സൗദിയിൽ ഹോട്ടലുകൾക്കും റസിഡന്‍ഷ്യല്‍ റിസോര്‍ട്ടുകള്‍ക്കുമുള്ള ലൈസന്‍സ് ഫീസ് ഒഴിവാക്കി; തൊഴിലവസരം കൂടും
Mail This Article
റിയാദ് ∙ സൗദിയില്‍ ഹോട്ടലുകള്‍ക്കും ഹോട്ടല്‍ അപാര്‍ട്ട്‌മെന്റുകള്‍ക്കും റസിഡന്‍ഷ്യല്‍ റിസോര്‍ട്ടുകള്‍ക്കുമുള്ള നഗരസഭാ ലൈസന്‍സ് ഫീസുകള്‍ ഒഴിവാക്കി. നിക്ഷേപകര്‍ക്ക് ആകര്‍ഷമായ നിക്ഷേപ അന്തരീക്ഷം പ്രദാനം ചെയ്യാനും ഹോട്ടല്‍, റിസോര്‍ട്ട് മേഖലയില്‍ മത്സരക്ഷമത വര്‍ധിപ്പിക്കാനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ചുവടുവെപ്പെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് പറഞ്ഞു.
ടൂറിസം മന്ത്രാലയവും മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയവും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിന്റെ ഫലമായാണ് ലൈസന്‍സ് ഫീസുകള്‍ ഉപേക്ഷിച്ചത്. നിക്ഷേപകരുടെ നടപടിക്രമങ്ങള്‍ സുഗമമാക്കാനും നിക്ഷേപകര്‍ക്കു മുന്നിലെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കാനും നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. ഇത് ടൂറിസം മേഖലയില്‍ പശ്ചാത്തല സൗകര്യ വികസനത്തിന് സഹായിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ടൂറിസം മന്ത്രാലയം തുടക്കം കുറിച്ച ടൂറിസം മേഖലാ ഇന്‍വെസ്റ്റ്‌മെന്റ് എനേബിളേഴ്‌സ് പ്രോഗ്രാമിന്റെ ഫലമായാണ് പുതിയ തീരുമാനം.
ടൂറിസം മേഖലാ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ആകര്‍ഷകമായ നിക്ഷേപ അന്തരീക്ഷം പ്രദാനം ചെയ്യാനും ടൂറിസം മേഖലയില്‍ മത്സരക്ഷമത ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമുള്ള നഗരസഭാ ലൈസന്‍സ് ഫീസ് ഒഴിവാക്കിയതെന്ന് മുൻസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ നഗരസഭാ ലൈസന്‍സിന് റൂം ഒന്നിന് 250 റിയാല്‍ തോതിലാണ് നഗരസഭാ ലൈസന്‍സ് ഫീസായി ഈടാക്കിയിരുന്നത്. നേരത്തെ സ്വകാര്യ മേഖലക്ക് അനുവദിച്ച ഒരുകൂട്ടം സര്‍ക്കാര്‍ ഫീസിളവുകളുടെ ഭാഗമായാണ് ഹോട്ടലുകള്‍ക്കുള്ള നഗരസഭാ ലൈസന്‍സ് ഫീസ് ഒഴിവാക്കിയത്. സ്വകാര്യ മേഖലക്കുള്ള വിവിധ സര്‍ക്കാര്‍ വകുപ്പ് ഫീസുകള്‍ 70 ശതമാനത്തിലേറെയാണ് കുറച്ചത്.
ടൂറിസം മേഖലാ വളര്‍ച്ചക്കും സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ അന്തരീക്ഷം പ്രദാനം ചെയ്യാനുമുള്ള ശ്രമങ്ങളുടെ ഭാഗമായും നഗരസഭാ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കാന്‍ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ തുടര്‍ച്ചയെന്നോണവുമാണ് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമുള്ള നഗരസഭാ ലൈസന്‍സ് ഫീസ് ഒഴിവാക്കുന്ന തീരുമാനം മുൻസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രി പ്രഖ്യാപിച്ചത്.
ഫീസ് ഒഴിവാക്കൽ ഇന്നലെ മുതല്‍ പ്രാബല്യത്തിൽ വന്നു. ബലദീ പ്ലാറ്റ്‌ഫോം വഴി ലൈസന്‍സുകള്‍ നേടിയും ലൈസന്‍സുകള്‍ പുതുക്കിയും ഇത് പ്രയോജനപ്പെടുത്തണമെന്ന് ടൂറിസം മന്ത്രാലയവും മുൻസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയവും ടൂറിസം മേഖലാ നിക്ഷേപകരോട് ആവശ്യപ്പെട്ടു. പുതിയ തീരുമാനം വിശദീകരിക്കാന്‍ ഹോട്ടല്‍, റിസോര്‍ട്ട് ഉടമകളെ പങ്കെടുപ്പിച്ച് ശില്‍പശാലകളും മീറ്റിങ്ങുകളും സംഘടിപ്പിക്കുമെന്ന് ഇരു മന്ത്രാലയങ്ങളും പറഞ്ഞു. ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ പുതിയ തീരുമാനം നിക്ഷേപകരെ പ്രോത്സാഹിപ്പിക്കും. ഇത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന ഉയര്‍ത്താനും സഹായിക്കും.