ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ പൗരന്മാരുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള നിർബന്ധിത ബയോമെട്രിക് മസ്റ്ററിങ് നിശ്ചിത സമയപരിധിക്കകം രേഖപ്പെടുത്താത്ത സ്വദേശികൾക്കും വിദേശികൾക്കും സർക്കാർ സേവനങ്ങൾ വിലക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റജിസ്റ്റർ ചെയ്യാത്ത 9.75 ലക്ഷം പേർ എത്രയും വേഗം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിങ് നടത്തണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അഭ്യർഥിച്ചു. നീട്ടി നൽകിയ സമയപരിധി തീരാറായിട്ടും റജിസ്റ്റർ ചെയ്യാത്തവർക്ക് എതിരെയാകും നടപടി.

ഈ മാസം 30നകവും വിദേശികൾ ഡിസംബർ 30നകവും റജിസ്റ്റർ ചെയ്യണമെന്നാണ് നിബന്ധന. ഇത് പാലിച്ചില്ലെങ്കിൽ സ്വദേശികൾക്ക് ഒക്ടോബർ മുതലും വിദേശികൾക്ക് ജനുവരി മുതലും സർക്കാർ സേവനങ്ങൾ വിലക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഐഡന്റിഫിക്കേഷൻ ഡിപാർട്ട്മെന്റ് മേധാവി ബ്രിഗേ. നയാഫ് അൽ മുതൈരി പറഞ്ഞു. റജിസ്റ്റർ ചെയ്യാത്ത സ്വദേശികളുടെ ബാങ്ക് ഇടപാടുകൾ നിയന്ത്രിക്കുന്നതും പരിഗണനയിലാണ്. ഇതുവരെ 26 ലക്ഷം പേരാണ് റജിസ്റ്റർ ചെയ്തത്.

ബയോമെട്രിക് എവിടെയെല്ലാം
ഹവല്ലി, ഫർവാനിയ, അഹ്മദി, മുബാറക് അൽ കബീർ, അൽജഹ്റ (സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും) എന്നീ ഗവർണറേറ്റുകളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിലും പഴ്സനൽ ഇൻവസ്റ്റിഗേറ്റിങ് ഡിപാർട്ട്മെന്റ്, അലിസബാഹ് അ‍ൽ സാലിം വിരലടയാള കേന്ദ്രം, അൽജഹ്റയിലെ പഴ്സനൽ ഐഡന്റിഫിക്കേഷൻ ഫിംഗർ പ്രിന്റിങ് കമ്പനി (വിദേശികൾക്കു മാത്രം), ദ് അവന്യൂ മാൾ, 360 മാൾ, അൽഖൂത് മാൾ, ദ് കാപിറ്റൽ മാൾ, ദ് മിനിസ്ട്രീസ് കോംപ്ലക്സസ് എന്നിവിടങ്ങളിൽ വിരലടയാളം രേഖപ്പെടുത്താം.

English Summary:

Kuwait Mandates Biometric Mustering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com