സ്വയംനിയന്ത്രിത വാഹനങ്ങളിലെ മിടുക്കനെ കണ്ടെത്താൻ ചാലഞ്ച്
Mail This Article
ദുബായ്∙ സ്വയംനിയന്ത്രിത വാഹനങ്ങളുടെ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്ന ദുബായ് വേൾഡ് ചാലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് പരിപാടിയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ഒക്ടോബർ 20 വരെ നീട്ടിയതായി ആർടിഎ അറിയിച്ചു. വിവിധ കമ്പനികൾ സഹകരിച്ചോ ഒറ്റയ്ക്കോ അപേക്ഷ സമർപ്പിക്കാം. ഏറ്റവും മികച്ച സ്വയം നിയന്ത്രിത വാഹന സംവിധാനം കണ്ടെത്തുന്നതിനാണ് മത്സരം. വിജയികൾക്ക് 30 ലക്ഷം ഡോളറാണ് സമ്മാനം.
ദുബായ് ഓട്ടോണമസ് ട്രാൻസ്പോർട്ട് സോൺ എന്ന പേരിൽ പുതിയ മത്സരക്രമത്തിന് ഈ സീസണിൽ തുടക്കമാകും. വിവിധ സ്വയംനിയന്ത്രിത ഗതാഗത സംവിധാനങ്ങളെ സംയോജിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡ്രൈവറില്ലാ വാഹനങ്ങളുടെ സാങ്കേതിക വിദ്യ കൈവശമുള്ള കമ്പനികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർക്ക് https://sdchallenge.awardsplatform.com/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഫൈനൽ മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടവരെ നവംബറിൽ പ്രഖ്യാപിക്കും. 2025 സെപ്റ്റംബറിൽ ദുബായിൽ നടക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ രാജ്യാന്തര സമ്മേളനത്തിൽ അന്തിമ വിജയിയെ പ്രഖ്യാപിക്കും. ലോകത്തുള്ള ഏതു കമ്പനിക്കും മത്സരത്തിന്റെ ഭാഗമാകാം.\