സ്കൂൾ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാൽ കടുത്ത നടപടിയെന്ന് യുഎഇ
Mail This Article
അബുദാബി ∙ സ്കൂൾ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും യുഎഇ. പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിലാണ് സ്വകാര്യതാ നിയമങ്ങൾ ലംഘിക്കുന്നതിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ നിയമവിദഗ്ധർ വ്യക്തമാക്കിയത്. അനുമതിയില്ലാതെ വിദ്യാർഥികളുടെ ഫോട്ടോ എടുക്കുകയും പങ്കിടുകയും ചെയ്യരുതെന്ന് കുട്ടികളെ ബോധവൽക്കരിക്കാൻ രക്ഷിതാക്കളോടും സ്കൂൾ അധികൃതരോടും ആവശ്യപ്പെട്ടു.
ചില സ്കൂളുകൾ വിദ്യാർഥികൾക്ക് പഠനസഹായത്തിനായി ടാബ്‌ലെറ്റുകളും ലാപ്‌ടോപ്പുകളും നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു. സിം കാർഡുകളുള്ള മൊബൈൽ ഫോണുകളും ടാബുകൾക്കും സ്കൂളിലേക്കു കൊണ്ടുവരുന്നതിനും വിലക്കുണ്ട്.
സൈബർ സുരക്ഷയും യുഎഇ നിയമങ്ങളും സംബന്ധിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കണം നൽകണം. നിയമലംഘകർക്ക് വൻതുക പിഴയ്ക്കു പുറമേ സാമൂഹിക സേവനം, തൊഴിലധിഷ്ഠിത പരിശീലനം ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി.