ഡോനട്ടിന് രുചിയുടെ പുതിയ മേല്‍വിലാസം നല്കി ദുബായിലെ മലയാളി യുവതി
Mail This Article
ഡോനട്ടെന്ന് കേള്‍ക്കുമ്പോള്‍ ഉഴുന്നുവടയുടെ രൂപത്തിലുളള പരമ്പരാഗത ഡോനട്ടുകളാണോ മനസിലേക്ക് വരുന്നത്. എങ്കില്‍ അത്തരം ഡോട്ടുകളോട് ഗുഡ് ബൈ പറഞ്ഞോളൂ, രുചിയിലും രൂപത്തിലും വ്യത്യസ്തമായ 15 ല്‍ അധികം ഡോനട്ടുകള്‍ കിട്ടും, കരാമയിലെ 'ഓറ ബൈ ശ്രീ'യില്‍. ഡോനട്ടിന്റെ പുതുരുചിക്ക് പിന്നിലൊരു മലയാളി പെണ്‍കുട്ടിയാണ്. 23 കാരിയായ ശ്രീ പാർവ്വതി. ഒരിക്കല്‍ രുചിയറിഞ്ഞവർ വീണ്ടും വീണ്ടും അന്വേഷിച്ചെത്തുന്ന ഓറ ബൈ ശ്രീയുടെ നടത്തിപ്പിന് പിന്നിലും പത്തനംതിട്ട പന്തളം സ്വദേശിനിയായ ഈ യുവ സംരംഭക തന്നെ.
∙ ചില്ലറക്കാരനല്ല ഡോനട്ട്
കണ്ടാല്‍ ഉഴുന്നുവടയെപ്പോലിരിക്കുമെങ്കിലും രുചിയില്‍ ഉഴുന്നുവടയോട് യാതൊരുസാമ്യവുമില്ല, ഡോനട്ടിന്. മൈദയും മുട്ടയും പഞ്ചസാരയും ഒപ്പം വെണ്ണയും ഈസ്റ്റുമെല്ലാം പാകത്തിന് ചേർത്തുണ്ടാക്കുന്ന മധുരപലഹാരത്തിന് ഭക്ഷണപ്രിയരുടെ ഇടയില്‍ വലിയ സ്വീകാര്യതയുണ്ട്. 17-18 നൂറ്റാണ്ടുകളില്‍ ന്യൂയോർക്കിലെ കുടിയേറ്റക്കാരായ ഡച്ചുകാർ മാവുകുഴച്ച് എണ്ണയില്‍ വറുത്തെടുക്കുന്ന പലഹാരമുണ്ടാക്കുമായിരുന്നു. ഒരു പക്ഷെ ഇപ്പോഴത്തെ ഡോനട്ടിന്റെ മുതുമുത്തച്ഛനെന്ന് വിളിക്കാം അവരുണ്ടാക്കിയിരുന്ന ഈ 'ഒലികേക്സി'നെ. എഴുത്തുകാരനായ വാഷിങ് ടണ്‍ ഇർവിന്‍ 1809 ലെഴുതിയ 'എ ഹിസ്റ്ററി ഓഫ് ന്യൂയോർക്ക്' എന്ന പുസ്തകത്തില്‍ ഈ 'ഒലികേക്സി'നെ കുറിച്ച് പരാമർശിക്കുന്നുണ്ട്. എന്നാല്‍ മോതിര രൂപത്തിലുളള ഇന്നത്തെ ഡോനട്ട് 1847 ല്‍ തനിക്ക് 16 വയസ്സുളളപ്പോള്‍ ഉണ്ടാക്കിയതാണെന്നാണ് അമേരിക്കന്‍ നാവികനായ ഹാന്‍സന്‍ ഗ്രിഗറിയുടെ വാദം.
