യുഎഇയുടെ പ്രഥമ ആണവോർജ പദ്ധതിയായ ബറാക ന്യൂക്ലിയർ പ്ലാന്റിന്റെ അവസാന യൂണിറ്റും പ്രവർത്തനം തുടങ്ങി
Mail This Article
അബുദാബി ∙ യുഎഇയുടെ പ്രഥമ ആണവോർജ പദ്ധതിയായ ബറാക ന്യൂക്ലിയർ പ്ലാന്റിന്റെ നാലാമത്തേതും അവസാനത്തേതുമായ യൂണിറ്റ് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇതോടെ അടുത്ത 60 വർഷത്തേക്ക് യുഎഇയുടെ മൊത്തം ഊർജ ഉപഭോഗത്തിന്റെ 25% ആണവോർജത്തിന് സംഭാവന ചെയ്യാനാകുമെന്ന് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (എനെക്) അറിയിച്ചു.
കാർബൺ മലിനീകരണം പൂജ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലെ സുപ്രധാന ചുവടുവയ്പാണിതെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഭൂമിയെ സംരക്ഷിക്കാനുള്ള ആഗോള കൂട്ടിച്ചേർക്കലാണിതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
വർഷം 2.24 കോടി ടൺ കാർബൺ മലിനീകരണം ഇതുവഴി നീക്കാനാകും. ബറാകയുടെ ആദ്യ യൂണിറ്റ് 2020 ഫെബ്രുവരിയിലും രണ്ടാം യൂണിറ്റ് 2021 മാർച്ചിലും മൂന്നാം യൂണിറ്റ് 2022 സെപ്റ്റംബറിലും പ്രവർത്തനം ആരംഭിച്ചിരുന്നു. 4 യൂണിറ്റുകളും പൂർണതോതിൽ പ്രവർത്തന സജ്ജമായതോടെ പ്ലാന്റിന്റെ മൊത്തം ശേഷി 5.6 ജിഗാ വാട്സ് ആയി ഉയർന്നു. 2025ഓടെ അബുദാബിക്ക് ആവശ്യമായ വൈദ്യുതിയുടെ 85% പ്ലാന്റ് ഉൽപാദിപ്പിക്കും.