ADVERTISEMENT

ദുബായ് ∙ വെല്ലുവിളികൾ നിറഞ്ഞ മരുഭൂമിയുടെ പൊടിമണലിനു മേൽ ദൃഢനിശ്ചയത്തിന്റെ കോൺക്രീറ്റ് തൂണുകൾ നാട്ടി ദുബായ് മെട്രോ ഓടിത്തുടങ്ങിയപ്പോൾ കുതിച്ചുപാഞ്ഞത് പ്രവാസലോകത്തിന്റെ ചരിത്രംകൂടിയാണ്. മലയാളികൾ ഉൾപ്പെടെയുള്ളരുടെ സ്വപ്നങ്ങളെ പ്രതീക്ഷയുടെ പാളത്തിൽ ലക്ഷ്യത്തിലേക്കു നയിച്ച ദുബായ് മെട്രോ പിന്നിടുന്നത് 15 മധുര വർഷങ്ങൾ.

പൂഴിമണ്ണിൽ മെട്രോ തൂണുകൾ ഉറയ്ക്കില്ലെന്ന് വിധിയെഴുതിയവർക്കു മുന്നിലൂടെ തലങ്ങും വിലങ്ങും മെട്രോ പായുമ്പോൾ, യാത്രാസൗകര്യം കഥ മാറ്റിയെഴുതിയതാണ് ദുബായിക്കു പറയാനുള്ളത്. പൊതുഗതാഗതത്തിൽ ബസുകളും കാറുകളും മാത്രമായിരുന്നു, 15 വർഷം മുൻപത്തെ ദുബായിൽ. ഒരു സ്ഥലത്തു നിന്ന് മറ്റൊന്നിലേക്കുള്ള ദൂരം കിലോമീറ്ററിൽ അല്ല, സമയത്തിലായിരുന്നു അളന്നിരുന്നത്. 12വരിപ്പാപാതയിലും തിങ്ങിഞെരുങ്ങി നീങ്ങിയിരുന്ന വാഹനങ്ങളിൽ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നതിന്റെ ഓർമകൾ പലരുടെയും മനസ്സിലുണ്ടാകും. സമയത്ത് ഓഫിസിൽ പോകാൻ പാടുപെട്ടവർ, ദൂരെ മെച്ചപ്പെട്ട ജോലി ലഭിച്ചിട്ടും യാത്ര ചെയ്ത് എത്താൻ കഴിയാത്തതിന്റെ പേരിൽ അവസരം കളഞ്ഞവർ... അങ്ങനെ പതിയെ ഇഴഞ്ഞുനീങ്ങിയ ജീവിതങ്ങൾക്കു മുകളിലൂടെയാണ് അതിവേഗ മെട്രോ പാത ഉയർന്നത്. ഇന്ന് മെട്രോ സ്റ്റേഷനുകൾക്കു ചുറ്റിലുമായി ഉയർന്നത് എത്രയെത്ര സ്ഥാപനങ്ങളാണ്. അകലെയുള്ള ജോലിസ്ഥലത്തേക്കു പോകാൻ ദൂരമോ സമയമോ വഴിമുടക്കാത്ത നാളുകളാണ് ദുബായ് മെട്രോ സമ്മാനിച്ചത്.

rta-gears-up-to-celebrate-dubai-metro-anniversary1

മെട്രോ സ്റ്റേഷനുകൾക്കു സമീപം ഒരു വീടു സംഘടിപ്പിക്കുക എന്നതാണ് ഒരു ശരാശരി പ്രവാസിയുടെ മിനിമം സ്വപ്നം. എപ്പോൾ പൂർത്തിയാകുമെന്ന് ഉറപ്പില്ലാത്ത റോഡ് യാത്രയെ കൃത്യത കൊണ്ട് തോൽപിച്ചാണ് മെട്രോ വിപ്ലമായത്.