അമ്മ എലിസബത്ത് ഗ്രിഗറി വോൾനട്ടുകളും ഹെയ്സൽനട്ടുകളെല്ലാം ചേർത്ത് ഡോനട്ടുണ്ടാക്കിയെന്നും അദ്ദേഹം സമർഥിച്ചിരുന്നതായി ചരിത്രം പറയുന്നു. 1800-ൽ ബാരൺ തോമസ് ഡിംസ്‌ഡെയ്‌ലി എന്ന വ്യക്തിയുടെ ഭാര്യ എഴുതിയ രുചിപുസ്തകത്തില്‍ ഡോനട്ടിന്റെ പാചകകുറിപ്പുണ്ടായിരുന്നതായി 2013 ല്‍ കണ്ടെത്തിയിട്ടുണ്ട്. ഒന്നാം - രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികർക്ക് 'ഡോനട്ട് ലസീസ്' എന്ന മധുരപലഹാരം നല്‍കിയിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ ജൂണ്‍ മാസത്തിലെ ആദ്യ വെളളിയാഴ്ച ദേശീയ ഡോനട്ട് ഡേ ആയി ആഘോഷിക്കുന്നുവെന്നുളളതും കൗതുകം. 1950 കളിലാണ് 'ഡന്‍കിന്‍' ഡോനട്ടിന്റെ പിറവി. 20-21 നൂറ്റാണ്ടുകളോടെ വിവിധ രുചിഭേദങ്ങളില്‍ പല ഡോനട്ട് ഷോപ്പുകള്‍ തുറന്നു.
∙ വ്യത്യസ്ത രുചി പരീക്ഷിക്കാന്‍ ഡോനട്ട്
ബേക്കിങിനോട് കുഞ്ഞുനാള്‍ മുതലേ താല്‍പര്യമുണ്ടായിരുന്നു ശ്രീയ്ക്ക്. ബേക്കിങിനൊപ്പം തന്നെ വസ്ത്ര വ്യാപാരത്തിലും താല്‍പര്യമുണ്ടായിരുന്നുവെങ്കിലും ആദ്യ ചുവട് ബേക്കിങിലെന്ന് ഉറപ്പിച്ചു. വീടിനോട് അടുത്തുളള കടമുറി ഒഴിഞ്ഞു കിട്ടിയപ്പോള്‍ സ്വപ്നത്തിലേക്കുളള ആദ്യ ചുവടുവച്ചു. ന്യൂയോർക്കിലെ കള്നറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയിലാണ് ശ്രീപാർവ്വതി പഠിച്ചത്. പിന്നീട് ദുബായില്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ഷാർജയില്‍ നിന്ന് ഫിനാന്‍സും മാർക്കറ്റിങും പൂർത്തിയാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളളവർക്കൊപ്പം കള്നറി പഠിക്കാനായത് ഗുണമായി. പല പാചക രീതികളും ഭക്ഷണരുചികളും അവിടെ നിന്ന് പരീക്ഷിച്ച് പഠിച്ചു. ബേക്കിങിലാണ് താല്‍പര്യമെന്നതുകൊണ്ടുതന്നെ ബ്രെഡ് ആന്റ് ക്വാസന്‍ തുടങ്ങി വ്യത്യസ്ത ഇനങ്ങളില്‍ ബേക്കറിയെന്ന ആശയം ആദ്യം മനസിലേക്ക് വന്നിരുന്നു. എന്നാല്‍ പ്രായോഗികമായ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞതോടെ വ്യത്യസ്തമായ, അതേ സമയം ആകർഷകമായ മറ്റെന്തെങ്കിലും ചെയ്യാമെന്നുറച്ചു. അങ്ങനെയാണ് ഡോനട്ട് ബിസിനസിലേക്ക് കടന്നത്.
