ADVERTISEMENT

ദോഹ ∙ സർക്കാർ ജീവനക്കാരുടെ ഓഫിസ് സമയത്തിൽ പുതിയ ക്രമീകരണങ്ങൾ വരുത്തുന്ന നിയമത്തിന് ഖത്തർ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ് നൽകിയും എന്നാൽ മുഴുവൻ ജീവനക്കാരും ഏഴു മണിക്കൂർ ജോലി ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുന്നതുമാണ് പുതിയ പരിഷ്‌ക്കാരം . പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അവശ്യഘട്ടങ്ങളിൽ വീടുകളിലിരുന്ന് ജോലിചെയ്യാനും, തൊഴിൽ സമയത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതുമായ സിവിൽ സർവീസ് ആൻഡ് ഗവ. ഡവലപ്മെന്‍റ് ബ്യൂറോയുടെ നിർദേശത്തിന് അംഗീകാരം നൽകിയത്. പുതിയ തൊഴിൽ സമയ നിർദേശങ്ങൾ സെപ്റ്റംബർ 29 മുതൽ നടപ്പിലാകും.

നിലവിൽ രാവിലെ ഏഴ് മുതൽ ആരംഭിക്കുന്ന സർക്കാർ ഓഫിസ്‌ സമയത്തിന് പകരം സർക്കാർ ജീവനക്കാർ രാവിലെ 6 : 30 നും 8: 30നുമിടയിൽ ജോലിയിൽ പ്രവേശിച്ചാൽ മതി. എന്നാൽ ദിവസം ഏഴു  മണിക്കൂർ ജോലി എന്ന സമയക്രമം പൂർത്തിയാക്കണം. ജോലി പ്രവേശിച്ചതുമുതൽ ഏഴു  മണിക്കൂർ ജോലി ചെയ്യണം. 

നിലവിലുള്ള രീതി അനുസരിച്ചു രാവിലെ 7 മുതൽ രണ്ട് മണിവരെയായിരുന്നു  സർക്കാർ  ഓഫിസുകളുടെ പ്രവർത്തി.സമയം. ഇനി ഈ സമയ ക്രമം ബാധകമല്ല. എന്നാൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലി ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല .അംഗവൈകല്യമുള്ളവർ മറ്റ് ആരോഗ്യപ്രശനമുള്ളവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് ജോലി സമയത്തിൽ രണ്ട് മണിക്കൂർ ഇളവ് നൽകാനും പുതിയ നിർദേശം അനുവദിക്കുണ്ട്.

പുതിയ നിയമമനുസരിച്ച് ഓരോ സർക്കാർ സ്ഥാപനങ്ങളിലെയും അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റിലെ 30 ശതമാനം വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. ഒരാൾക്ക് വർഷത്തിൽ ഒരാഴ്ച മാത്രമായിരിക്കും വർക്ക് ഫ്രം ഹോം നൽകുന്നത്. അതത് സ്ഥാപന മേലധികാരിയുടെ തീരുമാനപ്രകാരമാവും ഇത്. 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ള അമ്മമാർക്ക് വർഷത്തിൽ ഒരു മാസം വീട്ടിലിരുന്നും ജോലി ചെയ്യാം. എന്നാൽ ഷിഫ്റ്റ് സംവിധാനത്തിൽ ജോലി ചെയ്യുന്നവർക്കും, ജോലി സാഹചര്യങ്ങളും ആവശ്യകതകളും വ്യത്യസ്തമായവരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സർക്കാർ ജീവനക്കാർക്ക് അവരുടെ ജോലിയും കുടുംബങ്ങൾക്കൊപ്പമുള്ള ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ  സാധിക്കുന്നതോടൊപ്പം ജോലിക്കാരായ മാതാക്കൾ, ഭിന്നശേഷിക്കാർ തുടങ്ങിയ  ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കാനും പ്രാപ്തമാക്കുന്നതാണ് തീരുമാനം. മാനുഷികവും സാമൂഹികവുമായ വികസനത്തെ അടിസ്ഥാനമാക്കിയുള്ള ഖത്തർ നാഷണൽ വിഷൻ 2030ന്റെയും മൂന്നാം ദേശീയ വികസന സ്ട്രാറ്റജി 2024-2030 എന്നിവയുടെ ലക്ഷ്യത്തിൽ ഊന്നിനിന്നുമുള്ളതാണ്  സർക്കാർ ജീവനക്കാരുടെ തൊഴിൽ സമയത്തിലുള്ള ഈ ക്രമീകരണം.

English Summary:

Qatar: Cabinet Approves Proposal Regarding Flexible Working Hours, Remote Work System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com