സൗരോർജത്തിൽ പ്രവൃത്തിക്കുന്ന പാർക്കിങ് പേയ്‌മെന്റ് മെഷീനുകളും പാനലുകളും സ്ഥാപിച്ച് റിയാദ്
Mail This Article
റിയാദ് ∙ റിയാദ് പാർക്കിങ് പദ്ധതിയുടെ ട്രയൽ റൺ ഘട്ടം ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ 60-ലധികം സൗരോർജ്ജ പാർക്കിങ് പേയ്‌മെന്റ് മെഷീനുകളും പാനലുകളും സ്ഥാപിച്ചു. പൂർണ്ണമായും സൗരോർജം ഉപയോഗിച്ച് പ്രവൃത്തിക്കുന്നതാണു റിയാദ് മേഖല മുനിസിപ്പാലിറ്റി ആരംഭിച്ച പാർക്കിങ് സംവിധാനം.
സൗരോർജത്തിൽ പ്രവൃത്തിക്കുന്ന 60 പാർക്കിങ് പേയ്‌മെന്റ് മെഷീനുകൾക്ക് പുറമെ 180-ലധികം മാർഗനിർദേശ പാനലുകളും സ്ഥാപിച്ചിട്ടുണ്ട്. വാണിജ്യ സ്ഥലങ്ങളിൽ രണ്ടായിരവും താമസകെട്ടിടങ്ങൾക്കരികെ 17,000- ലധികവും പണമടച്ചും സൗജന്യമായും പാർക്ക് ചെയ്യുന്ന സംവിധനമാണ് പദ്ധതിയിൽ ഉള്ളത്.
പൊതുസ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനാണ് സ്മാർട്ട് സൊല്യൂഷൻ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്. ഈ സംവിധാനത്തിലൂടെ താമസക്കാർക്കും സന്ദർശകർക്കും തങ്ങളുടെ വാഹനങ്ങൾ പാർക് ചെയ്യുവാനും, പാർക്ക് ചെയ്ത സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും സഹായകമാകും.
പരീക്ഷണഘട്ടത്തിൽതന്നെ 'റിയാദ് പാർക്കിങ്' പ്രോജക്ട് വെബ്‌സൈറ്റ് അഞ്ച് ലക്ഷത്തിലധികം പേരാണ് സന്ദർശിച്ചത്. 7,000-ത്തിലധികം ഉപയോക്താക്കൾ മൊബൈൽ ആപ്പിൽ റജിസ്റ്റർ ചെയ്തിട്ടുമുണ്ട്. പാർക്കിങ്ങിനായുള്ള ആപ്പ് ഐഒഎസ്, ആൻഡ്രോയിഡ് സംവിധാനങ്ങളിൽ ലഭ്യമാണ്. ഒക്ടോബറിലാണ് ഔദ്യോഗികമായി പാർക്കിങ് സംവിധാനം ലോഞ്ച് ചെയ്യുക. അതോടെ മണിക്കൂർ അടിസ്ഥാനമാക്കി പാർക്കിങ് ഫീസ് ഈടാക്കിത്തുടങ്ങും. ഫീസ് അടക്കുന്നത് എളുപ്പമാക്കാൻ സുരക്ഷിതമായ ഡിജിറ്റൽ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.