∙ കുട്ടികളുടെ പ്രിയ വിഭവം
ഏത് നാട്ടിലായാലും കുട്ടികളുടെ ഇഷ്ടമധുരപലഹാരമാണ് ഇന്ന് ഡോനട്ട്. വിപണി സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ഡോനട്ടിന് മാത്രമായി ഒരുകടയെന്ന ആശയത്തിലേക്ക് എത്തിയത്. ഇന്ന് യുവ തലമുറയുടെ ആവേശമാണ് കൊറിയന്‍ പോപ് ബാന്‍ഡുകള്‍. ഡാന്‍സിലും പാട്ടിലും മാത്രമല്ല എന്തിലും ഏതിലും കൊറിയന്‍ ടച്ച് തേടുന്ന യുവത്വത്തിന്റെ മനസറിഞ്ഞാണ് കൊറിയന്‍ മില്‍ക്ക് ഡോനട്ട് ഉണ്ടാക്കിയത്. വായില്‍ അലിഞ്ഞുപോകുന്ന മില്‍ക്ക് ക്രീം ചേർത്താണ് ഇതൊരുക്കുന്നത്.
സ്ട്രോബെറീസ് ആന്റ് ക്രീം, കുക്കീസ് ക്രീം, കുക്കീസ് ആൻഡ് ക്രീം, എന്നീ മൂന്ന് ഫ്ലേവറുകളിലാണ് കൊറിയന്‍ ഡോ നട്സ് ഒരുക്കുന്നത്. അത് കൂടാതെ വൈറ്റ് ചോക്ലേറ്റ്, പിസ്റ്റാഷ്യോ, റോസ് ക്രീം, റെഡ് വെല്‍വെറ്റ്, ക്രീം ചീസ്, ചോക്ലേറ്റ് ബട്ടർ സ്കോച്ച്, തുടങ്ങി 15 ല്‍ അധികം ഡോനട്ടുകളാണ് ഓറ ബൈ ശ്രീയില്‍ ലഭിക്കുന്നത്. ശ്രീ പാർവതി യെ കൂടെ നാലുപേരാണ് ഓറ ബൈ ശ്രീയിലുളളത്. ഡോനട്ട് ഇഷ്ടക്കാരുടെ ഇടയില്‍ ബബ്ലോണി ഡോനട്ട് എന്നറിയപ്പെടുന്ന പരമ്പരാഗത ഡോനട്ടിനെ കൈവിടാന്‍ ഇഷ്ടമല്ലാത്തവർക്കായി ന്യൂട്ടല്ല, കിന്‍ഡർ ബ്വെനോ, വനിലാ കസ്റ്റാഡ് രുചികളും ഇവിടെയുണ്ട്. കുട്ടികളെ കൈയ്യിലെടുക്കാന്‍ ടെഡി ബെയറിന്റെ രൂപത്തിലുളളതും പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാന്‍ ഡോനട്ടിന്റെ ഗിഫ്റ്റ് ബോക്സും ഇവിടെ ലഭിക്കും.
∙ ഭക്ഷണവൈവിധ്യങ്ങളുടെ ഒറ്റവാക്ക്, കരാമ
ഭക്ഷണ വൈവിധ്യങ്ങളുടെ സംഗമ നഗരമാണ് കരാമ. ഏത് ഭക്ഷണവും ലഭിക്കുന്ന ദുബായിലെ കരാമയില്‍ ഡോനട്ട്സിന് മാത്രമായൊരിടം എന്ന ചിന്തയാണ് ഓറ ബൈ ശ്രീയിലേക്ക് എത്തിയത്.ദുബായില്‍ വളർന്നതുകൊണ്ടുതന്നെ ഇവിടത്തെ ശീലങ്ങളും ഇഷ്ടങ്ങളും ശ്രീക്ക് മനഃപാഠം. പല തരത്തിലുളള ഡോനട്ടുകളുടെ രുചിയറിഞ്ഞിട്ടുളളതിനാല്‍ വ്യത്യസ്തമായ രുചിയെന്നുളളതായിരുന്നു ലക്ഷ്യം. മാർച്ച് മുതല്‍ മെയ് വരെ വിവിധ രുചിക്കൂട്ടുകള്‍ പരീക്ഷിച്ചു. മേയിലാണ് ഓറ ബൈ ശ്രീ തുടങ്ങുന്നത്. ഏത് രുചിയാണ് കൂടുതലിഷ്ടപ്പെടുന്നതെന്ന് അറിയാന്‍ സർവേ നടത്തി. കൂട്ടുകള്‍ മാറ്റി പരീക്ഷിച്ച് സംതൃപ്തി തോന്നിയ രുചിക്കൂട്ടുകളിലാണ് ഡോനട്ട്സ് ഒരുക്കുന്നത്. പുതിയ ട്രെന്‍ഡിനൊപ്പം പുതിയ രീതികള്‍ പരീക്ഷിക്കാറുണ്ട്.
