ഷാർജ: ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തം നേരിടാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കും
Mail This Article
ഷാർജ ∙ ഷാർജ സിവിൽ ഡിഫൻസ് അടുത്ത വർഷം മുതൽ എമിറേറ്റിലെ ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തം നേരിടാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കും. 2025-ന്‍റെ ആദ്യ പാദത്തിൽ അഗ്നിശമന സമയം കുറയ്ക്കുന്നതിനും ദ്രുതഗതിയിൽ പ്രവർത്തനം നടത്തുന്നതിനുമായി പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കും. പരമ്പരാഗത അഗ്നിശമന രീതികളിൽ നിന്ന് വിപുലവും ക്രിയാത്മകവുമായ രീതികളിലേക്ക് മാറുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സിവിൽ ഡിഫൻസിലെ സാങ്കേതിക സംഘവും യുഎഇ ആസ്ഥാനമായുള്ള ഡ്രോൺ ഫസ്റ്റ് ബിൽഡിങ് സർവീസസും ചേർന്ന് ഡ്രോൺ പരീക്ഷണം നടത്തി. ഏകദേശം 40 നിലകൾക്ക് തുല്യമായ 150 മീറ്റർ ഉയരത്തിൽ വെറും 18 സെക്കൻഡിനുള്ളിൽ ഡ്രോൺ എത്തിയതായി ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രി. സാമി അൽ നഖ്ബി പറഞ്ഞു.
ഗ്രൗണ്ട് ടാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള, വാട്ടർ ഹോസ് വഴി വീണ്ടും നിറയ്ക്കുന്ന 5,000 ലിറ്റർ ശേഷിയുള്ള ഒരു ആന്തരിക ടാങ്കിൽ നിന്ന് 15 മീറ്റർ വരെ വെള്ളം സ്പ്രേ ചെയ്യാനുള്ള കഴിവ് ഈ ഉയരത്തിൽ ഡ്രോൺ തെളിയിച്ചു. താപ ഉറവിടവും തീവ്രതയും അതിന്‍റെ സാന്ദ്രതയും നിർണയിക്കാൻ ഡ്രോണിൽ ഒരു തെർമൽ ക്യാമറ സജ്ജീകരിക്കുമെന്ന് ബ്രി. അൽ നഖ്ബി വിശദീകരിച്ചു. പ്രത്യേകിച്ച് വലിയ പ്രദേശങ്ങളിൽ. ഇത് അഗ്നിശമന സംഘങ്ങൾക്ക് വേഗത്തിൽ തീ നിയന്ത്രിക്കാനുള്ള പ്രധാന തീരുമാനങ്ങൾ എടുക്കാൻ വഴിയൊരുക്കും.