ADVERTISEMENT

അജ്മാൻ ∙ നിരന്തരമായി ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി ഭീരുവിനെപ്പോലെ മഹാമൗനത്തിന്റെ മാളങ്ങളിൽ ഒളിച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂളിൽ ന‌ടക്കുന്ന വിദ്യാർഥിയുമായുള്ള മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് സ്വർണക്കടത്ത് ആരോപണമുണ്ടായി. അന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇതുപോലൊരു ഉപജാപക സംഘം പ്രവർത്തിച്ചു. അതിന്റെ നേതാവ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സീനിയർ  ഐഎഎസ് ഉദ്യോഗസ്ഥനാണ്. അയാൾ രണ്ട് കേസുകളിൽ ജയിലിൽ പോയി. ഒരു കേസിൽ 100 ദിവസം ജയിലിൽ കിടന്ന് തിരിച്ചുവന്ന് വിശ്രമിച്ച് വീണ്ടും പോയി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നേരിടുന്നതും ഇതേപോലുള്ള കാര്യങ്ങൾ തന്നെ. എട്ട് വർഷം കഴിഞ്ഞപ്പോൾ അതു കുറച്ചുകൂടുതലായി. സ്വർണക്കടത്ത് നടത്തുന്നവരിൽ നിന്ന് അത് അടിച്ചുമാറ്റുന്ന സ്വർണം പൊട്ടിക്കൽ വരെയെത്തി.  സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവു നശിപ്പിക്കലാണ് മറ്റൊന്ന്. ഇതിന്റെ ഭാഗമായി 2 കൊലപാതകങ്ങൾ നടന്നു. കൈക്കൂലി തുടങ്ങി നിരന്തര ആരോപണങ്ങൾ വേറെയും. മുഖ്യമന്ത്രിയാണെങ്കൽ ഇതിനെപ്പറ്റിയൊന്നും ഇതുവരെ മിണ്ടിയിട്ടില്ല.

മുഖ്യമന്ത്രി മുന്നിൽ വന്നിരുന്ന് മറുപടി പറയുന്നത് കേൾക്കാൻ കേരളത്തിലെ മാധ്യമപ്രവർത്തകർ ആഗ്രഹിക്കുന്നു. കേരളത്തിലെ ലോ ആൻഡ് ഓർഡർ അഡീഷനൽ ഡിജിപി എം.ആർ.അജിത്കുമാർ ഔദ്യോഗിക വാഹനം മാറ്റി സ്വകാര്യ വാഹനത്തില്‍ ആർഎസ്എസ് നേതാവിനെ കണ്ട് ഇടനിലക്കാരനോടൊപ്പം ഒരു മണിക്കൂർ സംസാരിക്കുന്നത് എന്ത് വ്യക്തിപരമാണെന്ന് വി.ഡി. സതീശൻ ചോദിച്ചു. അവർ തമ്മിൽ അതിർത്തിത്തർക്കമുണ്ടോ? പ്രകാശ് ജാവ്ദേക്കറെ കണ്ടു എന്നതിന്റെ പേരിൽ ജയരാജനെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുന്നു. ദത്തത്രെയാ ഹൊസബലയെ കാണാൻ വേണ്ടി ദൂതനെ വിട്ട മുഖ്യമന്ത്രി അതേ കസേരയിൽ ഇരിക്കുന്നു. ദൂതനായി പോയ എഡിജിപിക്കും സ്ഥാനചലനമില്ല. ഇത് ഇരട്ടത്താപ്പും ജയരാജനോട് കാണിച്ച അനീതിയുമാണ്. 

ഹേമ കമ്മിറ്റി റിപോർട്ടിലുള്ള കാര്യങ്ങളെക്കുറിച്ചും പ്രത്യേക  സംഘം അന്വേഷിക്കണമെന്നാണ് ആദ്യം മുതൽ പ്രതിപക്ഷ നിലപാട്. അതിലുണ്ടായിരുന്ന പെൻ ഡ്രൈവിനെക്കുറിച്ചും അന്വേഷിക്കണം. ഇതു തന്നെയാണ് ഹൈക്കോടതിയും ഉത്തരവിട്ടത്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. മുഖം നോക്കാതെയെടുത്ത സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷത്തിന്റേത്. ഇരകളോടൊപ്പമാണ് ഞങ്ങൾ. എന്നാൽ സർക്കാർ വേട്ടക്കാരോടൊപ്പവും. ഭരണകക്ഷിയിലെ എംഎൽഎ പത്ത് ദിവസമായി വന്ന് തലപ്പത്തിരിക്കുന്നയാളെ വെല്ലുവിളിക്കുന്നു. പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആരോപണം വന്നു എന്ന് പറഞ്ഞാൽ അത് തലപ്പത്തിരിക്കുന്നയാൾക്കെതിരെ തന്നെയാണ്. അത് അന്വേഷിച്ച് കണ്ടുപിടിച്ച് പരിഹരിച്ചില്ലെങ്കിൽ അദ്ദേഹത്തിന് കൂടി പങ്കുണ്ടെന്നാണ് അർഥം. മുഖ്യമന്ത്രിക്കെതിരെ തുടരെത്തുടരെ പരാതികൾ വരുന്നു. ഇത് തെറ്റാണെന്ന് ആർക്കും പറയാനാകുന്നില്ല. ഘടകക്ഷികൾ മുഴുവനും പറഞ്ഞിട്ടും അന്വേഷിക്കുന്നില്ല.

മുഖ്യമന്ത്രിയുടെ ഓഫിസിൽ പൊലീസിനെ നിയന്ത്രിക്കുന്ന ഒരു ഉപജാപകസംഘം പ്രവർത്തിക്കുന്നു. സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധബന്ധമുണ്ട്. പാർട്ടി ജീർണത നേരിടുന്നു. ഇതു മൂന്നും ശരിയായി. ഉപജാപക സംഘത്തിലെ കൂടുതൽ പേരുകൾ പുറത്തുവരും. കാഫിർ വിഭാഗം, ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുടങ്ങാൻ ഉദ്യോഗസ്ഥർക്ക് സന്ദേശം നൽകി, തൃശൂർപൂരം കലക്കൽ എന്നിവ സിപിഎമ്മിന്റെ കപടമതേരത്വത്തിന് തെളിവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary:

Constant allegations, CM hides in den of silence: V.D. Satheesan. He was speaking to the media when he came to participate in a face-to-face program with a student of Habitat School in Ajman.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com