വാഹന നിർമാണ രംഗത്ത് ചൈനീസ് സഹകരണം തേടി സൗദി
Mail This Article
റിയാദ്∙ ചൈനയിൽ നിന്ന് ഇറക്കുമതി നടത്തുന്ന ട്രക്കുകളടക്കമുള്ള വലിയ വാഹനങ്ങൾ സൗദിയിൽ നിർമിക്കുന്നതിനുള്ള സാധ്യതകൾ തേടി നിക്ഷേപ മന്ത്രാലയം. സൗദി വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദർ അൽ ഖോറായ്ഫ് ചൈനീസ് നഗരമായ ഗ്വാങ്ഷൂവിൽ ഇതു സംബന്ധിച്ച് ഫോട്ടൺ മോട്ടർ കമ്പനിയിലെ അധികൃതരുമായി ചർച്ച ചെയ്തു. വാഹന നിർമാണ മേഖലയിലെ സഹകരണം വർധിപ്പിക്കുക, രാജ്യത്ത് ബസുകൾ, ട്രക്കുകൾ, ചെറു വാഹനങ്ങൾ എന്നിവ കൂടുതലായി നിർമിക്കുക എന്നതാണ് ഇതിലൂടെ സൗദി ലക്ഷ്യമിടുന്നത്.
രാജ്യത്തിന്‍റെ വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന വിധത്തിൽ വാഹന നിർമാണ വ്യവസായത്തെ പ്രാദേശികവൽക്കരിക്കുന്നതിനാണ് ഈ നീക്കം. നിക്ഷേപ മന്ത്രാലയം, ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം, വ്യവസായ, മിനറൽ റിസോഴ്‌സ് സിസ്റ്റം എന്നിവയിലെ നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ, രാജ്യത്തെ വാഹന, ബസ് നിർമാണ മേഖലയിൽ ലഭ്യമായ നിക്ഷേപ സാധ്യതകൾ അവലോകന വിധേയമാക്കിയത്.
ഫോട്ടൺ മോട്ടർ ഉൾപ്പെടെയുള്ള രാജ്യാന്തര കമ്പനികളുമായുള്ള സഹകരണം വർധിപ്പിക്കുന്നതിലൂടെ വിദേശ നിക്ഷേപം വർധിപ്പിക്കാമെന്നും സൗദി പ്രതീക്ഷിക്കുന്നു. ഓട്ടോമോട്ടീവ് വ്യവസായത്തിലെ ആഗോള വൈദഗ്ധ്യത്തിൽ നിന്ന് പ്രയോജനം നേടാൻ മന്ത്രാലയം ആഗ്രഹിക്കുന്നുവെന്ന് മന്ത്രി അൽ ഖാരിഫ് പറഞ്ഞു.
സൗദി വിപണി ആകർഷകമാണ്. ദ്ദേശീയ തൊഴിലാളികളിലേക്ക് സാങ്കേതിക പരിജ്ഞാനം കൈമാറുന്നതിന് താൽപര്യമുണ്ടെന്നും ഫോട്ടൺ മോട്ടർ അധികൃതർ അറിയിച്ചു. 1996-ൽ ചൈനയിലെ ബീജിങ് ആസ്ഥാനമായി സ്ഥാപിതമായ ഫോട്ടോൺ മോട്ടോർസ്, ലൈറ്റ്, മീഡിയം, ഹെവി ട്രക്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ ലോകത്തെ മുൻനിര നിർമാതാക്കളിൽ ഒന്നാണ്.