സ്വന്തമായി ചെയ്യുകയെന്നുളളതായിരുന്നു തുടക്കം മുതല്‍ എടുത്ത തീരുമാനം. വ്യത്യസ്ത കൂട്ടുകള്‍ രുചിച്ചും മാറി മാറി പരീക്ഷിച്ചുമാണ് സ്വന്തമായി രുചിക്കൂട്ടുണ്ടാക്കിയെടുത്തത്. ഓറ ബൈ ശ്രീയില്‍ മാത്രം ലഭിക്കുന്ന രുചിയാകണം അതെന്നുളളതായിരുന്നു ലക്ഷ്യം. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും ഡോനട്ടിന്റെ രുചി തേടിയെത്തുന്നവരാണ് ബിസിനസിന്റെ വിജയക്കൂട്ട്. അതുകൊണ്ടുതന്നെ വില അധികമാകാതെ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ ഡോനട്ട് ഒരുക്കുകയെന്നുളളതായിരുന്നു വെല്ലുവിളി. ആ വെല്ലുവിളി സ്വയം ഏറ്റെടുത്തു, അതില്‍ വിജയിച്ചുവെന്നുളളതിന്റെ തെളിവാണ് ഓറ ബൈ ശ്രീയില്‍ നിന്ന് സംതൃപ്തിയോടെ ഇറങ്ങിപ്പോകുന്ന കസ്റ്റമേഴ്സ്.
∙ ലോകമറിയുന്ന ബ്രാന്‍ഡാകണമെന്നത് സ്വപ്നം
യുഎഇയിലെ ആരാമം ഹോട്ടല്‍ ശൃംഖലയുടെ സാരഥിയായ അച്ഛന്‍ സുനിലാണ് ശ്രീയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നത്. അമ്മ ലക്ഷ്മിയും സഹോദരന്മാരായ അർജുനും ഗോവിന്ദും ഒപ്പം സുഹൃത്തുക്കളും കട്ടയ്ക്ക് കൂടെയുണ്ട്. പുതിയ രുചിക്കൂട്ട് ആദ്യം നല്‍കുന്നതും ഇവർക്കാണ്. ദുബായ് ഇന്ത്യന്‍ സ്കൂളിലെ സഹപാഠി ഓറ ബൈ ശ്രീയെ കുറിച്ച് കേട്ടറിഞ്ഞ് ഇവിടെയെത്തിയപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി.
വസ്ത്ര വ്യാപാര വിപണി മോഹിപ്പിക്കുന്നുണ്ട്. നാളെ ആ ബിസിനസിലേക്ക് ഇറങ്ങിയേക്കാം. എങ്കിലും ഓറ ബൈ ശ്രീയെന്നത് ലോകമറിയുന്ന ബ്രാന്‍ഡായി വളരണമെന്നുളളതാണ് ഈ 23 കാരിയുടെ വലിയ സ്വപ്നം. പുതിയ രുചികള്‍ തേടിയുളള യാത്ര ഒട്ടും എളുപ്പമല്ലെന്ന് തിരിച്ചറിയുന്നുണ്ട്. പക്ഷെ സ്വപ്നം പിന്തുടർന്നുളള യാത്രയാണല്ലോ ജീവിതത്തില്‍ ഏറ്റവും മനോഹരം