ഓൾ കേരള വിമൻസ് മസ്‌കത്ത് വാർഷികാഘോഷം 'അനോഖി' സെപ്റ്റംബർ 13ന്
Mail This Article
മസ്‌കത്ത് ∙ ഓൾ കേരള വിമൻസ് മസ്‌കത്ത് വാർഷികാഘോഷ പരിപാടി സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മുതൽ റൂവി അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ നടക്കും. 'അനോഖി' എന്ന പേരിൽ അവതരിപ്പിക്കുന്ന വാർഷികാഘോഷ പരിപാടിയിൽ ചലച്ചിത്ര താരം ശ്വേതാ മേനോൻ, ഐഷ നാദിർഷ എന്നിവരാണ് മുഖ്യാഥിതികൾ. കൂട്ടായ്മയിലെ അംഗങ്ങളുടെയും നാട്ടിൽ നിന്നും വരുന്ന കലാകാരന്മാരുടെയും പരിപാടികൾ അരങ്ങേറും.
തൃശൂർ ചാലക്കുടിയിലെ 'ബ്രോ ഹൗസ്' ബാൻഡിന്റെ ഡിജെ, ചെണ്ട വിത്ത് വാട്ടർ ഡ്രം ആയിരിക്കും പരിപാടിയുടെ മുഖ്യ ആകർഷണം. കൂടാതെ ആർ ജെ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ കലാകാരന്മാരുടെ ക്ലാസിക്കൽ നൃത്ത നാടകം, കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെങ്കിലും പാസ് ഉണ്ടായിരിക്കണം.
ഏഴു വർഷം മുൻപ് മസ്‌കത്തിലെ കുടുംബിനികളുടെ കൂട്ടായ്മയായി ആരംഭിച്ച ഓൾ കേരള വിമൻസ് മസ്‌കത്തിൽ 1,300ലേറെ അംഗങ്ങൾ ഉണ്ട്. ഭൂരിഭാഗവും കുടുംബിനികൾ അംഗമായുള്ള കൂട്ടായ്മ അംഗങ്ങളുടെ കലാ സാംസ്‌കാരിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളെ സ്വയം പര്യാപ്തരാക്കാൻ ഉതകുന്ന വിധത്തിലുള്ള സംരംഭക പ്രവർത്തനങ്ങളിലും സജീവമാണ്.
ഏഴു വർഷത്തിനുള്ളിൽ നിരവധി കലാ സാംസ്‌കാരിക പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കൂട്ടായ്മയിൽ അംഗമാകാൻ താത്പര്യമുള്ളവർക്ക് 'ആൾ കേരള വിമൻസ് മസ്‌കത്തിന്റെ' സാമൂഹിക മാധ്യമ പേജുകൾ വഴി കൂടുതൽ വിവരങ്ങൾ അറിയുവാനും അംഗമാകാനും സാധിക്കും. റഹൂഫിയ തൗഫീഖ്, അനൂജ ഫിറോസ്, അമൃത റെനീഷ്, നാദിയ ഷംസ്, സരിത ഷെറിൻ, സിയാന ഷജീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.