ഇന്ത്യ- യുഎഇ ബിസിനസ് ഫോറത്തിൽ പങ്കെടുത്ത് അബുദാബി കിരീടാവകാശി
Mail This Article
മുംബൈ∙ ഉഭയകക്ഷി സാമ്പത്തിക വളർച്ച പരിപോഷിപ്പിക്കുന്നതിനുള്ള കരാറുകളുടെ കൈമാറ്റത്തിന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സാക്ഷിയായി. ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയവും യുഎഇ സാമ്പത്തിക മന്ത്രാലയവും സംയുക്തമായി നടത്തിയ ഇന്ത്യ-യുഎഇ ബിസിനസ് ഫോറത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഹിന്ദി ഭാഷ ഉപയോഗിക്കുന്നവർക്ക് നിർമിത ബുദ്ധിയുടെ സഹായത്തോടെ ആശയവിനിയമം എളുപ്പമാക്കുന്ന ഹിന്ദി ലാർജ് ലാംഗ്വേജ് മോഡൽ ഉടൻ അവതരിപ്പിക്കുമെന്ന് അബുദാബി ആസ്ഥാനമായ പ്രമുഖ സാങ്കേതിക വിദ്യാ സംരംഭമായ ജി 42 സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഇന്ത്യൻ ജൈവ ഉൽപന്നങ്ങൾ യുഎഇയിൽ ലഭ്യമാക്കുന്നതിന് റീടെയ്ൽ ശൃംഖലയായ ലുലു ഗ്രൂപ്പ്, ഇന്ത്യൻ അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് എക്‌സ്‌പോർട് ഡവലപ്‌മെന്റ് അതോറിറ്റിയുമായി കരാറിൽ ഒപ്പിട്ടു.
യുഎഇയും ഇന്ത്യയും തമ്മിലുള്ള വെർച്വൽ വ്യാപാര ഇടനാഴിയുടെ വികസനത്തിന് എഡി പോർട്സ് ഗ്രൂപ്പും ഇന്ത്യൻ തുറമുഖ, കപ്പൽ ഗതാഗത മന്ത്രാലയവും ധാരണയായി. ഖനന മേഖലയിൽ സഹകരിക്കുന്നതിന് യുഎഇ ആസ്ഥാനമായുള്ള ഇന്റർനാഷനൽ റിസോഴ്‌സ് ഹോൾഡിങ് ആർഎസ്‌സി ലിമിറ്റഡും ഓയിൽ ഇന്ത്യ ലിമിറ്റഡും തീരുമാനിച്ചു.
യുഎഇ രാജ്യാന്തര വിമാനത്താവളങ്ങളിൽ എയർക്രാഫ്റ്റ് ലൈൻ മെയ്ന്റനൻസ് സേവനങ്ങൾക്ക് എയർ ഇന്ത്യ, ആകാശ എയർ എന്നിവയുമായി യുഎഇ ആസ്ഥാനമായുള്ള ഗ്ലോബൽ ജെറ്റ് ടെക്‌നിക്കും കരാറിൽ ഒപ്പുവച്ചു.