സിബിഎസ്ഇ മേഖലാ കേന്ദ്രം: സ്കൂളുകൾക്ക് നേരിട്ട് ആശ്രയിക്കാം
Mail This Article
ദുബായ് ∙ രാജ്യത്തെ സിബിഎസ്ഇ സ്കൂളുകൾക്ക് പിന്തുണ നൽകുന്നതിനായി പ്രഖ്യാപിച്ച സിബിഎസ്ഇ മേഖലാ ഓഫിസിന്റെ സെന്റർ ഓഫ് എക്സലൻസിന്റെ പ്രവർത്തനം ദുബായിൽ ആരംഭിച്ചു. ഭരണപരമായ കാര്യങ്ങളിലും പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പരിശീലനങ്ങളിലും സ്കൂളുകൾക്ക് നേരിട്ട് ആശ്രയിക്കാവുന്ന കേന്ദ്രമായി ഇത് പ്രവർത്തിക്കും. അധ്യാപകർക്ക് മെച്ചപ്പെട്ട പരിശീലനം നൽകുന്നതിനും ഇവിടെ സൗകര്യമുണ്ട്. മേഖലാ ഓഫിസിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയതുമായി ബന്ധപ്പെട്ട് ദുബായ് ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്നു സിബിഎസ്ഇ റീജനൽ ഓഫിസ് ആൻഡ് സെന്റർ ഓഫ് എക്സലൻസ് ദുബായിലെ സിബിഎസ്ഇ സ്കൂളുകൾക്കായി ആശയവിനിമയ, ബോധവൽക്കരണ പരിപാടി നടത്തി.
കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. ഓഫിസിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ സ്കൂളുകൾക്ക് നൽകുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽമാർ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റർമാർ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവർ പങ്കെടുത്തു. ദുബായിലെ 78 സിബിഎസ്ഇ സ്കൂളുകളുടെ പ്രതിനിധികളും എത്തി. രാജ്യത്തെ സിബിഎസ്ഇ സ്കൂളുകൾക്ക് വിദ്യാഭ്യാസ മേഖലയിലും പഠന സാമഗ്രികളുടെ കാര്യത്തിലും മേഖല ഓഫിസിനെ ആശ്രയിക്കാമെന്ന് സതീഷ്കുമാർ ശിവൻ പറഞ്ഞു.
സന്തുലിതവും സമഗ്രവും കാലത്തിന് അനുസരിച്ചുള്ളതുമായ വിദ്യാഭ്യാസ പരിപാടികൾ ആവിഷ്കരിക്കുന്നതിലും പങ്കുവയ്ക്കുന്നതിലും മേഖലാ ഓഫിസ് നിർണായക പങ്കുവഹിക്കും. സിബിഎസ്ഇ നൽകുന്ന പഠന സാമഗ്രികൾ നേരിട്ടു ലഭിക്കാൻ മേഖല ഓഫിസിന്റെ സാന്നിധ്യം സഹായകരമാകും. വിദ്യാഭ്യാസ മേഖലയിലെ മികവിന് കോൺസുലേറ്റും സിബിഎസ്ഇയും കൂടുതൽ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സെക്കൻഡറി, സീനിയർ സെക്കൻഡറി പരീക്ഷകളുടെ നടത്തിപ്പും മേൽനോട്ടവും ഇനി സിബിഎസ്ഇ മേഖലാ കേന്ദ്രത്തിനാണെന്നും ഡയറക്ടർ ഡോ. റാം ശങ്കർ പറഞ്ഞു. 25 വിദേശ രാജ്യങ്ങളിലെ 257 സ്കൂളുകളാണ് സിബിഎസ്ഇയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തെ സിബിഎസ്ഇ സ്കൂളുകൾക്കു പിന്തുണ നൽകുന്നതിനും മെച്ചപ്പെട്ട ആശയ വിനിമയം ഉറപ്പാക്കുന്നതിനും പ്രത്യേകം രൂപപ്പെടുത്തിയതാണ് സിബിഎസ്ഇ മികവിന്റെ കേന്ദ്രവും മേഖല ഓഫിസുമെന്നും അദ്ദേഹം പറഞ്ഞു.