അറിവും കരുത്തും കരുതലും ജനാധിപത്യബോധവും വേണം; അപരന്റെ ശബ്ദമാകണം: വി.ഡി.സതീശൻ
Mail This Article
അജ്മാൻ ∙ ആരാണ് നേതാവ്? ചോദ്യം പ്രതിപക്ഷ നേതാവിനോടായിരുന്നു. ഉള്ളിൽ രാഷ്ട്രീയ ബോധമുള്ള ആർക്കും നേതാവാകാം – ഒട്ടും ആലോചിക്കാതെ വി. ഡി. സതീശൻ ഉത്തരം പറഞ്ഞു. അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ കൗമാരക്കാരുടെ ചോദ്യങ്ങളെ േനരിട്ടും ജീവിതപാഠങ്ങൾ പങ്കുവച്ചും വി.ഡി. സതീശൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം കുട്ടികളുമായി സുസ്ഥിരതാ സംവാദത്തിൽ ഏർപ്പെട്ടു. എല്ലാ രാഷ്ട്രീയക്കാരും നേതാക്കളല്ല, രാഷ്ട്രീയ പാർട്ടിയിൽ ചേർന്നാൽ നേതാവാകില്ല. അതിന് ഉള്ളിൽ ജനാധിപത്യ ബോധം വേണം, രാഷ്ട്രീയ ചിന്ത വേണം, മറ്റുള്ളവരോടുള്ള കരുതൽ വേണം, പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കരുത്ത് വേണം, പുതിയ ആശയങ്ങൾ വേണം, മുന്നിൽ നിൽക്കാനുള്ള ധൈര്യം വേണം, പ്രതിസന്ധികളിൽ മറ്റുള്ളവർക്ക് താങ്ങാകണം, അപരന്റെ ശബ്ദം കേൾക്കാനുള്ള മനസ്സുണ്ടാകണം. അങ്ങനെയുള്ളവരാണ് നേതാക്കൾ. അവർ വിദ്യാർഥികളാകാം, ഡോക്ടർമാരാകാം, എൻജിനീയർമാരാകാം, അധ്യാപകരാകാം, രാഷ്ട്രീയക്കാരാകാം. ഏതു തൊഴിലിലും ഏതു മേഖലയിലും നിങ്ങൾക്ക് നല്ല നേതാക്കളാകാം.
നേതാക്കളാവുക എന്നതു ദൈവ നിയോഗമായാണ് കാണുന്നത്. അതിനൊരു ദൈവീകതയുണ്ട്. ആരെയും നിശബ്ദരാക്കാനോ അടിച്ചമർത്താനോ അല്ല, അപരന്റെ ശബ്ദമാകാനാണ് നിങ്ങളെ നേതൃത്വത്തിലേക്കു വിളിച്ചിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. ഏതെങ്കിലും ഉൽപന്നങ്ങൾ നിർമിക്കുന്ന ഫാക്ടറികളല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ. നല്ല പൗരന്മാരെ വാർത്തെടുക്കുന്ന വിജ്ഞാന കേന്ദ്രങ്ങളാണ്. വിജ്ഞാന വിസ്ഫോടനത്തിന്റെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അറിവ് നമ്മുടെ വിരൽത്തുമ്പിലുണ്ട്. ആരുടെയെങ്കിലും ചിന്തകളെ അപ്പാടെ പകർത്താനല്ല, സ്വയം ചിന്തിക്കാനും അറിവിനു പുതിയ മാനം നൽകാനും നമുക്ക് കഴിയണം. അതിനു വായന നല്ലൊരു മാർഗമാണ്. എല്ലാ അറിവുകളും മുന്നിലുള്ളപ്പോഴും അതിനെ വായിച്ചറിഞ്ഞ് പ്രയോഗിക്കുന്നതാണ് മികച്ച പൗരന്റെ ലക്ഷണം. അത്തരം പൗരന്മാരെ സൃഷ്ടിച്ചെടുക്കലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന്റെ ഇടപെടലുകളാൽ തകിടം മറിക്കപ്പെട്ട ആന്ത്രോപൊജനിക്ക് കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്റെ കുട്ടിക്കാലത്ത് സുനാമിയെന്നോ മേഘവിസ്ഫോടനമെന്നോ, അതിതീവ്ര മഴയെന്നോ കേട്ടിട്ടില്ല. ശുദ്ധവായുവിനും വെള്ളത്തിനും അലയേണ്ടി വരുന്ന ഒരു കാലം എന്റെ ആയുസിൽ അനുഭവിക്കേണ്ടി വരുമെന്നും ചിന്തിച്ചതല്ല. എത്ര പെട്ടെന്നാണ് എല്ലാ മാറുന്നത്.
