ADVERTISEMENT

അബുദാബി/ ഓക്സ്ഫഡ് ∙ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തവും കേരളത്തിലെ പ്രളയവും നേരിട്ടവരുടെ അനുഭവങ്ങൾ ഓക്സ്ഫഡിൽ പങ്കുവച്ച യുഎഇയിൽ നിന്നുള്ള മലയാളി വിദ്യാർഥിനികൾ ശ്രദ്ധേയരായി. ആലപ്പുഴയിൽ നിന്നുള്ള ഗായത്രി വിനോദും പാലക്കാട് സ്വദേശിനി ഉണ്ണിമായ മുരളീധരനും കോഴിക്കോട് നിന്നുള്ള എൽവിന എഡിസണുമാണ്  കേരളത്തിൽ കാലവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പരിഹാരമാർഗങ്ങൾ തേടി സഹവിദ്യാർഥിനികളായ നിശ്ചല ഡോഡൊമണി, തൃഷ ബാനെർജി, അധ്യാപിക ജിഷ അന്നോച്ചി എന്നിവരോടൊപ്പം ഓക്സ്ഫഡിലെത്തിയത്.

ഇവർക്ക് യൂണിവേഴ്സിറ്റിയിൽ  കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രത്യേക കോഴ്സ് പഠിക്കാനുള്ള അവസരം ലഭിച്ചു. കാർബൺഡൈ ഓക്സൈഡും അമോണിയയും നേരിട്ട് വളമാക്കി മാറ്റാനുള്ള 'ബയോഗ്രോ' എന്ന ഉൽപന്നം അവതരിപ്പിച്ചാണ് ദുബായിൽ ഹൈസ്‌കൂൾ വിദ്യാർഥിനികളായ മലയാളികൾ അടങ്ങുന്ന ടീമിന് ഓക്സ്ഫഡിൽ പ്രത്യേക കാലാവസ്ഥാ വ്യതിയാന കോഴ്‌സിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത്.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ സൈദ് ബിസിനസ് സ്കൂളിൽ നടന്ന രണ്ടാഴ്ചത്തെ 'ഫ്യൂച്ചർ ക്ലൈമറ്റ് ഇന്നോവേറ്റർസ് സമ്മർ സ്കൂളിൽ' മൂവരും പങ്കെടുത്തു. സൈദ് ബിസിനസ് സ്കൂളും യുഇയിലെ പ്രമുഖ ആരോഗ്യസേവനദാതാവായ ബുർജീൽ ഹോൾഡിങ്സും സംയുക്തമായി നടത്തുന്ന ക്ലൈമറ്റ് ചേഞ്ച് ചലഞ്ചിൽ അഞ്ചു പേരടങ്ങുന്ന ടീം മുന്നോട്ടുവച്ച നിർദേശങ്ങളാണ് ഇവർക്ക് ഓക്സ്ഫഡിലേയ്ക്ക് വഴിയൊരുക്കിയത്. 

കോഴ്സിൽ ലോകപ്രശസ്ത വിദഗ്ധരുടെ നേതൃത്വത്തിലുള്ള പ്രഭാഷണങ്ങൾ, ശില്പശാലകൾ, എന്നിവ വിദ്യാർഥികൾക്ക് ആഗോളതലത്തിലുള്ള കാലാവസ്ഥാ പ്രശ്നങ്ങളെക്കുറിച്ച് ഉൾക്കാഴ്ചകൾ നൽകി. കോഴ്സിന്റെ അവസാനം നടന്ന 'ഓക്സ്ഫഡ് ക്ലൈമറ്റ് ഇന്നൊവേഷൻ കോൺഫറൻസിൽ' ക്ലൈമറ്റ് ചേഞ്ച് ചലഞ്ചിൽ വിജയിച്ച മൂന്ന് ടീമുകളടക്കം കോഴ്സിൽ പങ്കെടുക്കുന്ന 32 പേർ കാലാവസ്ഥാ വ്യതിയാനം തടയാനുള്ള അവരുടെ പരിഹാരങ്ങൾ അവതരിപ്പിച്ചു.

 ∙ ബന്ധുക്കൾക്ക് വീട് നഷ്ടമായി; വായുമലിനീകരണം കാരണം സ്കൂളിൽ പോകാനായില്ല
കേരളവുമായി മികച്ച ബന്ധമുള്ള ഗായത്രിക്കും ഉണ്ണിമായയ്ക്കും എൽവിനയ്ക്കും കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ പ്രചോദനമായത് നാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളുടെ നേരനുഭവങ്ങൾ കൂടിയാണ്. 2018ലെ പ്രളയത്തിൽ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും നേരിട്ട ബുദ്ധിമുട്ടുകൾ, അടുത്തിടെ വയനാട്ടിൽ ഉണ്ടായ ദുരന്തം ഇവയെല്ലാം കാലവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള മുന്നറിയിപ്പാണെന്ന് ഇവർ പറയുന്നു. കേരളത്തിൽ ബന്ധുക്കൾക്ക് വീട് നഷ്ടമായതും വായുമലിനീകരണം കാരണം ഡൽഹിയിലെ സുഹൃത്തിന് സ്കൂളിൽ പോകാൻ കഴിയാതെ വന്നതുമെല്ലാം പ്രായോഗിക ആശയങ്ങൾ ആലോചിക്കാൻ പ്രേരിപ്പിച്ചതായി എൽവിനയും ഉണ്ണിമായയും പറഞ്ഞു. 

