അബുദാബി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനം നാളെ
Mail This Article
അബുദാബി ∙ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം നാളെ (ഞായർ) ആരംഭിക്കും. ഇരു രാജ്യങ്ങളുടെ പരസ്പര നേട്ടത്തിനായി പ്രധാന സാമ്പത്തിക മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ തേടുന്നതിനായി കിരീടാവകാശി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, യുഎഇയിലെ പ്രമുഖ സാമ്പത്തിക പങ്കാളികൾ എന്നിവരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും ഷെയ്ഖ് ഖാലിദിനെ അനുഗമിക്കും. യുഎഇയും ഇന്ത്യയും പങ്കിടുന്ന സാമ്പത്തിക സാംസ്കാരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. 2024 ഫെബ്രുവരിയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി അബുദാബിയിലെത്തിയിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ മോദി ഒട്ടേറെ കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ ഡിജിറ്റൽ റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് അടിസ്ഥാനമാക്കി യുഎഇയിൽ ജയ് വാൻ കാർഡും പുറത്തിറക്കി.