴി സേവനങ്ങളെക്കുറിച്ചുള്ള ഫീഡ്ബാക്ക് നൽകാം.
ആർക്കൊക്കെ ഉപയോഗിക്കാം?
ബഹ്‌റൈൻ പൗരന്മാർ, താമസക്കാർ, പ്രവാസികൾ, ജിസിസി പൗരന്മാർ എന്നിവർക്ക് മഅവീദ് ആപ്പ് ഉപയോഗിക്കാം.
എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ബഹ്‌റൈൻ bh/apps-ലെ eGovernment App Store-ൽ നിന്ന് മഅവീദ് ആപ്പ് ഡൗൺലോഡ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്:
സർക്കാർ സേവന കോൾ സെന്‍ററുമായി 80008001 എന്ന നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ തവാസുൽ വഴിയോ ആപ്പ് വഴിയോ ഫീഡ്ബാക്ക് നൽകുക.