കുവൈത്ത് ഹെല്‍പ്ഡെസ്ക് പ്രവര്‍ത്തകർക്കും ആംബുലന്‍സ് ഡ്രൈവര്‍മാർക്കും നോര്‍ക്കയുടെ ആദരം
Mail This Article
കുവൈത്ത് സിറ്റി ∙ ജൂണില്‍ കുവൈത്തിലെ മംഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ അഗ്നിബാധയെതുടര്‍ന്ന് നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്‍പ്ഡെസ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയവരേയും പ്രവാസികേരളീയരുടെ ഭൗതികശരീരം നാട്ടില്‍ വീടുകളിലെത്തിക്കുന്നതിന് സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍മാരെയും ആദരിച്ചു. നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് ആശംസാപത്രം കൈമാറി.
അപകടമറിഞ്ഞ് ഒരുമണിക്കൂറിനുളളില്‍ തന്നെ പ്രവാസി സംഘടനയായ കല കുവൈത്തിന്റെ പിന്തുണയോടെ ഹെല്‍പ്ഡെസ്ക് ആരംഭിച്ചു. ദുരന്തത്തില്‍ മരിച്ച പ്രവാസികേരളീയരുടെ ഭൗതികശരീരം 24 മണിക്കൂറിനകം നാട്ടിലെത്തിക്കാനായത് ഹെല്പ്ഡസ്ക് പ്രകവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണെന്ന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
ചികിത്സയിലുളളവര്‍ക്ക് സഹായമെത്തിക്കാനായതും നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചതും ഇവരുടെ പ്രവര്‍ത്തനങ്ങളാണ്. പരാതികളില്ലാതെ മനുഷ്യത്വത്തിന്റെ പ്രഖ്യാപനമായി ഇത് മാറി. ഇത് മാതൃകാപരമായതിനാലാണ് അഭിനന്ദനമര്‍ഹിക്കുന്നതെന്നും പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
ഹെല്പ്ഡെസ്കിന് നേതൃത്വം നല്കിയ നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ നടത്തിപ്പുചുമതലയുളള ആബ്സോഫ്റ്റ് ടെക്നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളേയും ചടങ്ങില്‍ ആദരിച്ചു. കുവൈത്ത് ഹെല്‍പ്പ് ഡെസ്ക് നോര്‍ക്കയോട് പ്രവാസികള്ക്കുളള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് സഹായകരമായെന്ന് ചടങ്ങില്‍ സംബന്ധിച്ച നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി പറഞ്ഞു.
ദുരന്തത്തില്‍ പരുക്കേറ്റവര്ക്കുളള സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായവും ഉടന്‍ ലഭ്യമാക്കാനാകുമെന്നും അജിത് കോളശ്ശേരി അറിയിച്ചു. നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. കല കുവൈത്ത് അംഗങ്ങള്‍ ഓണ്‍ലൈനായി സംബന്ധിച്ചു.