ഇന്ന് ഒരു വികസന പദ്ധതിയെക്കുറിച്ചു ചിന്തിക്കുമ്പോൾ അതിന്റെ പരിസ്ഥിതി ആഘാതവും കാലാവസ്ഥാ വ്യതിയാനവും കണക്കിലെടുക്കാതെ മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയാണ്. ശാസ്ത്രം മാറി, പഠന രീതികൾ മാറി. ഒരു എൻജിനീയറിങ് വിദ്യാർഥി പഠനം പൂർത്തിയാക്കി പുറത്ത് ഇറങ്ങുമ്പോഴേക്കും അവർ പഠിച്ചതൊക്കെ കാലഹരണപ്പെട്ട അറിവുകളായി കഴിയും. യുവാൽ നോവാ ഹരാരി അദ്ദേഹത്തിന്റെ ഹോമോസാപ്പിയൻ എന്നു പുസ്തകത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലെ ആയുർദൈർഘ്യത്തെക്കുറിച്ചു പറയുന്നത് 35 – 40 വയസ് എന്നാണ്. അദ്ദേഹം തന്നെ എഴുതിയ ഹോമോ ഡിയൂസ് എന്ന പുസ്തകത്തിൽ പ്രവചിക്കുന്നത് അടുത്ത നൂറ്റാണ്ടിലെ ആയുർദൈർഘ്യം 160 – 180 വയസ് ആയിരിക്കുമെന്നാണ്. അസുഖങ്ങളെയും പ്രായത്തെയും മനുഷ്യൻ പിടിച്ചുകെട്ടും. രോഗം കീഴടക്കുന്ന അവയവങ്ങൾക്കു പകരം കൃത്രിമമായത് വരും. വിജ്ഞാന വിസ്ഫോടനം മനുഷ്യന്റെ പുരോഗതിക്കാകണം എന്ന നിർബന്ധം ഈ അവസരത്തിലാണ് ഉണ്ടാവേണ്ടത്. കാലാവസ്ഥ വ്യതിയാനം ഇന്ന് അംഗീകരിച്ച സത്യമാണ്. ഇനി അതിനെ ചെറുക്കാനാകില്ലെങ്കിലും ആഘാതങ്ങൾ കുറയ്ക്കാൻ നമുക്ക് കഴിയും.
കൃത്യമായ മുന്നറിയിപ്പു സംവിധാനങ്ങളെ രൂപപ്പെടുത്താൻ ശാസ്ത്രത്തിന്റെ അറിവും പരമ്പരാഗത അറിവും സമന്വയിപ്പിച്ചെടുക്കണമെന്നും കുട്ടികളുടെ വിവിധ ചോദ്യങ്ങൾക്കു മറുപടിയായി സതീശൻ പറഞ്ഞു. 11, 12 ക്ലാസുകളിൽ പഠിക്കുന്ന നൂറോളം കുട്ടികളാണ് പ്രതിപക്ഷ നേതാവുമായി ആശയ സംവാദം നടത്തിയത്. റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ, ഗ്രാൻഡ് ഗ്രീൻ ഗ്ലോബൽ മേധാവി റാഷിദ് മമ്മുഹാജി, ഹാബിറ്റാറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷംസു സമാൻ, പ്രിൻസിപ്പൽ ബാല റെഡ്ഡി അമ്പാട്ടി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് നാളെ കേരളത്തിൽ മടങ്ങിയെത്തും.