∙വിമാനമിറങ്ങി മെട്രോയിലേക്ക്
ദുബായ് വിമാനത്താവളത്തിലേക്കു പോകുന്നതിനും വരുന്നതിനും ഏറ്റവും സുരക്ഷിതമായ ഗതാഗത മാർഗമെന്ന നിലയിലേക്കു ദുബായ് മെട്രോ വളർന്നു. െടർമിനൽ ഒന്നിലെയും മൂന്നിലെയും ദുബായ് മെട്രോയുടെ മണിയടി ശബ്ദം ആയിരക്കണക്കിനാളുകളുടെ യാത്രാഭാരത്തെയാണ് ഇല്ലാതാക്കുന്നത്.

ദുബായ് മെട്രോ. ചിത്രം: ആർടിഎ.
ദുബായ് മെട്രോ. ചിത്രം: ആർടിഎ.

വിമാനത്താവളത്തിൽ വണ്ടി കാത്തുനിൽക്കേണ്ട, കൂട്ടിക്കൊണ്ടു വരാൻ ആരും വരേണ്ട, പാർക്കിങ്ങിനു പണം മുടക്കേണ്ട, ടാക്സിക്കു പണം നൽകേണ്ട – വിമാനം ഇറങ്ങി നേരെ മെട്രോയിലേക്കു നടക്കാം. അടുത്ത സ്റ്റേഷനിലേക്കാണെങ്കിൽ മിനിമം നിരക്കായ 3 ദിർഹത്തിനു യാത്ര ചെയ്യാം. ഇതേ ദൂരത്തിൽ ടാക്സിക്ക് 20 ദിർഹമാണ് കുറഞ്ഞ നിരക്ക് എന്നു കൂടി ഓർക്കുമ്പോഴാണ് യാത്രാസമയത്തിൽ മാത്രമല്ല, പോക്കറ്റിനും മെട്രോ ഗുണം മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് തിരിച്ചറിയാനാകുക. അവധിക്കാലത്തു വിനോദസഞ്ചാരത്തിനും മെട്രോ കൂട്ടായി.

∙നിരക്കിൽ ജനപ്രിയം;3 മുതൽ 7.5 വരെ
ഏറ്റവും കുറഞ്ഞത് 3 ദിർഹവും പരമാവധി 7.5 ദിർഹവുമാണ് മെട്രോയിലെ നിരക്ക്. സ്വന്തമായി വാഹനം ഉള്ളവർക്കു പോലും മെട്രോ ഉറപ്പുനൽകുന്ന കൃത്യനിഷ്ഠയും നിരക്കും സൗകര്യമായി മാറി. ഗതാഗതക്കുരുക്കിൽ കിടക്കുന്നതിന്റെ ഭാഗമായി നഷ്ടപ്പെടുന്ന സമയവും ഇന്ധനവും ലാഭിച്ച് തരുമെന്നതിനാൽ പലരും തൊട്ടടുത്ത മെട്രോ സ്റ്റേഷനിൽ സ്വന്തം വാഹനമിട്ട്, തുടർയാത്ര മെട്രോയിൽ ചെയ്യാൻ തുടങ്ങി.

∙ആയിരങ്ങൾ ഇപ്പോൾ ലക്ഷങ്ങൾ
പുറപ്പെടുന്ന സമയത്തിനും എത്തുന്ന സമയത്തിനും നിശ്ചയമുണ്ടായി. യാത്രയുടെ ചെലവിലും വലിയ കുറവുണ്ടായി. ബസിലും മെട്രോയിലും സമാനമാണ് ടിക്കറ്റ് നിരക്കെങ്കിലും ബസിന്റെ കാര്യത്തിൽ ലക്ഷ്യത്തിലെത്തുന്ന സമയം പ്രവചനങ്ങൾക്ക് അതീതമായി. 15 വർഷം മുൻപ് കേവലം ആയിരങ്ങൾ മാത്രമാണ് മെട്രോയെ യാത്രാമാർഗമായി ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് ഒരു ദിവസത്തെ ശരാശരി യാത്രക്കാരുടെ എണ്ണം 7 ലക്ഷത്തിലധികമാണ്. പുലർച്ചെ 5ന് ഓടിത്തുടങ്ങുന്ന മെട്രോ രാത്രി 12നു സർവീസ് അവസാനിപ്പിക്കും വരെ തിരക്കു തുടരും. 

English Summary:

Dubai Metro marks 15 years of success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com