ദുബായിൽ നിന്നുള്ള വിദ്യാർഥിനികൾ ഓക്സ്ഫഡിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ദുബായിൽ നിന്നുള്ള വിദ്യാർഥിനികൾ ഓക്സ്ഫഡിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

തിയറിയും പ്രായോഗിക അനുഭവങ്ങളും സമന്വയിപ്പിച്ചുള്ള അധ്യാപന രീതിയാണ് ഓക്സ്ഫഡിൽ ഇവരെ ആകർഷിച്ചത്. വിദ്യാഭ്യാസത്തിനും വിനോദത്തിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് പാഠ്യപദ്ധതി. പ്രായോഗിക അനുഭവത്തിനായി സുസ്ഥിര മേഖലകളിലൂടെയുള്ള ഗൈഡഡ് ടൂറുകളും പദ്ധതിയുടെ ഭാഗമായുണ്ട്. ലോകത്തെങ്ങുമുള്ള സമാന ചിന്താഗതിക്കാരായ കാലാവസ്ഥാ പ്രേമികളെ കണ്ടുമുട്ടാൻ ഇതിലൂടെ സാധിച്ചതായി മലയാളി വിദ്യാർഥിനികൾ പറയുന്നു. സുസ്ഥിര  മോഡലുകൾ ഉപയോഗിക്കുന്ന വ്യവസായികളുമായി സംവദിക്കാനും അതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ ബിസിനസ്സുകളുടെ പങ്ക് മനസിലാക്കാനും സാധിച്ചു. ഡോണർ ഇക്കോണോമി, ജൈവവൈവിധ്യം, വായു മലിനീകരണം, കാലാവസ്ഥാ നീതി തുടങ്ങി ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്തു. 

 ∙ നൽകാനുള്ളത് മാറ്റത്തിനുള്ള ആഹ്വാനം
താരതമ്യേന പരിമിതമായ കാർബൺ ബഹിർഗമനം ഉണ്ടാക്കുന്ന പ്രാദേശിക ബിസിനസ്സുകളെ പിന്തുണയ്ക്കുക, സുസ്ഥിര രീതിയിൽ ഡിസൈൻ ചെയ്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുക, തുടങ്ങി ലളിതമായ മാറ്റങ്ങൾക്ക് ദൈനംദിന ജീവിതത്തിൽ എത്രമാത്രം മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന പാഠങ്ങൾ വളരെ ഗുണകരമാണെന്ന് വിദ്യാർഥികൾ പറയുന്നു: ഈ പ്രായത്തിൽ ഞങ്ങളെടുക്കുന്ന തീരുമാനങ്ങൾക്ക് ഭാവിയെ സ്വാധീനിക്കാൻ കഴിയും. കാലാവസ്ഥാ പ്രതിസന്ധിയെ പരിഹരിക്കുന്നതിനനുസൃതമായ കരിയർ പരിഗണിക്കുക, പ്രോജക്ടുകൾ ആരംഭിക്കുക തുടങ്ങിയവയിലൂടെ ഇത് സാധിക്കും.

 ∙ പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങുക, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുക
കേരളത്തിലും പുറത്തുമുള്ള മറ്റ് വിദ്യാർഥികളെ സുസ്ഥിര സമ്പ്രദായങ്ങൾ സ്വീകരിക്കാനും കാലാവസ്ഥാ പ്രതിസന്ധിക്കുള്ള പരിഹാരങ്ങളെക്കുറിച്ച് ക്രിയാത്മകമായി ചിന്തിക്കാനും പ്രചോദിപ്പിക്കുകയാണ് കോഴ്സ് നൽകിയ പുത്തൻ അറിവുകളിലൂടെ വിദ്യാർഥികൾ ലക്ഷ്യമിടുന്നത്. സഹ വിദ്യാർഥികൾക്കും യുവാക്കൾക്കും നൽകാനായി ഗായത്രിയും ഉണ്ണിമായയും എൽവിനയും മനസ്സിൽ കുറിച്ച സന്ദേശമിതാണ്: പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങാൻ ശ്രമിക്കുക, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുക, ആളുകളിൽ അവബോധം ഉണ്ടാക്കുക.

 ∙ ഓക്സ്ഫഡിൽ പഠിക്കാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും  അവസരം
ഓക്സ്ഫഡ് സൈദ് - ബുർജീൽ ഹോൾഡിങ്സ് ക്ലൈമറ്റ് ചേഞ്ച് ചലഞ്ചിന്റെ രണ്ടാം പതിപ്പിലേയ്ക്ക് ഹൈസ്‌കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇപ്പോൾ അപേക്ഷിക്കാം. 15 മുതൽ 18 വയസ്സ് വരെയുള്ള ഹൈസ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും അഞ്ച് പ്രധാന ആശയങ്ങളെ അടിസ്ഥാനപ്പെടുത്തി നൂതന ആശയങ്ങൾ സമർപ്പിക്കാം. ഫൈനലിസ്റ്റുകൾക്ക് അസർബൈജാനിൽ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ (കോപ് 29) പങ്കെടുക്കാനുള്ള  അവസരം ലഭിക്കും. വിജയികൾക്ക് 2025-ൽ ഓക്സഫഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാം. അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി ഈ മാസം 15.

English Summary:

Wayanad Disaster and Kerala Flood; Malayali Students Sharing their Experiences in Oxford

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com